സൽമാൻ രാജാവിന്റെ അതിഥികളായി ഫലസ്തീൻ രക്തസാക്ഷികളുടെ 1000 ബന്ധുക്കൾ ഹജ്ജ് നിർവഹിക്കും
text_fieldsസൽമാൻ രാജാവ്
റിയാദ്: ഈ വർഷം ഹജ്ജിന് ഫലസ്തീനിൽനിന്ന് രക്തസാക്ഷികളുടെ ബന്ധുക്കളായ 1000 പേർ സൽമാൻ രാജാവിന്റെ അതിഥികളായെത്തും. ഫലസ്തീൻ ജനതയിലെ രക്തസാക്ഷികൾ, തടവുകാർ, പരിക്കേറ്റവർ എന്നിവരുടെ കുടുംബങ്ങളിൽനിന്നുള്ള സ്ത്രീകളടക്കം 1000 തീർഥാടകർക്ക് രാജാവിന്റെ ചെലവിൽ ഹജ്ജിന് സൗകര്യമൊരുക്കാൻ നിർദേശം നൽകി. മതകാര്യ മന്ത്രാലയം നടപ്പാക്കുന്ന ഖാദിമുൽ ഹറമൈൻ ഹജ്ജ്, ഉംറ, വിസിറ്റേഷൻ പദ്ധതിക്ക് കീഴിലാണിത്.
ഫലസ്തീൻ രക്തസാക്ഷികളുടെ ഉറ്റവരുടെ തീർഥാടനത്തിന് ആതിഥേയത്വം വഹിക്കാൻ അവസരം നൽകിയതിന് സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും മതകാര്യ മന്ത്രി ശൈഖ് അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖ് നന്ദി പറഞ്ഞു.
ഉദാരമായ ഈ പ്രവൃത്തി സൗദിയുടെ താൽപ്പര്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഫലസ്തീൻ ജനതയെ പിന്തുണക്കുന്നതിനും ഇസ്ലാമിക സാഹോദര്യബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള ഭരണകൂടത്തിന്റെ നിരന്തരമായ പ്രതിബദ്ധതയെ ഇതെടുത്ത് കാണിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ഫലസ്തീൻ ജനതയുടെ ഹജ്ജ് കർമങ്ങൾ സുഗമമാക്കുന്നതിനുള്ള ഭരണകൂടത്തിന്റെ താൽപ്പര്യത്തിന്റെ വിപുലീകരണമാണിത്. രാജാവിന്റെ നിർദേശമുണ്ടായ ഉടന്‍ തന്നെ ഫലസ്തീന് തീർഥാടകര്‍ക്ക് അവിടെനിന്ന് പുറപ്പെട്ട് കർമങ്ങള്‍ നിര്‍വഹിച്ച് മടങ്ങുന്നതുവരെയുള്ള മുഴുവൻ സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള സമഗ്രമായ പദ്ധതി മന്ത്രാലയം ആവിഷ്കരിക്കാൻ ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു.
മക്കയിലും മദീനയിലും താമസിക്കുന്ന സമയത്ത് സമ്പൂർണ സേവന സംവിധാനമാണ് ഒരുക്കുക. ഹിജ്റ 1417 ൽ ഖാദിമുൽ ഹറമൈൻ ഹജ്ജ് ഉംറ പ്രോഗ്രാം ആരംഭിച്ചതിനുശേഷം ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽനിന്ന് 64,000 സ്ത്രീ-പുരുഷ തീർഥാടകർക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

