സമുദ്ര പൈതൃകം കണ്ടറിയാം, കതാറ പായ്ക്കപ്പൽ മേള തുടങ്ങി
text_fieldsമേളയിൽ പങ്കെടുക്കുന്ന പായ്ക്കപ്പലുകളിലൊന്ന്
ദോഹ: ഈ വർഷത്തെ കതാറ പരമ്പരാഗത പായ്ക്കപ്പൽ മേള തുടങ്ങി. ചൊവ്വാഴ്ച വൈകീട്ട് 3.30 മുതൽ കതാറ ബീച്ചിലാണ് മേള തുടങ്ങിയത്. നിരവധി വ്യത്യസ്ത ഇനത്തിലുള്ള പരമ്പരാഗത പായ്ക്കപ്പലുകൾ കാണാനും ഫോട്ടോയെടുക്കാനുമുള്ള അവസരമാണ് മേളയിലൂടെ കൈവന്നിരിക്കുന്നത്. ചൊവ്വാഴ്ച മേള രാത്രി 10 മണിവരെയാണ് ഉണ്ടായിരുന്നത്.
വ്യാഴാഴ്ചയും ശനിയാഴ്ചയും രാവിലെ പത്ത് മുതൽ രാത്രി പത്ത് വരെയും വെള്ളിയാഴ്ച ഉച്ചക്ക് ഒരുമണിമുതൽ രാത്രി 11 മണിവരെയുമായിരിക്കും മേള. ഡിസംബർ അഞ്ച് വരെ നീളുന്ന 10ാമത് പായ്ക്കപ്പൽ മേളയിൽ ഖത്തറിന് പുറമേ, കുവൈത്ത്, ഒമാൻ, സാൻസിബാർ, ഇറാഖ് രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. സമുദ്രവുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങൾ, പരമ്പരാഗത കടൽ പ്രകടനങ്ങൾ, സാംസ്കാരിക പരിപാടികൾ, ഖത്തറിെൻറ പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന വ്യത്യസ്തമായ പരിപാടികൾ എന്നിവ മേളയോടനുബന്ധിച്ച് നടക്കും.
ഖത്തറിെൻറ നൂറ്റാണ്ടുകളേറെ പഴക്കമുള്ള സമുദ്ര പൈതൃകത്തെ പുനരുജ്ജീവിപ്പിക്കുകയും സംരക്ഷിക്കുകയും പുതുതലമുറക്ക് പരിചയപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് മേള. മേളയിൽ പങ്കെടുക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള സമുദ്ര പൈതൃക പ്രദർശനം, പരമ്പരാഗത കരകൗശല വസ്തുക്കൾക്കായുള്ള വിവിധ രാജ്യങ്ങളുടെ പവലിയനുകൾ, കപ്പൽ നിർമാണവും സമുദ്ര കരകൗശലവുമായി ബന്ധപ്പെട്ട ശിൽപശാലകൾ എന്നിവയും ഷൗസ്, ഹദ്ദാഖ്, തഫ്രീസ് തുടങ്ങിയ മത്സരങ്ങളും നടക്കും. ഒമാനിൽ നിന്നെത്തുന്ന പരമ്പരാഗത നാടോടി നർത്തകരുടെ നൃത്ത, കലാപ്രകടനവും മേളയുടെ എല്ലാ ദിവസങ്ങളിലും സന്ദർശകർക്കായി അവതരിപ്പിക്കും.
കോവിഡ് പ്രതിസന്ധികൾക്കിടയിൽ ശക്തമായ സുരക്ഷാ മുൻകരുതലുകളോടെയാണ് ഇത്തവണ പരമ്പരാഗത പായ്ക്കപ്പൽ മേള സംഘടിപ്പിക്കുന്നത്. ഇതിനകം ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗവേഷകരുടെയും പൈതൃകവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെയും ശ്രദ്ധ നേടാൻ മേളക്കായിട്ടുണ്ടെന്നും കതാറ ജനറൽ മാനേജർ ഡോ. ഖാലിദ് ബിൻ ഇബ്റാഹിം അൽ സുലൈതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

