തുറമുഖങ്ങളിൽ നിന്ന് ഒരാഴ്ച്ചക്കുള്ളിൽ റിപ്പോർട്ട് ചെയ്തത് 1,509 കള്ളക്കടത്ത് കേസുകൾ
text_fieldsപിടിച്ചെടുത്ത മയക്ക്മരുന്ന് പരിശോധിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥൻ
ജിദ്ദ: സൗദിയിലെ വിവിധ ഭാഗങ്ങളിലുള്ള കര, കടൽ, വ്യോമ കസ്റ്റംസ് തുറമുഖങ്ങളിൽ നിന്ന് ഒരാഴ്ച്ചക്കിടയിൽ 1,509 കള്ളക്കടത്ത് കേസുകൾ റിപ്പോർട്ട് ചെയ്തതായി ജനറൽ അതോറിറ്റി ഓഫ് സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് വെളിപ്പെടുത്തി. വിവിധ കസ്റ്റംസ് കേന്ദ്രങ്ങളിൽ നിന്ന് പിടിച്ചെടുത്ത ഇനങ്ങളിൽ ഹാഷിഷ്, കൊക്കെയ്ൻ, ഹെറോയിൻ, കാപ്റ്റഗൺ ഗുളികകൾ തുടങ്ങിയ 105 തരം മയക്കുമരുന്നുകളും മറ്റ് 793 നിരോധിത വസ്തുക്കളും ഉൾപ്പെടുന്നതായി അതോറിറ്റി അറിയിച്ചു. കസ്റ്റംസ് ചെക്ക് പോസ്റ്റുകളിൽ നിന്ന് നിയമലംഘനങ്ങൾ നടത്തി കടത്താൻ ശ്രമിച്ച പുകയില, പുകയില ഉൽപ്പന്നങ്ങളുടെ 2,689 പാക്കറ്റുകൾ, 30 കറൻസി ഇനങ്ങൾ, ആറ് തരം ആയുധ ങ്ങളും അനുബന്ധ ഉപകരണങ്ങളും പരിശോധനകളിൽ പിടിച്ചെടുത്തതായി അതോറിറ്റി പറഞ്ഞു. രാജ്യത്തെ കസ്റ്റംസ് തുറമുഖങ്ങളിൽ വിവിധ സർക്കാർ വകുപ്പുകളുടെ സംയുക്തമായ സഹകരണത്തോടെയാണ് ഇത്രയും കള്ളക്കടത്ത് കേസുകൾ പിടികൂടിയത്.
സമൂഹത്തെ സംരക്ഷിക്കുന്നതിനായി ഇറക്കുമതിയിലും കയറ്റുമതിയിലും കർശനമായ കസ്റ്റംസ് നിരീക്ഷണത്തിനുള്ള പ്രതിബദ്ധത അതോറിറ്റി ഊന്നിപ്പറഞ്ഞു സൗദിയിലേക്കുള്ള കര, ജല അതിർത്തികളിലും വിമാനത്താവളങ്ങളിലും ശക്തമായ പരിശോധനകളാണ് നടന്നുവരുന്നത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങൾ ശ്രദ്ധയിൽപ്പെടുകയോ കുറ്റവാളികളെ കണ്ടെത്തുകയോ ചെയ്‌താൽ ആ വിവരം രാജ്യത്തെ ഏതെങ്കിലും സുരക്ഷാ വിഭാഗത്തെയോ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോ ട്ടിക് കൺട്രോൾ അധികൃതരെയോ അറിയിക്കണമെന്ന് രാജ്യത്തെ പൗരന്മാരോടും താമസക്കാരോടും ബന്ധപ്പെട്ടവർ ആവർത്തിച്ച് അഭ്യർഥിച്ചു.
ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളിന്റെ 1910 നമ്പറിൽ വിളിച്ചു പറയുകയോ 1910@zatca.gov.sa എന്ന ഇമെയിൽ വിലാസത്തിലോ കള്ളക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ റിപ്പോർട്ട് ചെയ്യാമെന്നും അധികൃതർ അറിയിച്ചു. റിപ്പോർട്ട് ചെയ്യുന്ന വിവരങ്ങൾ കർശനമായ രഹസ്യസ്വഭാവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും സൂചന കൃത്യമാണെന്ന് തെളിഞ്ഞാൽ വിവരം നൽകുന്നവർക്ക് പാരിദോഷികത്തിന് അർഹതയുണ്ടെന്നും അധികൃതർ അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

