100 കോടി ഡോളർ മൂല്യമുള്ള ‘ട്രംപ് പ്ലാസ' പദ്ധതി ജിദ്ദയിൽ
text_fieldsജിദ്ദയിൽ നിലവിൽ വരുന്ന 'ട്രംപ് പ്ലാസ' പദ്ധതിയുടെ മാതൃക
ജിദ്ദ: ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത ആഗോള ആഡംബര റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ദാർ ഗ്ലോബൽ, ട്രംപ് ഓർഗനൈസേഷനുമായി ചേർന്ന് ജിദ്ദയിൽ പുതിയ പദ്ധതിക്ക് തുടക്കമിടുന്നു. 'ട്രംപ് പ്ലാസ ജിദ്ദ' എന്ന ഈ സംരംഭം സൗദി അറേബ്യയിൽ ട്രംപ് ബ്രാൻഡിന്റെ രണ്ടാമത്തെ സംയുക്ത സംരംഭമാണ്. 2024 ഡിസംബറിൽ ആരംഭിച്ച 'ട്രംപ് ടവർ ജിദ്ദ'ക്ക് ശേഷമാണ് പുതിയ പ്രഖ്യാപനം.
ജിദ്ദയുടെ ഹൃദയഭാഗത്തുള്ള കിങ് അബ്ദുൽ അസീസ് റോഡിലാണ് ട്രംപ് പ്ലാസ ജിദ്ദ നിർമിക്കുന്നത്. 100 കോടി ഡോളറിലധികം മൂല്യം പ്രതീക്ഷിക്കുന്ന പദ്ധതി ജിദ്ദയുടെ ആകാശരേഖ മാറ്റിയെഴുതും.
താമസക്കാർക്കും ജോലി ചെയ്യുന്നവർക്കും വിനോദങ്ങൾ ആസ്വദിക്കുന്നവർക്കും ഒരുപോലെ ഉപകാരപ്പെടുന്ന തരത്തിലാണ് പദ്ധതി. പ്രീമിയം റെസിഡൻസുകൾ, സർവിസ് അപ്പാർട്മെന്റുകൾ, ഗ്രേഡ് എ ഓഫിസ് സ്ഥലങ്ങൾ, പ്രത്യേക ടൗൺഹൗസുകളും ഇതിൽ ഉൾപ്പെടുന്നു.
പദ്ധതിയുടെ കേന്ദ്രഭാഗത്ത് ന്യൂയോർക്കിലെ സെൻട്രൽ പാർക്കിന്റെ മാതൃകയിൽ ഒരു വലിയ ഹരിത ഇടം ഒരുക്കും. ഇത് ഈ പ്രോജക്ടിന് മാൻഹാട്ടന്റെ മനോഹാരിത നൽകും. പ്രീമിയം റീട്ടെയിൽ ഔട്ട്ലെറ്റുകൾ, കഫേകൾ, റസ്റ്റാറന്റുകൾ എന്നിവയും ട്രംപ് പ്ലാസ ജിദ്ദയിൽ ഉണ്ടാകും.
ഈ പദ്ധതി തങ്ങളുടെ മികവിന്റെ മറ്റൊരു ഉദാഹരണമാണെന്ന് ട്രംപ് ഓർഗനൈസേഷൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഡോണൾഡ് ട്രംപിന്റെ മകനുമായ എറിക് ട്രംപ് അഭിപ്രായപ്പെട്ടു. സൗദിയിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഒരു പുതിയ അധ്യായം കുറിക്കുന്നതാണ് ട്രംപ് പ്ലാസ ജിദ്ദയെന്ന് ദാർ ഗ്ലോബൽ സി.ഇ.ഒ സിയാദ് അൽ ചാർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

