അഴിമതി, കൈക്കൂലി കേസിൽ 11 പേർ കസ്റ്റഡിയിൽ
text_fieldsദമ്മാം: അഴിമതി, കൈക്കൂലി ഇടപാടിൽ 11 പേർ അഴിമതിവിരുദ്ധ അതോറിറ്റി (നസാഹ) കസ്റ്റഡിയിൽ. ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ നാഷനൽ ഗാർഡ്, മുൻ മേജർ ജനറൽ, രണ്ട് മുൻ സർക്കാർ ഉദ്യോഗസ്ഥർ എന്നിവരാണ് ആദ്യ കേസിൽ അന്വേഷണം നേരിടുന്നത്. സ്വകാര്യ കമ്പനിക്ക് കരാറുകൾക്ക് അനുമതി നൽകാൻ നിയമവിരുദ്ധ രീതിയിൽ സംഘം ആസൂത്രിതമായി പ്രവർത്തിച്ചെന്നാണ് കേസ്. നാഷനൽ ഗാഡിലെ ഉദ്യോഗസ്ഥൻ 20,500,000 റിയാലാണ് പ്രതിഫലമായി സ്വീകരിച്ചത്. കൂടാതെ, റിയൽ എസ്റ്റേറ്റ് വിപണിയിൽ അദ്ദേഹത്തിെൻറ പേരിൽ പണം നിക്ഷേപിച്ചു. ഓപറേഷനുള്ള വേതനമായി രണ്ടാമത്തെയാൾ 30,153,000 റിയാലും മൂന്നാമൻ 147,400,000 റിയാലും വഴിവിട്ട രീതിയിൽ കൈപ്പറ്റിയതായി അധികൃതർ അറിയിച്ചു. പ്രസ്തുത കേസിൽ കൈക്കൂലിയിനത്തിൽ ആകെ 198,053,000 റിയാലിെൻറ ഇടപാടാണ് നടന്നത്.
മറ്റൊരു കേസിൽ വിദ്യാഭ്യാസ മന്ത്രാലയത്തിലെ മുൻ ഡയറക്ടർ ജനറലും അഞ്ച് വ്യവസായികളും അന്വേഷണം നേരിടുകയാണ്. സ്വന്തം പേരിൽ സ്വകാര്യ കമ്പനികൾ സ്ഥാപിക്കുകയും ഈ കമ്പനികൾക്ക് നിയമവിരുദ്ധ രീതിയിൽ കരാറുകൾക്ക് അനുമതി നൽകുകയും ചെയ്തുവെന്നാണ് കേസ്. കൂടാതെ ചെറിയ സ്വകാര്യ കമ്പനികൾക്ക് നൽകുന്ന കരാറുകൾക്ക് പണം കൈപ്പറ്റിയിരുന്നു. മറ്റൊരു കേസിൽ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ അന്വേഷണം നേരിടുകയാണ്. 733,000 റിയാലോളം വഴിവിട്ട രീതിയിൽ കൈക്കൂലിയിനത്തിൽ കൈപ്പറ്റിയെന്നാണ് കേസ്.
സൗദി ആൻറി കറപ്ഷന്‍ അതോറിറ്റിയും സൗദി സെന്‍ട്രല്‍ ബാങ്കും മറ്റു ബന്ധപ്പെട്ട വകുപ്പുകളും സഹകരിച്ചായിരുന്നു അന്വേഷണം. അഴിമതി വിരുദ്ധ അതോറിറ്റിയുടെ കീഴിൽ ബന്ധപ്പെട്ട അധികൃതരുടെ പതിവ് അന്വേഷണത്തിലാണ് അനധികൃത പണമിടപാടിനെക്കുറിച്ച് സൂചന ലഭിക്കുന്നത്. പിന്നീട്, പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയ കേസിൽ പഴുതടച്ച അന്വേഷണത്തിനൊടുവിൽ സംഘം വലയിലാവുകയായിരുന്നു. നിയമ നടപടികൾ പുരോഗമിക്കുന്നതായും പ്രതികളെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുമെന്നും അധികൃതർ അറിയിച്ചു.

