സൗദിയിൽ നിക്ഷേപ ലൈസൻസുകളിൽ 10 മടങ്ങ് വർധന
text_fieldsസൗദി ശൂറ കൗൺസിൽ 15-ാമത് സാധാരണ സെഷനിൽ നിക്ഷേപ മന്ത്രി എൻജി. ഖാലിദ് അൽ ഫാലിഹ് പ്രഭാഷണം നടത്തുന്നു
റിയാദ്: സൗദി അറേബ്യയുടെ നിക്ഷേപ മേഖലയിൽ അഭൂതപൂർവമായ വളർച്ച രേഖപ്പെടുത്തിയതായി നിക്ഷേപ മന്ത്രി എൻജി. ഖാലിദ് അൽ ഫാലിഹ് വെളിപ്പെടുത്തി. രാജ്യത്തെ സജീവ നിക്ഷേപ ലൈസൻസുകളുടെ എണ്ണത്തിൽ 10 മടങ്ങ് വർധനവാണ് ഉണ്ടായത്. 2019ൽ വെറും 6,000 ആയിരുന്ന ലൈസൻസുകൾ 2025 അവസാനത്തോടെ 62,000 ആയി ഉയർന്നുവെന്ന് അദ്ദേഹം ശൂറ കൗൺസിലിൽ അറിയിച്ചു. സൗദി പാർലമെൻറായ ശൂറ കൗൺസിലിന്റെ പ്രസിഡൻറ് ഡോ. അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ ഇബ്രാഹിം ആലുശൈഖിന്റെ അധ്യക്ഷതയിൽ നടന്ന 15-ാമത് സാധാരണ സെഷനിലാണ് മന്ത്രി മന്ത്രാലയത്തിന്റെ നേട്ടങ്ങൾ വിശദീകരിച്ചത്.
നിക്ഷേപരംഗത്തെ പ്രധാന നേട്ടങ്ങൾ:
നിക്ഷേപ ലൈസൻസ് നേടിയ കമ്പനികൾ വഴി 10 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. ഇതിൽ വലിയൊരു വിഭാഗം സ്വദേശി യുവതീയുവാക്കളാണ്. ലോകത്തിലെ ഏറ്റവും വലിയ 30 ബാങ്കുകളിൽ 20 എണ്ണത്തെയും സൗദിയിലേക്ക് ആകർഷിക്കാൻ സാധിച്ചു. ഇത് രാജ്യത്തെ ബാങ്കിങ് മേഖലയെ കൂടുതൽ കരുത്തുറ്റതാക്കി.
ഒരു ലക്ഷം കോടി റിയാലിലധികം മൂല്യമുള്ള 2000ത്തിലധികം നിക്ഷേപ അവസരങ്ങൾ മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്. ‘ഇൻവെസ്റ്റ് ഇൻ സൗദി’ പ്ലാറ്റ്‌ഫോം വഴി 231,00 കോടി റിയാൽ മൂല്യമുള്ള 346 കരാറുകൾ ഇതിനകം പൂർത്തിയാക്കി. അന്താരാഷ്ട്ര കമ്പനികളുടെ പ്രാദേശിക ആസ്ഥാനങ്ങൾ സൗദിയിലേക്ക് മാറ്റുന്ന പദ്ധതി വൻ വിജയകരമായി മാറിയതായും മന്ത്രി വ്യക്തമാക്കി. 2030-ഓടെ 500 കമ്പനികളെ എത്തിക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും, 2025 അവസാനത്തോടെ തന്നെ 700ലധികം ആഗോള കമ്പനികൾക്ക് ലൈസൻസ് നൽകിക്കഴിഞ്ഞു.
സാമ്പത്തിക വൈവിധ്യവത്കരണം
സൗദി വിഷൻ 2030-ന്റെ ഭാഗമായി എണ്ണയിതര വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തിനാണ് മുൻഗണന നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിനായി സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് ആവശ്യമായ സാമ്പത്തിക സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. 2025ൽ ദേശീയ നിക്ഷേപ തന്ത്രം പരിഷ്കരിക്കുമെന്നും ഗുണനിലവാരത്തിനും ഉൽപാദനക്ഷമതക്കും കൂടുതൽ ഊന്നൽ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമപരിഷ്കാരങ്ങൾ
നിക്ഷേപക സൗഹൃദ അന്തരീക്ഷം ഒരുക്കുന്നതിനായി സിവിൽ ഇടപാടുകൾ, കമ്പനി നിയമങ്ങൾ, നിക്ഷേപ നിയമം എന്നിവയിൽ വരുത്തിയ പരിഷ്കാരങ്ങൾ ആഗോള തലത്തിൽ സൗദിയുടെ പ്രതിച്ഛായ വർധിപ്പിച്ചു. അന്താരാഷ്ട്ര മത്സരക്ഷമത സൂചികയിൽ സൗദി 15 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയത് ഈ മാറ്റങ്ങളുടെ ഫലമാണെന്ന് അൽ ഫാലിഹ് ചൂണ്ടിക്കാട്ടി.
സ്വദേശി നിക്ഷേപകർക്ക് മുൻഗണന
വിദേശ നിക്ഷേപം ആകർഷിക്കുന്നതിനൊപ്പം തന്നെ സ്വദേശി നിക്ഷേപകർക്കും തുല്യ പരിഗണനയും സംരക്ഷണവും നൽകുന്നുണ്ടെന്ന് ശൂറ കൗൺസിൽ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു. രാജ്യത്തെ വിവിധ മേഖലകളിലെ സവിശേഷമായ നിക്ഷേപ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനായി എല്ലാ പ്രവിശ്യകളിലും നിക്ഷേപ പരിപാടികൾ സംഘടിപ്പിച്ചു വരികയാണ്.
വിദ്യാഭ്യാസ മേഖലയിൽ മികച്ച നിക്ഷേപങ്ങൾ കൊണ്ടുവരുന്നതിലൂടെ ക്രിയാത്മകമായ ഒരു തലമുറയെ വാർത്തെടുക്കാനും വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾ കൈവരിക്കാനും സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും ദീർഘവീക്ഷണത്തോടെയുള്ള പിന്തുണയാണ് നിക്ഷേപ മേഖലയിലെ ഈ വൻ മുന്നേറ്റത്തിന് പിന്നിലെന്ന് ശൂറ കൗൺസിൽ പ്രസിഡൻറ് ഡോ. അബ്ദുല്ല ആലുശൈഖ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

