നിങ്ങൾക്ക് പറയാം; ഉപഭോക്തൃ സർവേയുമായി ‘കഹ്റമാ’
text_fieldsദോഹ: ഖത്തറിലെ ജല, വൈദ്യുതി വിതരണ സ്ഥാപനമായ ‘കഹ്റമാ’യുടെ സേവനങ്ങളിൽ നിങ്ങൾ തൃപ്തരാണോ...? സേവനങ്ങളെക്കുറിച്ചും ജീവനക്കാരുടെ പ്രകടനം സംബന്ധിച്ചും ഉപഭോക്താക്കൾക്ക് അഭിപ്രായങ്ങൾ പങ്കുവെക്കാനുള്ള അവസരവുമായി ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ (കഹ്റമാ). സേവനങ്ങളുടെ ഗുണനിലവാരം അളക്കുന്നതിന് ആരംഭിച്ച സമഗ്ര ഉപഭോക്തൃ സർവേ ജൂണിൽ ആരംഭിച്ച് ഈ വർഷം ഒക്ടോബർ വരെ നീളുമെന്ന് കഹ്റമാ അറിയിച്ചു.
ഏറ്റവും ഉയർന്ന സേവന നിലവാരം കൈവരിക്കുന്നതിനും ഉപഭോക്താക്കളുടെ സംതൃപ്തി നിലനിർത്താനുമുള്ള കോർപറേഷന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് പുതിയ സർവേ ആരംഭിച്ചിരിക്കുന്നതെന്നും ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യുന്നതിനുള്ള പദ്ധതികളുടെ ഭാഗമാണ് സർവേ. ഉപഭോക്താക്കളിൽനിന്ന് വിലപ്പെട്ട അഭിപ്രായങ്ങളും സേവനങ്ങൾ സംബന്ധിച്ച നിർദേശങ്ങളും സ്വീകരിക്കാനും ലക്ഷ്യമിടുന്നു. ഏറെ പ്രാധാന്യത്തോടെയാണ് സർവേയെ കാണുന്നതെന്നും പ്രസ്താവനയിൽ പറഞ്ഞു. കൂടാതെ നൽകുന്ന സേവനങ്ങളിൽ ഉപഭോക്താക്കളുടെ ആത്മവിശ്വാസം അളക്കാനും കാര്യക്ഷമമായ വർക്ക്ഫ്ലോ ഉറപ്പാക്കാനും ജീവനക്കാരെ പ്രാപ്തരാക്കുന്ന വിജ്ഞാനപ്രദമായ ഉപകരണമാണ് സർവേയെന്നും ഇത് അനിവാര്യമായ ഉപഭോക്തൃ ഇടപെടൽ മെച്ചപ്പെടുത്താനുള്ള വഴികൾ തേടുന്നതിനും തിരിച്ചറിയുന്നതിനും അവരുടെ അനുഭവങ്ങളെ ആഗോള സംതൃപ്തി നിലവാരത്തിലേക്ക് ഉയർത്തുന്നതിനും സഹായിക്കുന്നുവെന്നും പ്രസ്താവനയിൽ വിശദീകരിച്ചു.
അന്താരാഷ്ട്രപ്രശസ്ത ഏജൻസിയായ നീൽസൺ കൺസൾട്ടൻസിയുമായി സഹകരിച്ചാണ് കഹ്റമാ സർവേ നടത്തുന്നത്. റെസിഡൻഷ്യൽ, കമേഴ്സ്യൽ, കോർപറേറ്റ്, ബൾക്ക്/ഇൻഡസ്ട്രിയൽ ഉപഭോക്താക്കൾ എന്നിവയുൾപ്പെടെ എല്ലാ ഉപഭോക്തൃ വിഭാഗങ്ങളെയും ഉൾപ്പെടുത്തിയാണ് സർവേ നടത്തുന്നത്.
കോർപറേഷന്റെ തന്ത്രങ്ങൾക്കും പ്രോജക്ടുകൾക്കും മാർഗനിർദേശം നൽകുന്നതിനുള്ള അടിസ്ഥാനമായി ഉപഭോക്തൃ സർവേ മാറുമെന്ന് പ്ലാനിങ് ആൻഡ് ക്വാളിറ്റി വിഭാഗം മാനേജർ യൂസുഫ് അൽ ജെയ്ദ പറഞ്ഞു. പൊതുസേവനങ്ങളിൽ അന്താരാഷ്ട്ര നിലവാരത്തിൽ എല്ലാ ഉപഭോക്താക്കൾക്കും തടസ്സമില്ലാത്തതും ഉന്നത നിലവാരത്തിലുള്ളതുമായ അനുഭവം പ്രദാനം ചെയ്യുന്നതിൽ കഹ്റമായുടെ പ്രതിബദ്ധതയാണ് ചൂണ്ടിക്കാട്ടുന്നതെന്നും അൽ ജെയ്ദ കൂട്ടിച്ചേർത്തു.
കഹ്റമായുടെ ഉപഭോക്തൃ സേവന കേന്ദ്രങ്ങൾ, കാൾ സെന്റർ, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ, മൊബൈൽ ആപ്, സേവനങ്ങൾ നൽകുന്ന മറ്റു ഡെലിവറി മാർഗങ്ങൾ എന്നിവയെല്ലാം സർവേയിലുൾപ്പെടും.
ഉപഭോക്തൃ പ്രതീക്ഷകൾ നിറവേറ്റുന്നതിലും ഉന്നത നിലവാരത്തിൽ സേവനങ്ങൾ നൽകുന്നതിലും ഞങ്ങളുടെ വിജയത്തെക്കുറിച്ച സമഗ്രമായ ധാരണ കരസ്ഥമാക്കുകയാണ് സർവേയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

