ഭർത്താവിനെ തേടി വലഞ്ഞ് യുവതി; നാടണയാൻ എംബസി തുണയായി
text_fieldsഇന്ത്യൻ എംബസി ഓപൺ ഹൗസിൽ അംബാസഡർ വിപുലിനും ഐ.സി.ബി.എഫ് ഭാരവാഹികൾക്കും മുമ്പാകെ പരാതി ബോധിപ്പിക്കുന്ന യുവതി. ഇന്ത്യൻ എംബസി പങ്കുവെച്ച ചിത്രം
ദോഹ: വിവാഹം ചെയ്ത് മുങ്ങിയ ഭർത്താവിനെ തേടിയെത്തിയ ഇന്ത്യൻ യുവതിക്ക് ആശ്വാസമായി ഖത്തർ ഇന്ത്യൻ എംബസിയും അപെക്സ് സംഘടനയായ ഐ.സി.ബി.എഫും. ഏഴു മാസം ഗർഭിണിയായ ഹൈദരാബാദ് സ്വദേശനിയായ യുവതിയാണ് ഹയ്യ സന്ദർശക വിസയിൽ ഭർത്താവിനെ തേടി ഖത്തറിലെത്തിയത്. മേയ് മാസത്തിൽ ഖത്തറിലെത്തിയ ഇവർ ഭർത്താവിനെ കണ്ടെത്താൻ കഴിയാതെ ദുരിതത്തിലായതോടെ ഇന്ത്യൻ അംബാസഡർ വിപുലിന്റെ നേതൃത്വത്തിൽ നടക്കുന്ന ഓപൺ ഹൗസിലെത്തി സഹായം തേടി. ഖത്തറിലെ സാമൂഹ്യ പ്രവർത്തകരെ സമീപിച്ചാണ് മേയ് 29ന് നടന്ന ഓപൺ ഹൗസിൽ ഇവരെത്തിയത്. ദുബൈയിൽ വെച്ച് വിദേശ പൗരൻ വിവാഹം ചെയ്തുവെന്നായിരുന്നു യുവതി ബോധിപ്പിച്ചത്.
ഗർഭിണിയായ ശേഷം നാട്ടിലേക്ക് മടങ്ങിയ യുവതിക്ക് പിന്നെ ഭർത്താവിനെ കാണാൻ കഴിഞ്ഞില്ല. ഇയാൾ ഖത്തറിലുണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് സന്ദർശക വിസയിൽ ദോഹയിലെത്തിയത്. എന്നാൽ, ഇവിടെയെത്തി അന്വേഷിച്ചപ്പോൾ ഒമാനിൽ വന്നാൽ കണാമെന്നായി. ഒമാനിലേക്ക് പോകാൻ സഹായം തേടി എംബസിയിലെത്തിയപ്പോഴാണ് നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുക്കാമെന്ന് അറിയിച്ചത്. വിമാനയാത്രക്ക് ആരോഗ്യകരമായി സജ്ജമാണെന്ന ഡോക്ടറുടെ സാക്ഷ്യപത്രം ഹമദ് ആശുപത്രിയിലെത്തിൽ നിന്നും വാങ്ങിയ ശേഷമായിരുന്നു മടക്കയാത്രക്ക് വഴിയൊരുങ്ങിയത്. ഐ.സി.ബി.എഫ് നേതൃത്വത്തിൽ ടിക്കറ്റ് ഉൾപ്പെടെ നൽകി ഇവരെ നാട്ടിലെത്തിക്കുകയായിരുന്നു. ചിത്രം പങ്കുവെച്ചുകൊണ്ട് ഖത്തറിലെ ഇന്ത്യൻ എംബസി ‘എക്സ്’ പ്ലാറ്റ്ഫോം വഴി ഇക്കാര്യം അറിയിച്ചു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ജനറൽ സെക്രട്ടറി ദീപക് ഷെട്ടി, സെക്രട്ടറി ജാഫർ തയ്യിൽ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ മിനി സിബി, എംബസി ഉദ്യോഗസ്ഥർ എന്നിവരും ഓപൺ ഹൗസിൽ പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

