സൗദിയിലൊരുങ്ങുന്നത് 14 സ്റ്റേഡിയങ്ങൾ
text_fieldsറിയാദിൽ വരുന്ന അമീർ മുഹമ്മദ് ബിൻ സൽമാൻ സ്റ്റേഡിയം മാതൃക
ജിദ്ദ: സൗദി അറേബ്യ 2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ തയാറെടുക്കുമ്പോൾ രാജ്യത്ത് ഫിഫ മാനദണ്ഡങ്ങൾ അനുസരിച്ച് കുറഞ്ഞത് 14 സ്റ്റേഡിയങ്ങളെങ്കിലും ആവശ്യമാണ്. ഇവയുടെ നിർമാണം രാജ്യത്തിന്റെ നിർമാണ, അടിസ്ഥാന സൗകര്യ വ്യവസായത്തിന് ഉത്തേജനം നൽകുകയും കോടിക്കണക്കിന് ഡോളർ നിക്ഷേപിച്ചുള്ള ഒരു വലിയ വികസന തരംഗത്തിന് രാജ്യം സാക്ഷ്യം വഹിക്കുകയും ചെയ്യും.
നൂറുകണക്കിന് ബില്യൺ ഡോളറിന്റെ നിക്ഷേപങ്ങൾ കണക്കാക്കുന്ന രാജ്യത്തിന്റെ നിർമാണ വ്യവസായം ഒരു വലിയ വികസന തരംഗത്തിന് തയാറെടുക്കുകയാണെന്നാണ് റിപ്പോർട്ട്. ഇത് രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെ പുനഃനിർമിക്കുകയും പ്രാദേശിക, അന്തർദേശീയ കരാറുകാർക്ക് ദീർഘകാല അവസരങ്ങൾ നൽകുകയും ചെയ്യും. സ്പെയിൻ, ബെൽജിയം, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര കമ്പനികളുമായി സഹകരിച്ച് പ്രാദേശിക നിർമാണ സ്ഥാപനങ്ങൾ സ്റ്റേഡിയങ്ങൾ വികസിപ്പിക്കുന്നതിനുള്ള കരാറുകൾ നേടിയിട്ടുണ്ടെന്നും കൂടുതൽ ടെൻഡറുകൾ പുറപ്പെടുവിക്കുമ്പോൾ അധിക കരാറുകൾ നൽകുമെന്നും റിപ്പോർട്ട് വിശദീകരിച്ചു.
2034 ലോകകപ്പ് ടൂർണമെന്റിന്റെ ഉദ്ഘാടന, ഫൈനൽ മത്സരങ്ങൾക്ക് 80,000 പേർക്ക് ഇരിക്കാവുന്ന കിങ് സൽമാൻ സ്റ്റേഡിയം, സെമിഫൈനലിന് 60,000 പേർക്ക് ഇരിക്കാവുന്ന ഒരു സ്റ്റേഡിയം, ശേഷിക്കുന്ന മത്സരങ്ങൾക്ക് കുറഞ്ഞത് 40,000 സീറ്റുകൾ ഉൾപ്പെടുന്ന മറ്റു സ്റ്റേഡിയങ്ങൾ എന്നിവ ആവശ്യമാണ്. അവയിൽ ഒരു സ്റ്റേഡിയം താൽക്കാലികമായിരിക്കും. മറ്റു സ്റ്റേഡിയങ്ങളെല്ലാം സ്ഥിരം സ്റ്റേഡിയങ്ങളായി നിലനിർത്തും.
റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയം വികസന പദ്ധതി, ജിദ്ദ സെൻട്രൽ സ്റ്റേഡിയം നിർമിക്കുന്നതിനുള്ള 18 കോടി ഡോളറിന്റെ കരാർ, ദമ്മാമിൽ 45,000 പേർക്ക് ഇരിക്കാവുന്ന 8,00,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഒരു പുതിയ സ്റ്റേഡിയം എന്നിവ ഉൾപ്പെടെ നാല് പ്രധാന സ്റ്റേഡിയങ്ങൾ നിർമിക്കുന്നതിനായി സൗദി അറേബ്യ കഴിഞ്ഞ മാസങ്ങളിൽ കോടിക്കണക്കിന് ഡോളറിന്റെ കരാറുകൾ നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. സ്പോർട്സ് സ്റ്റേഡിയങ്ങളിലെ ഏറ്റവും പുതിയ സാങ്കേതിക കണ്ടുപിടുത്തങ്ങളിലേക്കുള്ള പ്രവണതയെ പ്രതിഫലിപ്പിക്കുന്ന, ആവശ്യാനുസരണം മാറ്റാൻ സാധിക്കുന്ന എൽ.ഇ.ഡി മേൽക്കൂരയും മതിലും ഉള്ള ഖിദ്ദിയ പദ്ധതിയിലുള്ള അമീർ മുഹമ്മദ് ബിൻ സൽമാൻ സ്റ്റേഡിയവും ഈ വികസനത്തിൽ ഉൾപ്പെടുന്നു.
പുതിയ അൽമുറബ്ബ സ്റ്റേഡിയം, റോഷൻ സ്റ്റേഡിയം, സൗത്ത് റിയാദ് സ്റ്റേഡിയം, ഖിദ്ദിയ കോസ്റ്റ് സ്റ്റേഡിയം, ജിദ്ദയിലെ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി സ്റ്റേഡിയം, നിയോം സ്റ്റേഡിയം തുടങ്ങിയ മറ്റു സ്റ്റേഡിയങ്ങളുടെ പണികൾ തുടരുകയാണ്. ആഗോള പരിപാടിക്ക് ആതിഥേയത്വം വഹിക്കാനുള്ള തയാറെടുപ്പുകൾ ത്വരിതപ്പെടുത്തുന്നതിനോടൊപ്പം സൗദി നിർമാണ മേഖല അഭൂതപൂർവമായ പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് റിപ്പോർട്ട് സ്ഥിരീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

