മക്കയിൽ 1300 വർക്ക്‌ഷോപ്പുകളും വെയർഹൗസുകളും അടച്ചുപൂട്ടി
text_fieldsമക്കയിൽ അനധികൃത വർക്ക്‌ഷോപ്പുകളും വെയർഹൗസുകളും മുനിസിപ്പാലിറ്റി അടച്ചുപൂട്ടിയപ്പോൾ
മക്ക: നിയമലംഘനങ്ങൾ നടത്തിയ 1300 വർക്ക്‌ഷോപ്പുകളും വെയർഹൗസുകളും മക്ക മേഖലയിൽ അടച്ചുപൂട്ടി. ‘മക്ക കറക്റ്റ്സ്’ എന്ന തലക്കെട്ടിൽ മക്ക മുനിസിപ്പാലിറ്റി നടത്തിയ പരിശോധനാ കാമ്പയിനിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. നവംബർ എട്ട് മുതൽ 25 വരെയുള്ള കാലയളവിൽ മുനിസിപ്പാലിറ്റി ടീമുകൾ 6,046 ഫീൽഡ് പരിശോധനകൾ നടത്തി. ലൈസൻസില്ലാത്ത 783 വർക്ക്‌ഷോപ്പുകളും 530 അനധികൃത വെയർഹൗസുകളും കണ്ടെത്തുകയും അടച്ചുപൂട്ടുകയും ചെയ്തു.
ആരോഗ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനായി 1,544 റെസ്റ്റോറൻറുകളും 1,411 പലചരക്ക് കടകളിലും 1,203 ഭക്ഷണ ട്രക്കുകളിലും പരിശോധന നടത്തി. ലംഘനങ്ങൾ പരിഹരിക്കുന്നതിനായി ഉദ്യോഗസ്ഥർ 232 നോട്ടീസുകൾ നൽകി. പൊതുവിപണികളിലെ 343 സ്റ്റാളുകളും ഇൻസ്പെക്ടർമാർ നിരീക്ഷിച്ചു.
പുണ്യനഗരത്തിലെ വർക്ക്ഷോപ്പുകൾ, വെയർഹൗസുകൾ, മാർക്കറ്റുകൾ എന്നിവയിലെ തൊഴിൽ അന്തരീക്ഷം നിയന്ത്രിക്കുന്നതിനും അനുസരണ നിലവാരം ഉയർത്തുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ‘മക്ക കറക്റ്റ്സ്’ എന്ന പേരിലുള്ള കാമ്പയിൻ. വാണിജ്യ, സേവന പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും അനുസരണ നിലവാരം ഉയർത്തുന്നതിനും നിയന്ത്രണങ്ങൾ ലംഘിക്കുന്നതോ പൊതുസുരക്ഷക്ക് ഭീഷണിയാകുന്നതോ ആയ ലംഘനങ്ങൾ കുറയ്ക്കുന്നതിനുമുള്ള നിരന്തരമായ പദ്ധതികളുടെ ഭാഗമാണ് ഈ പരിശോധനകളെന്ന് മക്ക മേയർ പറഞ്ഞു.
സുരക്ഷിതവും സംഘടിതവുമായ പ്രവർത്തന അന്തരീക്ഷം ഉറപ്പാക്കുന്നതിനും പുണ്യനഗരിയിൽ ഉയർന്ന നിലവാരമുള്ള ജീവിത നിലവാരം കൈവരിക്കുന്നതിനുമായി എല്ലാ ഡിസ്ട്രിക്റ്റുകളിലെ വിപണികളിലും ജോലിസ്ഥലങ്ങളിലും തീവ്രമായ ഒരു ഫീൽഡ് ഷെഡ്യൂളോടെ കാമ്പയിൻ തുടരുമെന്ന് മേയർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

