സൂംബാ ഡാൻസ്; അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടി പ്രതിഷേധാർഹം -ക്യു.കെ.ഐ.സി
text_fieldsദോഹ: ഒരുവിധ ചർച്ചയും കൂടിയാലോചനയുമില്ലാതെ പൊതുവിദ്യാലയങ്ങളിലേക്ക് നിർബന്ധബുദ്ധിയിൽ സർക്കാർ കൊണ്ടുവന്ന സൂംബാ ഡാൻസ് എന്ന ‘ലഹരി വിരുദ്ധ’ പദ്ധതി അശാസ്ത്രീയവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനിടയുള്ളതുമാണെന്നും തെറ്റായ നീക്കങ്ങൾക്കെതിരെ പൊതുസമൂഹം ഉന്നയിക്കുന്ന ആശങ്കകൾ പരിഹരിക്കുക എന്നത് ഉത്തരവാദപ്പെട്ടവരുടെ ബാധ്യതയാണെന്നും ഖത്തർ കേരള ഇസ്ലാഹി സെന്റർ സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ് ഒരു വിയോജിപ്പ് ഉന്നയിച്ചപ്പോഴേക്കും ദ്രുതഗതിയിൽ അദ്ദേഹത്തിനെതിരെ സ്വീകരിച്ച സസ്പെൻഷനടക്കമുള്ള വിദ്യാഭ്യാസവകുപ്പിന്റെ നടപടികൾ തികഞ്ഞ ഫാഷിസവും പ്രതിഷേധാർഹവുമാണെന്നും യോഗം അഭിപ്രായപ്പെട്ടു. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമാണ്.
എന്റെ കുട്ടി സൂംബാ ഡാൻസ് കളിക്കില്ലെന്നും സർക്കാർ ഉദ്യോഗസ്ഥനായിരിക്കെത്തന്നെ ഞാൻ അതിന്റെ പ്രചാരകനാവില്ലെന്നും ഒരു പൗരൻ തീരുമാനിച്ചാൽ അതിൽ ഭരണകൂടം അതിർവരമ്പ് തിരിച്ചറിയണം. അല്ലാതെ ആ അധ്യാപകന് എതിരിൽ നടപടി സ്വീകരിക്കുകയല്ല ഒരു ജനാധിപത്യ സർക്കാറിന്റെ രീതി. എതിരഭിപ്രായം പറയുന്നവരെ വേട്ടയാടുന്ന കൾച്ചറൽ ഫാഷിസത്തിനെതിരെ ശബ്ദിക്കണമെന്നും യോഗം കൂട്ടിച്ചേർത്തു.ജന. സെക്രട്ടറി മുജീബ് റഹ്മാൻ മിശ്കാത്തി ആമുഖ ഭാഷണം നടത്തിയ യോഗത്തിൽ പ്രസിഡന്റ് കെ.ടി. ഫൈസൽ സലഫി അധ്യക്ഷത വഹിച്ചു. സെക്രട്ടേറിയറ്റ് അംഗങ്ങളായ മുഹമ്മദലി മൂടാടി, ഖാലിദ് കട്ടുപ്പാറ, ഷഹാൻ വി.കെ, ശബീറലി അത്തോളി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

