യുവകലാസന്ധ്യ 10ന്; ഡി. രാജയും സ്വാസികയും പങ്കെടുക്കും
text_fieldsദോഹയിൽ നടന്ന വാർത്തസമ്മേളനത്തിൽ യുവകലാസാഹിതി ഭാരവാഹികൾ സംസാരിക്കുന്നു
ദോഹ: കലാ-സാമൂഹിക കൂട്ടായ്മ യുവകലാസാഹിതി 17ാം വാർഷിക പരിപാടി ‘യുവകലാസന്ധ്യ 2023’വെള്ളിയാഴ്ച സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് അഞ്ചിന് ഐ.സി.സി അശോക ഹാളിൽ നടക്കുന്ന പരിപാടിയിൽ സിനിമതാരം സ്വാസിക മുഖ്യതിഥിയാവും. അന്തരിച്ച പ്രവാസി സാമൂഹിക പ്രവർത്തക സഫിയ അജിത്തിന്റെ പേരിൽ ഏർപ്പെടുത്തിയ ‘സ്ത്രീശക്തി അവാർഡ് ആനി രാജക്കും സി.കെ. ചന്ദ്രപ്പൻ അവാർഡ് അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന സംഘത്തിനും ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ സമ്മാനിക്കും.
ചടങ്ങിൽ ഗിന്നസ് റെക്കോഡർ ഷകീർ ചെറായിയെയും വേ ടു സക്സസ് ഫ്രെയിം എന്ന വിദ്യാഭ്യാസ യൂട്യുബ് ചാനലിലൂടെ ശ്രദ്ധേയയായ യുവ സംരംഭക റസീന ഷക്കീറിനെയും ആദരിക്കും. കോവിഡ് കാലത്ത് സേവനം നടത്തിയ യുവകലാസാഹിതിയുടെ പ്രവർത്തകരെയും ആദരിക്കും. വാർഷികത്തോടനുബന്ധിച്ചു നടത്തിയ സാഹിത്യ മത്സര വിജയികളുടെ രചനകൾ ഉൾക്കൊള്ളിച്ചുള്ള സുവനീർ വേദിയിൽ പ്രകാശനം ചെയ്യും.
പിന്നണി ഗായിക സജിലി സലീം നയിക്കുന്ന സംഗീത സന്ധ്യയിൽ ഖത്തറിലെ സുപരിചിതരായ ഗായകർ മണികണ്ഠൻ, റിയാസ് കരിയാട്, ശിവപ്രിയ, മൈഥിലി എന്നിവരും പാട്ടുപാടും. നൃത്തകലാരൂപങ്ങളും അരങ്ങേറും. ദോഹ ഗാർഡൻ വില്ലേജ് റസ്റ്റാറന്റ് പാർട്ടി ഹാളിൽ നടന്ന വാർത്തസമ്മേളനത്തിൽ യുവകലാ സാഹിത്യവേദി പ്രസിഡന്റ് അജിത്ത് കുമാർ പിള്ള, സെക്രട്ടറി രാഗേഷ് കുമാർ, പ്രോഗ്രാം കൺവീനർ റെജി പുത്തൂരാൻ, കോഓഡിനേഷൻ കമ്മിറ്റി സെക്രട്ടറിയും ലോക കേരളസഭാംഗവുമായ ഷാനവാസ് തറയിൽ, പ്രോഗ്രാം കൺവീനർ കെ.ഇ. ലാലു പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

