റിയാദിൽ 12ാമത് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു
text_fieldsഇന്ത്യൻ എംബസിയും സൗദി യോഗ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച 12ാമത് അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടിയിൽ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ സംസാരിക്കുന്നു
റിയാദ്: ഇന്ത്യൻ എംബസിയും സൗദി യോഗ കമ്മിറ്റിയും പ്രാദേശിക പങ്കാളികളും സംയുക്തമായി സംഘടിപ്പിച്ച 12ാമത് അന്താരാഷ്ട്ര യോഗ ദിനാചരണം റിയാദിലെ അമീർ ഫൈസൽ ബിൻ ഫഹദ് ഒളിമ്പിക് കോംപ്ലക്സിൽ നടന്നു. ‘ആരോഗ്യകരമായ വാർധക്യത്തിന് യോഗ’ എന്ന ഈ വർഷത്തെ ഔദ്യോഗിക പ്രമേയത്തെ മുൻനിർത്തിയായിരുന്നു ചടങ്ങുകൾ. നയതന്ത്ര പ്രതിനിധികളും യോഗ പ്രേമികളുമുൾപ്പെടെ അഞ്ഞൂറിലധികം പേർ ഇതിൽ പങ്കെടുത്തു.
ചടങ്ങിൽ സ്വാഗതം ആശംസിച്ച ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ, വലിയ ജനപങ്കാളിത്തത്തിന് നന്ദി അറിയിച്ചു. ശാരീരിക-മാനസിക ക്ഷേമത്തിലും സമ്മർദം കുറക്കുന്നതിലും യോഗക്കുള്ള സ്വാധീനം വ്യക്തമാക്കിയ അദ്ദേഹം, സൗദി യോഗ കമ്മിറ്റിയുമായുള്ള പങ്കാളിത്തം ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധത്തിെൻറ പ്രതിഫലനമാണെന്ന് കൂട്ടിച്ചേർത്തു.
സൗദി യോഗ കമ്മിറ്റി സി.ഇ.ഒ അഹമ്മദ് അൽ സാദി സംസാരിക്കവേ, യോഗ ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറമാണെന്നും രാജ്യത്ത് യോഗ പരിശീലകരുടെ എണ്ണം ദ്രുതഗതിയിൽ വളരുകയാണെന്നും എടുത്തുപറഞ്ഞു. കായിക മന്ത്രാലയം ജനറൽ ഡയറക്ടർ ഹാനി മൻസി, വിദേശകാര്യ മന്ത്രാലയം ഡയറക്ടർ നാഫെ അൽഷൈബാനി എന്നിവരുടെ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി.
ഇന്ത്യൻ എംബസിയിലെ യോഗ ഇൻസ്ട്രക്ടർ പ്രേം പ്രഭു നയിച്ച ലൈവ് കോമൺ യോഗ പ്രോട്ടോക്കോൾ സെഷൻ ആഘോഷങ്ങളുടെ പ്രധാന ആകർഷണമായിരുന്നു. സൗദി യോഗ കമ്മിറ്റിയിലെ പ്രമുഖ വനിതാ ഇൻസ്ട്രക്ടർമാരായ സീമ ഘനവും മലക് അൽമുഖിറയും അദ്ദേഹത്തെ സഹായിച്ചു. പങ്കെടുത്തവർക്ക് വിവിധ യോഗാസനങ്ങൾ നേരിട്ട് പരിശീലിക്കാൻ ഈ സെഷൻ അവസരമൊരുക്കി.
‘യോഗ 365’ എന്ന ഉദ്യമത്തിന് കീഴിൽ ഇന്ത്യൻ സാമൂഹിക സംഘടനകളുടെ സഹകരണത്തോടെ എംബസി സംഘടിപ്പിച്ച ഒരു മാസം നീണ്ടുനിന്ന വിപുലമായ കാമ്പയിെൻറ സമാപനമായിരുന്നു ഈ ചടങ്ങ്. മെയ് ഒമ്പതിന് എംബസിയിൽ നടന്ന ചടങ്ങോടെ ഇതിന് തുടക്കമായത്. തുടർന്ന് ജൂൺ 13-ന് ജുബൈലിൽ എക്സ്പെർട്ടൈസ് എന്ന കമ്പനിയുമായി സഹകരിച്ച് പ്രാദേശിക പരിപാടിയും സംഘടിപ്പിച്ചു. ഇതിെൻറ ഭാഗമായി നടന്ന ഓൺലൈൻ യോഗ ഫോട്ടോ മത്സരത്തിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 250-ലധികം പേർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

