നിർമിത ബുദ്ധി വൈദഗ്ധ്യം നേടി 10 ലക്ഷം സൗദി പൗരന്മാർ
text_fieldsനിർമിത ബുദ്ധി വൈദഗ്ധ്യം നേടിയ സൗദി പൗരന്മാർക്ക്
നൈപുണ്യ സർട്ടിഫിക്കറ്റ് നൽകാൻ റിയാദിൽ വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച ചടങ്ങ്
റിയാദ്: ‘സമാഅ്’ സംരംഭത്തിലൂടെ 10 ലക്ഷം സൗദി പൗരന്മാരെ എ.ഐ നൈപുണ്യ സർട്ടിഫിക്കറ്റ് നേടാൻ പ്രാപ്തരാക്കിയതായി സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി വ്യക്തമാക്കി. ഇതിലൂടെ അതോറിറ്റി ഒരു സുപ്രധാന ദേശീയ നാഴികക്കല്ലാണ് പിന്നിട്ടത്. സൗദി സമൂഹത്തെ എ.ഐ കഴിവുകൾ ഉപയോഗിച്ച് ശാക്തീകരിക്കുന്നതിനും ജനസംഖ്യയുടെ എല്ലാ വിഭാഗങ്ങളിലും ഡിജിറ്റൽ സാക്ഷരത വർധിപ്പിക്കുന്നതിനുമുള്ള ദേശീയ ശ്രമങ്ങളുടെ വിജയത്തെ ഈ നേട്ടം പ്രതിഫലിപ്പിക്കുന്നുവെന്നും അതോറിറ്റി സൂചിപ്പിച്ചു.
ഈ സംരംഭം 10 ലക്ഷം സൗദി പൗരന്മാർക്ക് നിർമിത ബുദ്ധിയുടെ അടിസ്ഥാനകാര്യങ്ങളിൽ പരിശീലനം നൽകുകയും പ്രഫഷനൽ, അക്കാദമിക് ജീവിതത്തിൽ അതിന്റെ പോസിറ്റിവ് പ്രയോഗങ്ങളെക്കുറിച്ച് അവബോധം വളർത്തുകയും ചെയ്തതായി അതോറിറ്റി വക്താവ് ഡോ. മജീദ് അൽ ശഹ്രി പറഞ്ഞു. വിദ്യാഭ്യാസ, മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയങ്ങളുമായുള്ള ഫലപ്രദമായ പങ്കാളിത്തത്തിലൂടെയാണ് ഈ നേട്ടം ചുരുങ്ങിയ സമയത്തിനുള്ളിൽ കൈവരിക്കാനായത്.
ഈ സഹകരണം സ്കൂൾ, യൂനിവേഴ്സിറ്റി വിദ്യാർഥികളുടെയും വിദ്യാഭ്യാസ മന്ത്രാലയത്തിലെ ജീവനക്കാരുടെയും അധ്യാപകരുടെയും വിശാലമായ വിഭാഗത്തിലേക്ക് പ്രവേശനം സാധ്യമാക്കി. വിദഗ്ധർ, ശാസ്ത്രജ്ഞർ, നിർമിതബുദ്ധി മേഖലയിലെ ഗവേഷകർ എന്നിവരുൾപ്പെടെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ലക്ഷ്യംവെച്ചുള്ള പുതിയ സംരംഭങ്ങൾ ഉടൻ ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതോടനുബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം റിയാദിൽ സംഘടിപ്പിച്ച ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി യൂസഫ് അൽബുനിയാൻ, സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി പ്രസിഡന്റ് ഡോ. അബ്ദുല്ല അൽഗാംദി, വിദ്യാഭ്യാസ ഉപമന്ത്രി ഡോ. ഇനാസ് അൽഈസ, ഇമാം മുഹമ്മദ് ബിൻ സഊദ് ഇസ്ലാമിക് യൂനിവേഴ്സിറ്റി പ്രസിഡന്റ് ഡോ. അഹമ്മദ് അൽഅംരി, ‘സദായ’ നാഷനൽ ഇൻഫർമേഷൻ സെന്റർ ഡയറക്ടർ ഡോ. ഇസാം അൽവാഖിത് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

