ജിദ്ദയിൽ 1.5 കോടി ചതുരശ്ര മീറ്റർ സ്ഥലം കൈയേറ്റക്കാരിൽനിന്ന് തിരിച്ചുപിടിച്ചു
text_fieldsജിദ്ദ: ജിദ്ദ മുനിസിപ്പാലിറ്റിയുടെ ഭാഗമായ ദഹ്ബാൻ ബ്രാഞ്ച് പരിധിയിൽ വൻതോതിൽ സർക്കാർ ഭൂമി തിരിച്ചുപിടിച്ചു. 120 അനധികൃത നിർമിതികൾ നീക്കം ചെയ്തതിലൂടെ 15,233,220 ചതുരശ്ര മീറ്റർ സർക്കാർ ഭൂമിയാണ് മുനിസിപ്പാലിറ്റി വിജയകരമായി വീണ്ടെടുത്തത്. പൊതുമുതൽ കൈയേറ്റം തടയുന്നതിനും നഗരത്തിലെ മോശം കാഴ്ചപ്പാടുകൾ പരിഹരിക്കുന്നതിനും സൗന്ദര്യവത്കരണം വർധിപ്പിക്കുന്നതിനുമുള്ള മുനിസിപ്പാലിറ്റിയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.
ദഹ്ബാൻ ബ്രാഞ്ച് മുനിസിപ്പാലിറ്റി മേധാവി എൻജിനീയർ അബ്ദുല്ല അൽമുബാറകി അറിയിച്ചതനുസരിച്ച്, സ്റ്റേറ്റ് പ്രോപ്പർട്ടി മോണിറ്ററിങ് ആൻഡ് എൻക്രോച്ച്‌മെന്റ് റിമൂവൽ കമ്മിറ്റിയുമായി സഹകരിച്ച് പരിശോധന ടീമുകൾ ഈ ആഴ്ച മൂന്നു ദിവസത്തെ പ്രത്യേക കാമ്പയിൻ നടത്തിയിരുന്നു. ദഹ്ബാന്റെ കിഴക്കൻ ഭാഗങ്ങളിലായിരുന്നു 120 അനധികൃത നിർമിതികൾ നീക്കം ചെയ്തത്.
ജീവനക്കാരെയും ഉപകരണങ്ങളെയും ഉപയോഗിച്ച് നടത്തിയ ഈ ഓപറേഷൻ, സർക്കാർ ഭൂമി തിരിച്ചുപിടിക്കുന്നതിനും നഗരത്തിന് ഭീഷണിയായ കാഴ്ചകൾ ഇല്ലാതാക്കുന്നതിനും കാരണമായി.പൊതുമുതൽ സംരക്ഷിക്കുന്നതിനും അനധികൃത പ്രവർത്തനങ്ങൾ തടയുന്നതിനും നഗരത്തിന്റെ പരിസ്ഥിതി കാഴ്ചപ്പാട് മെച്ചപ്പെടുത്തുന്നതിനും മുനിസിപ്പൽ മേൽനോട്ടം ശക്തമാക്കുമെന്നും അതുവഴി താമസക്കാർക്കും സന്ദർശകർക്കുമുള്ള ജീവിത നിലവാരം ഉയർത്തുമെന്നും ജിദ്ദ മുനിസിപ്പാലിറ്റി ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

