സൗദിയിൽ 10 ലുലു സ്വിഫ്റ്റ് സ്റ്റോറുകൾ ആരംഭിക്കാൻ ധാരണ: പെട്രോമിനും ലുലു ഗ്രൂപ്പും കൈകോർക്കുന്നു
text_fieldsലുലു സ്വിഫ്റ്റ് സ്റ്റോറുകൾ ആരംഭിക്കാനുള്ള ധാരണാപത്രം ഒപ്പിട്ട ചടങ്ങ്
ജിദ്ദ: സൗദി അറേബ്യയിലെ പെട്രോമിൻ ഗ്യാസ് സ്റ്റേഷൻ ലൊക്കേഷനുകളിൽ 10 ‘ലുലു സ്വിഫ്റ്റ്’ കൺവീനിയൻസ് സ്റ്റോറുകൾ ആരംഭിക്കുന്നതിനായി പ്രമുഖ ഊർജ്ജ-മൊബിലിറ്റി കമ്പനിയായ പെട്രോമിനും ലുലു ഗ്രൂപ്പും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. സൗദി അൽ ദബ്ബാഗ് ഗ്രൂപ്പിെൻറ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് പെട്രോമിൻ.
ജിദ്ദയിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ ലുലു സൗദി ഹൈപ്പർമാർക്കറ്റ് ഡയറക്ടർ മുഹമ്മദ് ഹാരിസും പെട്രോമിൻ എനർജി സി.ഇ.ഒ അമിത് വാംഖഡെയുമാണ് കരാറിൽ ഒപ്പുവെച്ചത്. അൽ ദബ്ബാഗ് ഗ്രൂപ്പ് ചെയർമാനും സൗദി ജനറൽ ഇൻവെസ്റ്റ്മെൻറ് അതോറിറ്റിയുടെ മുൻ ഗവർണറുമായ അമർ അൽ ദബ്ബാഗ്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ധാരണാപത്ര പ്രകാരം ജിദ്ദയിൽ ആറും റിയാദിൽ നാലുമടക്കം ആകെ 10 ലുലു സ്വിഫ്റ്റ് സ്റ്റോറുകളാണ് ആദ്യഘട്ടത്തിൽ തുറക്കുന്നത്. ലുലുവിെൻറ കൺവീനിയൻസ് റീട്ടെയിൽ സാന്നിധ്യം കൂടുതൽ വിപുലീകരിക്കുന്നതിൽ നിർണായക ചുവടുവെയ്പ്പാണിത്. സൗദി വിഷൻ 2030 ലക്ഷ്യങ്ങൾക്ക് അനുസൃതമായി, ഉപഭോക്താക്കൾക്ക് കൂടുതൽ വിശ്വസനീയവും സൗകര്യപ്രദവുമായ റീട്ടെയ്ൽ അനുഭവം ഉറപ്പാക്കുകയാണ് ഈ പങ്കാളിത്തത്തിലൂടെ ഇരു സ്ഥാപനങ്ങളും ലക്ഷ്യമിടുന്നത്.
ആധുനിക ഉപഭോക്താക്കൾക്കായി വേഗതയേറിയതും തടസ്സമില്ലാത്തതുമായ ഷോപ്പിങ് സൗകര്യം ലഭ്യമാക്കുക എന്ന ആശയത്തോടെയാണ് ലുലു ഗ്രൂപ്പ് സ്വിഫ്റ്റ് കൺവീനിയൻസ് സ്റ്റോറുകൾക്ക് രൂപം നൽകിയത്. വേഗതയ്ക്കും എളുപ്പത്തിലുള്ള സേവനങ്ങൾക്കുമാണ് സ്വിഫ്റ്റ് സ്റ്റോറുകൾ മുൻഗണന നൽകുന്നത്.
1968-ൽ സൗദി അരാംകോയും എക്സോൺ മൊബീലും തമ്മിലുള്ള സംയുക്ത സംരംഭമായി ‘പെട്രോലുബ്’ എന്ന പേരിൽ ആരംഭിച്ച സ്ഥാപനമാണ് പിന്നീട് പെട്രോമിൻ ആയി മാറിയത്. അൽ ദബ്ബാഗ് ഗ്രൂപ്പ് ഏറ്റെടുത്തതോടെ ഈ മേഖലയിലെ മുൻനിര മൊബിലിറ്റി സൊല്യൂഷൻസ് ദാതാവായി പെട്രോമിൻ വളർന്നു. സൗദി അറേബ്യയ്ക്ക് പുറമെ യു.എ.ഇ, മൊറോക്കോ, പാകിസ്താൻ എന്നിവിടങ്ങളിലേക്കും അടുത്തിടെ പെട്രോമിൻ പ്രവർത്തനം വിപുലീകരിച്ചിരുന്നു.
നിലവിൽ സൗദിയിലുടനീളം 80-ലധികം ഗ്യാസ് സ്റ്റേഷനുകളാണ് പെട്രോമിനുള്ളത്. പ്രാരംഭ ഘട്ടത്തിൽ പ്രഖ്യാപിച്ച 10 കേന്ദ്രങ്ങൾക്ക് പുറമെ, റീട്ടെയ്ൽ-മൊബിലിറ്റി രംഗങ്ങളിലെ സഹകരണം വഴി ഭാവിയിൽ പങ്കാളിത്തം കൂടുതൽ ശക്തമാക്കാനും പെട്രോമിനും ലുലു ഗ്രൂപ്പും പദ്ധതിയിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

