ലുസൈലിൽ ഇനി ടി.ടി പോരാട്ടങ്ങൾ
text_fieldsദോഹ: ടേബിൾ ടെന്നിസിലെ ലോകതാരങ്ങൾ മാറ്റുരക്കുന്ന വേൾഡ് ടി.ടി ചാമ്പ്യൻഷിപ്പിന് ഇന്ന് ഖത്തറിൽ തുടക്കം. ലുസൈൽ സ്പോർട്സ് അറീനയിലും, ഖത്തർ യൂനിവേഴ്സിറ്റിയിലുമായി മേയ് 17 മുതൽ 25 വരെയാണ് വേൾഡ് ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ് കിരീട പോരാട്ടങ്ങൾക്ക് അരങ്ങേറുന്നത്.
127 രാജ്യങ്ങളിൽനിന്നായി 640 താരങ്ങൾ മാറ്റുരക്കും. സിംഗ്ൾസിൽ 256ഉം, ഡബിൾസിൽ 256ഉം, മിക്സഡ് ഡബിൾസിൽ 128 താരങ്ങൾ ഉൾപ്പെടുന്ന 443 മത്സരങ്ങൾക്കാണ് ഇനിയുള്ള ദിവസങ്ങളിൽ ഖത്തർ വേദിയാകുന്നത്. തലസ്ഥാന നഗരിയിൽനിന്നും 15 കിലാമീറ്ററോളം അകലെയായി ലുസൈൽ സിറ്റി വേദിയൊരുക്കുന്ന ലോകചാമ്പ്യൻഷിപ്പിൽ മാറ്റുരക്കുന്ന ടീമുകളെല്ലാം നേരത്തേ എത്തി.
വിപുലമായ സൗകര്യങ്ങളാണ് മത്സരത്തിനായി ഒരുക്കിയത്. 20,000ത്തോളം കാണികൾക്കും കളിക്കാർക്കും ഒഫിഷ്യൽസിനും മാധ്യമങ്ങൾക്കുമുള്ള എല്ലാ സജ്ജീകരണങ്ങളും തയാർ. ലോകചാമ്പ്യൻഷിപ്പിന്റെ തയാറെടുപ്പുകൾ ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റും പ്രാദേശിക സംഘാടകസമിതി ചെയർമാനുമായ ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനി വിലയിരുത്തി.
ലോകോത്തര താരങ്ങൾ മാറ്റുരക്കുന്ന ടൂർണമെന്റിൽ ഖത്തറിനുവേണ്ടി സുൽതാൻ ഖാലിദ് അൽ കുവാരി, മുഹമ്മദ് അബ്ദുൽവാഹാബ്, ഐയ മുഹമ്മദ്, മർയം അലി എന്നിവർ മത്സരിക്കും. കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാവ് മണിക ബത്ര ഉൾപ്പെടെ 11 അംഗ ഇന്ത്യൻ സംഘവും ടൂർണമെന്റിൽ പങ്കെടുക്കും. ശ്രീജ അകുല, സത്യൻ ജ്ഞാനശേഖരൻ, സത്രിത, അയിഖ മുഖർജി തുടങ്ങിയവരും ഇന്ത്യൻ ജഴ്സിയിൽ ഇറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

