സൽമാൻ രാജാവിന്റെ അതിഥികളായി 100 രാജ്യങ്ങളിൽനിന്ന് 1300 പേർക്ക് ഹജ്ജിന് ക്ഷണം
text_fieldsസൽമാൻ രാജാവ്
മക്ക: സൽമാൻ രാജാവിന്റെ അതിഥികളായി ഈ വർഷം ഹജ്ജ് നിർവഹിക്കാൻ 100 രാജ്യങ്ങളിൽനിന്ന് 1300 പേർക്ക് ക്ഷണം. വനിതകളടക്കമുള്ള തീർഥാടകർക്കാണ് അവസരം. ഇത്രയും പേർക്ക് ആതിഥേയത്വം നൽകാൻ സൽമാൻ രാജാവ് ബന്ധപ്പെട്ട വകുപ്പിന് നിർദേശം നൽകി. മതകാര്യ മന്ത്രാലയം നടപ്പാക്കുന്ന ഖാദിമുൽ ഹറമൈൻ ‘ഹജ്ജ്, ഉംറ, വിസിറ്റേഷൻ പ്രോഗ്രാമി’ന്റെ ഭാഗമാണിത്.
ഉദാരമായ രാജകീയ നിർദേശത്തിന് സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും മതകാര്യ മന്ത്രി ശൈഖ് അബ്ദുൽ ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖ് നന്ദിയും കടപ്പാടും അറിയിച്ചു. മുസ്ലിം രാഷ്ട്രങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സൗദി ഭരണകൂടം വഹിക്കുന്ന പങ്ക് എന്താണെന്ന് ഇത് പ്രതിഫലിപ്പിക്കുന്നു. മുസ്ലിം ലോകത്തെ ഒരു നേതാവെന്ന നിലയിൽ സൗദിയുടെ ഉറച്ച നിലപാടിനെ ഇത് സ്ഥിരീകരിക്കുന്നു. രാജകീയ നിർദേശമുണ്ടായ ഉടൻ തന്നെ അതിഥികൾക്ക് മികച്ച സേവനം ഒരുക്കുന്നതിന് മന്ത്രാലയം നടപടികൾ തുടങ്ങിയെന്ന് മന്ത്രി വിശദീകരിച്ചു. വിശ്വാസാധിഷ്ഠിത, സാംസ്കാരിക, ശാസ്ത്രീയ പരിപാടികൾ, മക്ക-മദീന എന്നിവിടങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഇസ്ലാമിക, ചരിത്ര സ്ഥലങ്ങളിലേക്കുള്ള സന്ദർശനങ്ങൾ, ഇരുഹറമുകളിലെയും നിരവധി പണ്ഡിതന്മാരുമായും ഇമാമുമാരുമായും തീർഥാടകർക്ക് കൂടിക്കാഴ്ചക്കുള്ള അവസരം എന്നിവ ഉൾപ്പെടുന്ന ഒരു സംയോജിത പദ്ധതി തയാറാക്കിയിട്ടുണ്ട്.
ഇത് അനുഗ്രഹീത യാത്രയുടെ ആത്മീയവും വൈജ്ഞാനികവുമായ സ്വാധീനം വർധിപ്പിക്കുന്നു. ഹജ്ജ്, ഉംറ, സന്ദർശനം എന്നിവക്കായുള്ള ഖാദിമുൽ ഹറമൈൻ ഹജ്ജ്, ഉംറ പരിപാടി എന്നത് സവിശേഷവും വിശിഷ്ടവുമായ ഒരു സംരംഭമായി കണക്കാക്കപ്പെടുന്നു. ഇസ്ലാമിക ലോകത്തെ മത, ശാസ്ത്ര, ബൗദ്ധിക നേതാക്കളുമായുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. 140 രാജ്യങ്ങളിൽനിന്നുള്ള ഏകദേശം 65,000 സ്ത്രീ-പുരുഷ തീർഥാടകർക്ക് ഈ പരിപാടി ഇതുവരെ ആതിഥേയത്വം വഹിച്ചിട്ടുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

