യുവജന ദിനാചരണം; സമൂഹത്തെ കെട്ടിപ്പടുക്കുന്നതിലും ദേശീയ വികസനം ഉറപ്പാക്കുന്നതിലും യുവാക്കളുടെ പങ്കാളിത്തം പ്രധാനം
text_fieldsദോഹ: പുനരുപയോഗം, പ്രകൃതിവിഭവ സംരക്ഷണം തുടങ്ങിയ പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സന്നദ്ധസേവന സംരംഭങ്ങൾ ഏറ്റെടുത്ത യുവാക്കളുടെ മികച്ച മാതൃകകളുണ്ടെന്ന് യുവജന മന്ത്രാലയത്തിലെ യുവജനകാര്യ വകുപ്പ് ഡയറക്ടർ ഫവാസ് അബ്ദുല്ല അൽ മിസ്ഫരി പറഞ്ഞു.
മറ്റുള്ളവർ സംരംഭകത്വത്തിൽ പങ്കെടുക്കുകയും ഉയർന്നുവരുന്ന പദ്ധതികളിലൂടെ ദേശീയ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് സംഭാവന നൽകുകയും ചെയ്യുന്നുണ്ട്.
ഖത്തരി സമൂഹത്തെ കെട്ടിപ്പടുക്കുന്നതിലും ദേശീയ വികസനം ഉറപ്പാക്കുന്നതിലും യുവാക്കളുടെ പങ്കാളിത്തം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക പദ്ധതികളിലും പ്രോഗ്രാമുകളിലും യുവാക്കളെ ഉൾപ്പെടുത്തുന്നതിലൂടെ അവരുടെ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കാനും നേതൃത്വ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള മനോഭാവം വർധിപ്പിക്കാനും സാധിക്കും. യുവജന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതിനും വിവിധ മേഖലകളിൽ അവരുടെ സജീവ ഇടപെടൽ പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാ വർഷവും ആഗസ്റ്റ് 12ന് അന്താരാഷ്ട്ര സമൂഹം യുവജന ദിനം ലോകമെമ്പാടും ആഘോഷിക്കുന്നു.
പൗരന്മാരായാലും താമസക്കാരായാലും ലിംഗഭേദമില്ലാതെ എല്ലാ യുവാക്കളെയും ഉൾപ്പെടുത്തി സംയോജിതവും സമഗ്രവുമായ പദ്ധതികൾ മന്ത്രാലയം നടപ്പാക്കുമെന്ന് അൽ മിസ്ഫരി കൂട്ടിച്ചേർത്തു. ഭിന്നശേഷി വിഭാഗങ്ങളെക്കൂടി ഉൾക്കൊള്ളുന്ന പരിപാടികളുമുണ്ട്. എ.ഐ ആപ്ലിക്കേഷനുകളെയും ഡിജിറ്റൽ പരിവർത്തനത്തെക്കുറിച്ചുമുള്ള പ്രഫഷനൽ പാനൽ ചർച്ചകളും വർക്ക്ഷോപ്പുകളും മന്ത്രാലയം സംഘടിപ്പിക്കുന്നുണ്ട്.
ദാനധർമത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും മനോഭാവത്തെ ശക്തിപ്പെടുത്തുന്ന കമ്യൂണിറ്റി സന്നദ്ധസേവന പ്രവർത്തനങ്ങളും നടത്തുന്നുവെന്ന് അൽ മിസ്ഫരി പറഞ്ഞു. ഇത്തരം പരിപാടികൾ വഴി യുവാക്കൾക്ക് വ്യത്യസ്തമാർന്ന പ്രായോഗിക പരിശീലനങ്ങൾ ഉൾക്കൊള്ളാൻ സഹായിക്കുന്നു.
ഖത്തർ നാഷനൽ വിഷൻ 2030ന്റെ ഭാഗമായി യുവാക്കളുടെ കഴിവുകൾ വളർത്തിയെടുക്കുന്നതിനും വികസിപ്പിക്കുന്നതിനും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

