ഇസ്ലാമിക മതകാര്യ മന്ത്രാലയത്തിന്റെ സകാത് വിതരണം; വിദ്യാഭ്യാസ മേഖലയിൽ വിതരണം ചെയ്തത് 5.5 കോടി റിയാൽ
text_fieldsദോഹ: ഇസ്ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫിന്റെ സകാത് കാര്യങ്ങളുടെ വിഭാഗം വിദ്യാഭ്യാസ മേഖലയിൽ വിതരണം ചെയ്തത് 5,49,44,393 ഖത്തർ റിയാൽ. 2024-25 അധ്യയന വർഷത്തിലാണ് ഇത്രയും തുക സകാത് വിദ്യാഭ്യാസ സഹായങ്ങൾക്കായി ഔഖാഫ് വിതരണം ചെയ്തത്. ഖത്തറിലെ അർഹരായ 1863 വിദ്യാർഥികൾക്ക് ഈ സഹായം ലഭിച്ചു. സ്വകാര്യ സ്കൂളുകൾ, യൂനിവേഴ്സിറ്റികൾ, റിഹാബിലിറ്റേഷൻ സെന്റർ തുടങ്ങി വിവിധ തലങ്ങളിലെ വിദ്യാർഥികൾക്ക് ഇത് സഹായമായി. ഈ വർഷം രണ്ട് അധ്യയന സെമസ്റ്ററുകളിലായാണ് സഹായം വിതരണം ചെയ്തതെന്ന് സകാത് വിതരണ വിഭാഗം മേധാവി പറഞ്ഞു.
ശരീഅത്ത് നിയമങ്ങൾക്കും മാനദണ്ഡങ്ങൾക്കും അംഗീകൃത സംവിധാനങ്ങൾക്കും അനുസൃതമായും, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഔദ്യോഗികമായി എൻറോൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കിയുമാണ് സഹായം വിതരണം ചെയ്തത്. സ്വകാര്യ സ്കൂളുകളിലെയും റിഹാബിലിറ്റേഷൻ കേന്ദ്രങ്ങളിലെയും വിദ്യാർഥികൾക്കായി 3,81,22,026 ഖത്തർ റിയാൽ നീക്കിവെച്ചപ്പോൾ, യൂനിവേഴ്സിറ്റി വിദ്യാർഥികളുടെ ചെലവുകൾക്കായി 1,68,22,367 ഖത്തർ റിയാൽ വിനിയോഗിച്ചതായും അദ്ദേഹം വിശദീകരിച്ചു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളുടെ പഠനത്തെ പിന്തുണക്കുന്നതിലും അവർക്ക് മികച്ച രീതിയിൽ പഠനം തുടരാനും സാമൂഹിക സംരംഭങ്ങളിലൊന്നായ ട്യൂഷൻ അസിസ്റ്റന്റ് പദ്ധതിയിലൂടെ സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക ഐക്യത്തിന്റെ അടിസ്ഥാനമാണ് സകാത്. വിവിധ സൗകര്യപ്രദമായ മാർഗങ്ങളിലൂടെ വർഷം മുഴുവനും വകുപ്പ് സകാത് സ്വീകരിക്കുന്നത് തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

