സൗദിയിൽ ഒരാഴ്ചക്കിടെ 1,455 നിരോധിത വസ്തുക്കൾ പിടികൂടി; സുരക്ഷ ശക്തമാക്കി കസ്റ്റംസ്
text_fieldsയാംബു: രാജ്യത്തെ വിവിധ കസ്റ്റംസ് തുറമുഖങ്ങളിൽ ഒരാഴ്ചക്കിടെ നടത്തിയ കർശന പരിശോധനയിൽ 1,455 നിരോധിത വസ്തുക്കൾ പിടികൂടിയതായി സൗദി സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി അറിയിച്ചു. കര, നാവിക, വ്യോമ അതിർത്തികൾ വഴി നടന്ന പഴുതടച്ചുള്ള പരിശോധനകളിലാണ് നിയമവിരുദ്ധമായ ഈ കടത്തുകൾ പിടികൂടിയത്. രാജ്യത്തെ സുരക്ഷ വർധിപ്പിക്കുന്നതിനും ലഹരിവസ്തുക്കളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.
ഹാഷിഷ്, കൊക്കെയ്ൻ, ഹെറോയിൻ, മെത്താംഫെറ്റാമൈൻ, കാപ്റ്റഗൺ ഗുളികകൾ തുടങ്ങി 46 ഇനം മയക്കുമരുന്നുകളും ആയുധങ്ങളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് മൊത്തം 536, 558 നിരോധിത വസ്തുക്കൾ കണ്ടെടുത്തതായാണ് അതോറിറ്റി വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയത്. ഇതിന് പുറമെ വിവിധ രീതിയിലുള്ള 2,532 പുകയില ഉൽപ്പന്ന പാക്കറ്റുകളും കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്.
പണം, മൂന്ന് തരം ആയുധങ്ങൾ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവ ഉൾപ്പെട്ട 28 കേസുകളും ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തി. ഇറക്കുമതിയിലും കയറ്റുമതിയിലും കർശനമായ നിരീക്ഷണം തുടരുമെന്ന് അറിയിച്ച അതോറിറ്റി, പൗരന്മാരും താമസക്കാരും ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അഭ്യർഥിച്ചു. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളിന്റെ 1910 എന്ന നമ്പറിലോ, 1910@zatca.gov.sa എന്ന ഇമെയിൽ വിലാസത്തിലോ വിവരം അറിയിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

