ഇന്നലെ ഡ്രോൺ ആക്രമണശ്രമം
text_fieldsദോഹ: ഖത്തറിനുനേരെ തുടർച്ചയായി രണ്ടാം ദിവസവും ഇറാന്റെ ഡ്രോൺ ആക്രമണ ശ്രമം. ഞായറാഴ്ച ഇറാൻ തൊടുത്തുവിട്ട നിരവധി ഡ്രോൺ ആക്രമണ ശ്രമങ്ങളെ സായുധ സേന നിർവീര്യമാക്കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാൽ, ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങളോ നാശനഷ്ടങ്ങളെ സംബന്ധിച്ച വിവരങ്ങളോ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. ശനിയാഴ്ചയും ഖത്തറിനുനേരെ ഡ്രോൺ ആക്രമണമുണ്ടായിരുന്നു. ഒമ്പതുദിവസത്തെ ഇടവേളക്കുശേഷമാണ് തുടർച്ചയായി ആക്രമണമുണ്ടാകുന്നത്.
നസീം ഹെൽത്ത് കെയർ ബ്ലഡ് ഡൊണേഷൻ ഡ്രൈവും മെഡിക്കൽ ക്യാമ്പും വെള്ളിയാഴ്ച
ദോഹ: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് 'രക്തം നൽകൂ, ജീവൻ രക്ഷിക്കൂ' എന്ന മുദ്രാവാക്യത്തിൽ നസീം ഹെൽത്ത് കെയർ സംഘടിപ്പിക്കുന്ന ബ്ലഡ് ഡൊണേഷൻ ഡ്രൈവും സൗജന്യ മെഡിക്കൽ ക്യാമ്പും വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ ഉച്ചക്ക് ഒരുമണി വരെ സി റിങ് റോഡിലുള്ള നസീം സർജിക്കൽ ആൻഡ് മെഡിക്കൽ സെന്ററിൽ നടക്കും.
ബി.എം.ഐ, പ്രഷർ, ഷുഗർ, കൊളസ്ട്രോൾ, ജനറൽ ഫിസിഷ്യൻ കൺസൾട്ടേഷൻ തുടങ്ങിയ ആരോഗ്യ പരിശോധനകൾ ലഭ്യമാണ്. രക്തദാനത്തിനും സൗജന്യ പരിശോധനക്കും രജിസ്റ്റർ ചെയ്യാൻ ക്യൂ.ആർ കോഡ് സ്കാൻ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക. ഫോൺ: 44111133.
സമുദ്രഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു
ദോഹ: രാജ്യത്ത് സമുദ്രഗതാഗത പ്രവർത്തനങ്ങൾക്ക് ഭാഗികമായി പുനഃസ്ഥാപിച്ചു. മത്സ്യബന്ധന പ്രവർത്തനങ്ങൾക്കായി പ്രത്യേകമായി ലൈസൻസുള്ള കപ്പലുകൾക്കാണ് ഇന്നു മുതൽ നിയന്ത്രണങ്ങളോടെ സമുദ്രഗതാഗതത്തിനായി അനുമതി നൽകിയിരിക്കുന്നത്. പുറപ്പെടുന്നതിന് മുമ്പ് കപ്പലിന്റെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കണമെന്നും സമുദ്ര യാത്രാ സമയങ്ങളിലും തിരിച്ച് തുറമുഖത്തേക്ക് മടങ്ങിയെത്തുന്നതുവരെയും ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റവും വയർലെസ് കമ്മ്യൂണിക്കേഷൻ ഉപകരണവും (വി.എച്ച്.എഫ് - ചാനൽ 16) പ്രവർത്തനക്ഷമമായിരിക്കണമെന്നും നിർദേശിച്ചു. മറൈൻ വെസൽസ് നിയമത്തിലെ എല്ലാ വ്യവസ്ഥകളും നിയന്ത്രണങ്ങളും പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
ഷകീറയുടെ സംഗീത പരിപാടി നവംബർ 18ന്
ദോഹ: പോപ്പ് ഐക്കണും ഗ്രാമി അവാർഡ് ജേതാവുമായ ഷകീറയുടെ ദോഹയിലെ സംഗീത പരിപാടി നവംബർ 18ന് നടക്കുമെന്ന് ഖത്തർ കലണ്ടർ അറിയിച്ചു. നേരത്തേ ഏപ്രിൽ ഒന്നിന് നടത്താൻ തീരുമാനിച്ചിരുന്ന പരിപാടി മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് മാറ്റിവെക്കുകയായിരുന്നു. ലാസ് മുഹെറസ് യ നോ യോറൻ എന്ന ഏറ്റവും ഒടുവിലായി ഇറങ്ങിയ ആൽബത്തിന്റെ വേൾഡ് ടൂറിന്റെ ഭാഗമായാണ് ഷകീറ ഖത്തറിലെത്തുന്നത്. വിസിറ്റ് ഖത്തറിന്റെ സഹകരണത്തോടെയാണ് സംഗീത പരിപാടി സംഘടിപ്പിക്കുന്നത്. നേരത്തേ എടുത്ത എല്ലാ ടിക്കറ്റുകളും പുതിയ തീയതിവരെ സാധുവാണെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

