‘എന്നോട് ചോദിക്കുക’ സേവനം പ്രയോജനപ്പെടുത്തിയത് 12 ലക്ഷം പേർ
text_fieldsമക്ക: ഹജ്ജ് സീസണിൽ മക്ക മസ്ജിദുൽ ഹറമിലെ സ്ഥലങ്ങളും ദിശകളും മനസ്സിലാക്കാൻ ഏർപ്പെടുത്തിയ ‘എന്നോട് ചോദിക്കുക’ എന്ന ഡിജിറ്റൽ മാപ്പ് സംവിധാനം ഉപയോഗപ്പെടുത്തിയത് 12 ലക്ഷം പേരാണെന്ന് ഇരുഹറം ജനറൽ പ്രസിഡൻസി അറിയിച്ചു.
മസ്ജിദുൽ ഹറാമിനുള്ളിൽ തീർഥാടകർക്ക് പ്രവേശനവും സഞ്ചാരവും സുഗമമാക്കുന്നതിനും മതപരമായ അനുഷ്ഠാനങ്ങൾ നിർവഹിക്കുന്നതിനുള്ള സ്ഥലങ്ങളും മതാഫ് (പ്രദക്ഷിണ സ്ഥലം), മസ്അ (സഫ മർവ കുന്നുകൾക്കിടയിലെ പ്രയാണത്തിനുള്ള സ്ഥലം) എന്നിവ തിരിച്ചറിയുന്നതിനും നേരിട്ട് അവിടെ എത്താനുള്ള മാർഗവും അറിയുന്നതിനുമാണ് തീർഥാടകർ ഈ സേവനം പ്രയോജനപ്പെടുത്തിയത്. സ്ഥലങ്ങളും ലക്ഷ്യസ്ഥാനവും നിർണയിക്കുന്നതിന് ഒരുക്കിയ ഇന്ററാക്ടിവ് ഡിജിറ്റൽ മാപ്പ് ഉപയോക്താക്കളെ ഹറമിനുള്ളിലെ സേവന സ്ഥലങ്ങൾ നിരവധി ഭാഷകളിൽ തിരിച്ചറിയാൻ സഹായിക്കുന്നുണ്ട്.
ഗൈഡൻസ് ഓഫിസുകൾ, ഉന്തുവണ്ടി വിതരണസ്ഥലങ്ങൾ, നഷ്ടപ്പെട്ടതും കണ്ടെത്തിയതുമായ സാധനങ്ങൾ സൂക്ഷിക്കുന്ന ഓഫിസുകൾ, ആരോഗ്യകേന്ദ്രങ്ങൾ എന്നിവ ഈ സ്ഥലങ്ങളിൽ ഉൾപ്പെടുന്നു. ഈ വർഷത്തെ ഹജ്ജ് സീസണിൽ ഹജ്ജ് കർമങ്ങൾ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ ഹറമിനുള്ളിൽ വൈവിധ്യമാർന്ന സേവനങ്ങൾ നൽകാൻ ഇരുഹറം ജനറൽ പ്രസിഡൻസി ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ആധുനിക രീതികളും ഉപയോഗിച്ചത് ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

