റിയാദിൽ 13.5 ടൺ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുക്കുകയും 85 സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ചെയ്തു
text_fieldsറിയാദ്: മുനിസിപ്പാലിറ്റി നടത്തിയ കർശനമായ പരിശോധനാ കാമ്പയിനിനെത്തുടർന്ന് 85 സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും പൊതുജനാരോഗ്യത്തിന് ഭീഷണിയായ വലിയ അളവിലുള്ള ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തു.
സുരക്ഷാ ഏജൻസികളുമായും മറ്റ് സർക്കാർ വകുപ്പുകളുമായും ചേർന്ന് അൽഫൈസലിയ ജില്ലയിൽ നടത്തിയ പരിശോധനയിൽ 13.5 ടൺ പച്ചക്കറികൾ, പഴങ്ങൾ, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവ അധികൃതർ പിടിച്ചെടുത്തു. കൂടാതെ, 901 പുകയില ഉൽപ്പന്നങ്ങൾ നശിപ്പിക്കുകയും 61 മറ്റ് സാധനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങളെയും, വാണിജ്യ ആവശ്യങ്ങൾക്കായി ഭാഗികമായി മാറ്റിയ വാടക വീടുകളെയും ലക്ഷ്യമിട്ടായിരുന്നു ഈ പരിശോധന. റെസ്റ്റോറന്റുകൾ, അലക്കുശാലകൾ, ബാർബർ ഷോപ്പുകൾ, തയ്യൽ കടകൾ, വസ്ത്ര വിപണനശാലകൾ, ബഫറ്റുകൾ എന്നിവിടങ്ങളിലും തെരുവ് കച്ചവടക്കാർക്കിടയിലും പരിശോധന നടന്നു. ഈ ഒറ്റ കാമ്പയിനിലൂടെ മാത്രം 171 നിയമലംഘനങ്ങളാണ് മുനിസിപ്പാലിറ്റി രേഖപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി 32 സ്ഥലങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു, കൂടാതെ 22 തെരുവ് കച്ചവടക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പരിശോധനയിൽ പങ്കെടുത്ത മറ്റ് സർക്കാർ ഏജൻസികളും 230 നിയമലംഘനങ്ങൾ രേഖപ്പെടുത്തി.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഉപഭോക്തൃ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി, മുന്നറിയിപ്പ് നൽകൽ, പിഴ ചുമത്തൽ, ലൈസൻസ് ലംഘിച്ച സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ തുടങ്ങി കർശനമായ നടപടികളാണ് മുനിസിപ്പാലിറ്റി സ്വീകരിച്ചിട്ടുള്ളത്. പ്രത്യേകിച്ചും, കഴിക്കാൻ കൊള്ളാത്തതും കേടായതുമായ ഭക്ഷ്യവസ്തുക്കൾ വിൽക്കാൻ വെച്ചത്, കാലഹരണപ്പെട്ട സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചത്, സുരക്ഷിതമല്ലാത്ത രീതിയിൽ ഭക്ഷണം സൂക്ഷിച്ചത്, ഉറവിടം വ്യക്തമല്ലാത്ത പുകയില ഉൽപ്പന്നങ്ങൾ വിറ്റഴിച്ചത് തുടങ്ങിയ ഗുരുതരമായ നിയമലംഘനങ്ങളാണ് പരിശോധനാ സംഘം കണ്ടെത്തിയത്. ഉപയോഗപ്രദമായ ഭക്ഷ്യവസ്തുക്കൾ ചാരിറ്റി സംഘടനകൾക്ക് കൈമാറി.
ദിവസേനയും, ഇടവിട്ടുള്ള പരിശോധനകളിലൂടെയും, നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾ നിരീക്ഷിച്ച് പിഴവുകൾ പരിഹരിച്ചെന്ന് ഉറപ്പുവരുത്തിയും ഈ കാമ്പയിൻ തുടരുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. നിയമലംഘനങ്ങൾ കൃത്യമായി രേഖപ്പെടുത്താനും നിരീക്ഷിക്കാനും ആധുനിക സാങ്കേതിക സംവിധാനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

