ഐ.സി.സിക്ക് മുപ്പതിൻെറ യുവത്വം
text_fieldsഐ.സി.സി സ്ഥാപക ദിനത്തിൻെറ ഭാഗമായി നടന്ന കലാപരിപാടിയിൽ നിന്ന്
ദോഹ: ഖത്തറിലെ ഇന്ത്യക്കാരുടെ കൂട്ടായ്മയായ ഇന്ത്യൻ കൾചറൽ സെൻററിന് ഇത് 30ൻെറ യുവത്വം. ഇന്ത്യൻ എംബസിയുടെ അനുബന്ധ സംഘടന എന്നനിലയിൽ ഖത്തറിലെ പ്രവാസി ഇന്ത്യക്കാർക്കും നയതന്ത്ര കാര്യാലയത്തിനുമിടയിലെ കണ്ണിയാണ് ഐ.സി.സി. 1991 സെപ്റ്റംബർ എട്ടിനായിരുന്നു ഇന്ത്യക്കാരുടെ പൊതു പ്ലാറ്റ്ഫോം എന്നനിലയിൽ കൾചറൽ സെൻറർ രൂപവത്കരിക്കുന്നത് സംബന്ധിച്ച് ആദ്യ കൂടിയാലോചന യോഗം നടക്കുന്നത്. എംബസി പരിസരത്തെ യോഗത്തിൽ അവതരിപ്പിച്ച ആശയം എല്ലാവരും സ്വാഗതംചെയ്തു. എന്നാൽ, ഔദ്യോഗിക ഉദ്ഘാടനത്തിന് ഒരു വർഷം കാത്തിരിക്കേണ്ടിവന്നു. 1992 ഒക്ടോബർ 26ന് അന്നത്തെ അംബാസഡറായിരുന്ന രമേശഷ് ചന്ദ്ര ശുക്ലയായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്.
എംബസിയുമായി ബന്ധപ്പെട്ട അനുബന്ധ സേവനങ്ങളിൽ കണ്ണിയായി ഇപ്പോൾ ഐ.സി.സിയുണ്ട്. ദേശഭാഷാ, വ്യത്യാസമില്ലാതെ ഇന്ത്യക്കാരൻ എന്ന തിരിച്ചറിവിൽ മാത്രം എല്ലാവരെയും ഒരു കുടക്കീഴിൽ അണിനിരത്തുന്ന സംവിധാനമായി ഇന്ത്യൻ കൾചറൽ സെൻററിനെ ഇതിനകം ഖത്തറിലെ പ്രവാസി ഭാരതീയർ ഏറ്റെടുത്തു. ഖത്തറിലെ ഏഴര ലക്ഷം വരുന്ന ഇന്ത്യക്കാരുടെ ഔദ്യോഗിക പ്രതിനിധിയാണ് ഇന്ന് ഐ.സി.സി. നിലവിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 102 സംഘടനകൾ സെൻററിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്നു. കോൺസുലാർ സേവനങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം ഖത്തറിൻെറ മണ്ണിലെ ഇന്ത്യൻ സാംസ്കാരിക വൈവിധ്യങ്ങളുടെ കൊടിയടയാളം കൂടിയാണ് ഐ.സി.സി. മലയാളികളുടെ ഓണം മുതൽ ഒഡിഷയിലെയും ഗുജാറാത്തിലെയും കശ്മീരിലെയും പ്രാദേശിക ഉത്സവങ്ങളും കലാപരിപാടികളും ഇവിടെ ആഘോഷമാവുന്നു. ക്ലാസിക്കൽ നൃത്തങ്ങൾ, കളരി, യോഗ തുടങ്ങിയവയുടെ പരിശീലനവും നൽകിയിരുന്നു. കോവിഡ് കാലത്ത് സ്തുത്യർഹമായ സേവനത്തിലൂടെയും ഇവർ മാതൃകയായി. നാട്ടിലേക്ക് മടങ്ങാനുള്ള വന്ദേഭാരത് മിഷൻെറ ഏകോപനത്തിൽ എംബസിക്കൊപ്പം ചേർന്നും കോവിഡ് അടച്ചുപൂട്ടലിനിടെ ഭക്ഷണ കിറ്റുകൾ എത്തിച്ചും മറ്റും സജീവമായി. ഇന്ന് 3000ത്തിലേറെ അംഗങ്ങൾ നിലവിലുണ്ട്. അംഗങ്ങളുടെ വോട്ടെടുപ്പിലൂടെയാണ് 11 അംഗ ഭരണസമിതി നിലവിൽ വരുന്നത്. രണ്ടു വർഷമാണ് ഓരോ സമിതിയുടെയും കാലാവധി.
30ാം വാർഷിക ആഘോഷം കഴിഞ്ഞ ദിവസം ഐ.സി.സി ആസ്ഥാനത്ത് സംഘടിപ്പിച്ചു. സ്ഥാപകാംഗങ്ങളെയും മുൻ ഭാരവാഹികളെയും അനുസ്മരിച്ചുകൊണ്ടായിരുന്നു ആഘോഷ പരിപാടികൾ. സെൻററിൻെറ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡൻറ് റൊളാൻഡ് മെൻഡോൻസയായിരുന്നു 30ാം വാർഷികത്തിലെ ശ്രദ്ധേയ സാന്നിധ്യം. 1993 മുതൽ 95 വരെ ഐ.സി.സിയുടെ അധ്യക്ഷ പദവിയിലിരുന്ന അദ്ദേഹം, തൻെറ പഴയകാല ഓർമകൾ സദസ്സുമായി പങ്കുവെച്ചു. അന്നത്തെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലെ താരമായിരുന്ന അദ്ദേഹത്തിൻെറ ഭാര്യ നോറീൻ പാറ്റ്സി റൊണാൾഡ് മെൻഡോസയും സദസ്സിലുണ്ടായിരുന്നു. സ്ഥാപകാംഗവും മുൻ ഭാരവാഹിയുമായ ഹസൻ ചൗഗ്ലയും തൻെറ പ്രവർത്തന കാലവും ഓർമകളും പങ്കുവെച്ചു. നിലവിലെ പ്രസിഡൻറ് പി.എൻ. ബാബുരാജ് 30ാം വാർഷിക ചടങ്ങുകളുടെ അധ്യക്ഷനായി.
ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ മുഖ്യാതിഥിയായി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലം പ്രവാസികൾക്കുവേണ്ടി സെൻറർ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. സേവ്യർ ധനരാജ്, ഉപദേശക സമിതി ചെയർമാൻ കെ.എസ് പ്രസാദ്, കെ.എം വർഗീസ്, മിലൻ അരുൺ, മണികണ്ഠൻ, സ്ഥാപകാംഗങ്ങളായ എ.കെ ഉസ്മാൻ, എൻ.വി ഖാദർ, അസീം അബ്ബാസ്, എച്ച്.പി സിങ് ഭുള്ളാർ എന്നിവർ പങ്കെടുത്തു. വാർഷികത്തിൻെറ ഭാഗമായി പുറത്തിറക്കിയ 'മിറർ' സുവനീർ അംബാസഡറും ഭാരവാഹികളും ചേർന്ന് പ്രകാശനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

