വിദ്യാർഥികൾക്ക് ‘സീറോ വേസ്റ്റ്’ മത്സരവുമായി മുനിസിപ്പാലിറ്റി മന്ത്രാലയം
text_fieldsദോഹ: ‘സീറോ വേസ്റ്റ്’ കാമ്പയിനിൽ പങ്കെടുക്കാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുക, മാലിന്യം സംസ്കരിക്കുന്നതിനും പുനരുപയോഗം ചെയ്യുന്നതിനും പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിനും പുതിയ വഴികൾ സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി വിദ്യാർഥികൾക്ക് മത്സരങ്ങൾ പ്രഖ്യാപിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം. വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് ജനുവരി 22ന് ആരംഭിച്ച മത്സരങ്ങൾ മാർച്ച് രണ്ടുവരെ തുടരും. പൊതു-സ്വകാര്യ സ്കൂളുകളിൽനിന്ന് പ്രൈമറി, പ്രിപ്പറേറ്ററി, സെക്കൻഡറി തലങ്ങളിലെ വിദ്യാർഥികൾക്കാണ് മത്സരങ്ങളിൽ പങ്കെടുക്കാനവസരം. വിഷയം പ്രതിഫലിപ്പിക്കുന്നതിൽ വിദ്യാർഥികളുടെ സർഗാത്മകത, വഴക്കം, മൗലികത, നവീനാശയങ്ങൾ എന്നിവ പ്രദർശിപ്പിക്കുക, മാലിന്യ സംസ്കരണത്തെക്കുറിച്ച് നൂതനചിന്തകൾ വികസിപ്പിക്കുക, മാലിന്യ സംസ്കരണത്തെക്കുറിച്ച് അവബോധമുള്ള തലമുറയെ സൃഷ്ടിക്കുക എന്നിവ ഇതിലൂടെ ലക്ഷ്യമിടുന്നു.
‘സീറോ വേസ്റ്റ്’ കാമ്പയിന്റെ സന്ദേശവും ലക്ഷ്യങ്ങളും പ്രചരിപ്പിക്കുന്നതിനും സമൂഹത്തിലെ മുഴുവൻ ജനവിഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനുമുള്ള സന്നദ്ധപ്രവർത്തനങ്ങൾക്കായി യുവാക്കളെ ബോധവത്കരിക്കുകയും ആകർഷിക്കുകയും ചെയ്യുക, അസംസ്കൃത വസ്തുക്കളുടെ ഉപയോഗത്തിന്റെ ആവശ്യകത കുറക്കുന്നതിലേക്ക് വഴിയൊരുക്കുന്ന മാലിന്യനിർമാർജനത്തിന്റെയും പുനരുപയോഗത്തിന്റെയും മാലിന്യസംസ്കരണത്തിന്റെയും പ്രാധാന്യം ഉയർത്തിക്കൊണ്ടുവരുക, ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി പ്രകൃതിവിഭവങ്ങളുടെ സുസ്ഥിരത സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളും മന്ത്രാലയം മുന്നോട്ട് വെക്കുന്നുണ്ട്.
ചിത്രരചന, പെയിന്റിങ്, ഫോട്ടോഗ്രഫി, കരകൗശല വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നതെന്നും ശനിയാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ മന്ത്രാലയം അറിയിച്ചു. വാട്ടർ കളർ, അക്രിലിക്, പെൻസിൽ, വിവിധ വസ്തുക്കൾ എന്നിവ ഉപയോഗിച്ച് ചിത്രരചന നിർവഹിക്കാം. ബോധവത്കരണ പോസ്റ്റർ, വിഡിയോ, ഡിജിറ്റൽ ഡിസൈൻ, ഡിജിറ്റൽ ഫോട്ടോഗ്രഫി എന്നിവയുൾപ്പെടുന്നതാണ് ഡിജിറ്റൽ ആർട്ട് മത്സരങ്ങൾ. മാലിന്യങ്ങളിൽനിന്ന് പുനരുപയോഗത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള കരകൗശല വസ്തുക്കളുടെ നിർമാണമാണ് മറ്റൊരു മത്സരം. മൂന്ന് വിഭാഗങ്ങളിൽനിന്നും ഒമ്പത് പുരസ്കാരങ്ങൾ വീതം ആകെ 27 പുരസ്കാരങ്ങൾ വിജയികൾക്ക് സമ്മാനിക്കും.
വിദ്യാർഥികളുടെ സർഗാത്മകതയെയും പുതുമയെയും അടിസ്ഥാനമാക്കിയുള്ളതായിരിക്കണം കലാസൃഷ്ടിയെന്നും ഇന്റേണൽ സ്കൂൾ സമിതി കലാസൃഷ്ടികൾ സ്വീകരിച്ച് അതിൽനിന്ന് മികച്ച സൃഷ്ടികളായിരിക്കണം മത്സരത്തിനായി അയക്കേണ്ടതെന്നും മന്ത്രാലയം വ്യക്തമാക്കി. മത്സരത്തിന്റെ വിശദാംശങ്ങൾ, വ്യവസ്ഥകൾ, സമ്മാനങ്ങൾ, ‘സീറോ വേസ്റ്റ്’ കാമ്പയിനുമായി ബന്ധപ്പെട്ട മറ്റുവിവരങ്ങൾ എന്നിവ വെബ്സൈറ്റിൽ ലഭ്യമാണെന്ന് മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

