നിയമം ലംഘിച്ച 10 ടൂറിസം ഓഫിസുകൾ റിയാദിൽ അടച്ചുപൂട്ടി
text_fieldsറിയാദിലെ ടൂറിസം ഏജൻസികൾ മന്ത്രാലയം അടച്ചുപൂട്ടിയപ്പോൾ
റിയാദ്: നിയമം ലംഘിച്ച 10 ടൂറിസം ഓഫീസുകൾ റിയാദിൽ അടച്ചുപൂട്ടി. റിയാദിലെ ട്രാവൽ, ടൂറിസം ഏജൻസികളിൽ ടൂറിസം മന്ത്രാലയം നടത്തിയ പരിശോധനയിലാണ് അനധികൃതമായി പ്രവർത്തിച്ച ഓഫിസുകൾ കണ്ടെത്തിയത്. രാജ്യത്തുടനീളം ടൂറിസം, ട്രാവൽ നിബന്ധനകളും ആവശ്യകതകളും പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ മന്ത്രാലയം ആരംഭിച്ച ‘ഞങ്ങളുടെ അതിഥികൾ ഒരു മുൻഗണന’ കാമ്പയിന്റെ ഭാഗമാണിത്.
ടൂറിസം മന്ത്രാലയത്തിന്റെ ലൈസൻസില്ലാതെ പ്രവർത്തിച്ചതിനും നിയമവിരുദ്ധമായി ഉംറ, സന്ദർശന യാത്രകൾ സംഘടിപ്പിച്ചതിനുമാണ് നടപടി സ്വീകരിച്ചത്. ലൈസൻസില്ലാത്ത ഗതാഗത മാർഗങ്ങൾ ഉപയോഗിച്ച് തീർഥാടകരെ കൊണ്ടുപോകുന്നതും മക്കയിലും മദീനയിലും വ്യവസ്ഥകൾ പാലിക്കാത്ത കെട്ടിടങ്ങളിൽ അവരെ പാർപ്പിക്കുന്നതും നിയമലംഘനങ്ങളിൽ ഉൾപ്പെടുന്നു.വിനോദസഞ്ചാരികളുടെയും സന്ദർശകരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ടൂറിസം സർവിസ് ഓഫിസുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിലാണ് ഈ കാമ്പയിൻ.
ലൈസൻസ് നേടാതെ ടൂറിസം പ്രവർത്തനങ്ങൾ നടത്തുന്നതോ അവരുടെ ലൈസൻസുകളിൽ വ്യക്തമാക്കിയിട്ടുള്ള പ്രവർത്തനങ്ങളുടെ സ്വഭാവം ലംഘിക്കുന്നതോ ആയ ഓഫിസുകളെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണിത്.50,000 റിയാൽ വരെയാണ് പിഴ. ലംഘനം ആവർത്തിച്ചാൽ പിഴ 10 ലക്ഷം റിയാലായി ഉയർത്തും. പിഴകൾ നിയമംലംഘിച്ച ടൂറിസം സ്ഥാപനങ്ങൾക്കെതിരെ നടപ്പാക്കുമെന്ന് മന്ത്രാലയം പറഞ്ഞു. ഓരോ ലംഘനത്തിനും ഓഫിസ് അടച്ചുപൂട്ടൽ അല്ലെങ്കിൽ രണ്ടു പിഴകളും സംയോജിപ്പിച്ച് പിഴ ചുമത്തും. ടൂറിസം സർവിസ് ഓഫിസുകൾക്ക് അനുവദിച്ചിട്ടുള്ള ലൈസൻസുകളിൽ പറഞ്ഞിരിക്കുന്ന നിയമങ്ങളും വ്യവസ്ഥകളും സ്ഥാപനങ്ങൾ പാലിക്കണം.
ടൂറിസം സേവനങ്ങളുടെ എല്ലാ ഗുണഭോക്താക്കളും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സുരക്ഷിതവും വിശ്വസനീയവുമായ ടൂറിസം അനുഭവം ഉറപ്പാക്കുന്നതിനുമായി ലൈസൻസുള്ളതും നിയന്ത്രിതവുമായ ഓഫിസുകളിൽ മാത്രമേ ഇടപാടുകൾ നടത്തുന്നുള്ളൂവെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. ടൂറിസം കേന്ദ്രങ്ങളിൽ നൽകുന്ന സേവനങ്ങൾ സംബന്ധിച്ച് എന്തെങ്കിലും അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ 930 എന്ന നമ്പറിൽ അറിയിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

