റമദാനിൽ മക്കയിൽ ശുചീകരണത്തിന് 13,000 തൊഴിലാളികൾ
text_fieldsജിദ്ദ: റമദാൻ പദ്ധതിയുടെ ഭാഗമായി മക്കയിൽ മുനിസിപ്പാലിറ്റിക്കു കീഴിൽ 13,000 തൊഴിലാളികളെ നിയോഗിച്ചു. തീർഥാടകർ കൂടുതലായെത്തുന്ന ഹറം പരിസരം ഉൾപ്പെടെ വിവിധ ഭാഗങ്ങളിലെ ശുചീകരണ ജോലികൾക്കാണ് ഇത്രയും പേരെ മുനിസിപ്പാലിറ്റി നിയോഗിച്ചിരിക്കുന്നത്. ഏകദേശം 912 ശുചിത്വ ഉപകരണങ്ങൾ ഇവർക്കായി സജ്ജീകരിച്ചിട്ടുണ്ട്. വിവിധ ഡിസ്ട്രിക്ടുകളിൽ മാലിന്യശേഖരണത്തിനായി 87,000 പെട്ടികൾ കൂടുതലായി സ്ഥാപിച്ചിട്ടുണ്ട്.
കീടനിയന്ത്രണത്തിന് പ്രത്യേക ടീമുകളെയും ഒരുക്കിയിട്ടുണ്ട്. സംഘത്തിൽ 1175 പേരുണ്ടാകും. കീടനിയന്ത്രണ രംഗത്തെ വിദഗ്ധരും ടെക്നീഷ്യന്മാരും തൊഴിലാളികളും ഇതിലുൾപ്പെടും. ഇവർക്കായി 2200 ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്. രാവിലെയും വൈകീട്ട് രണ്ടു ഷിഫ്റ്റുകളിലായാണ് ശുചീകരണ ജോലികൾ നടക്കുക. ഹറം പരിസരത്ത് മുഴുസമയ ശുചീകരണത്തിന് വ്യത്യസ്ത ഷിഫ്റ്റുകളിലായി തൊഴിലാളികൾ ഉണ്ടാകും. ഹറം പരിസരത്തും വാഹന സഞ്ചാരം ബുദ്ധിമുട്ടുള്ള തിരക്കേറിയ പ്രദേശങ്ങളിലും മാലിന്യശേഖരണത്തിന് നിരവധി പ്രഷർ ബോക്സുകളും സ്ഥാപിച്ചിട്ടുണ്ട്.