വേൾഡ് സോക്കർ മാഗസിൻ ‘പീപ്ൾ ഓഫ് ദി ഇയർ’ ബഹുമതി ഹസൻ അൽ തവാദിക്ക്
text_fieldsഹസൻ അൽ തവാദി
ദോഹ: ഖത്തറിന്റെ ലോകകപ്പ് ശിൽപി എന്നറിയപ്പെടുന്ന സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദിക്ക് വേൾഡ് സോക്കർ മാഗസിൻ നൽകുന്ന ‘പീപ്ൾ ഓഫ് ദി ഇയർ’ ബഹുമതി. അൽ കാസ് ചാനലാണ് ഇക്കാര്യം പുറത്തുവിട്ടത്. ഖത്തറിനും മേഖലക്കും ലോകത്തിനും പരിവർത്തനാത്മക പാരമ്പര്യം നൽകിയ ഒരു ലോകകപ്പ് ടൂർണമെന്‍റിനാണ് ഹസൻ അൽ തവാദി നേതൃത്വം നൽകിയത്. നിരവധി ശക്തികളുടെ വിമർശനങ്ങളെ ചെറുക്കുന്നതിനിടയിൽ മറ്റേതൊരു ടൂർണമെന്‍റിനേക്കാളും മികച്ച രീതിയിൽ മഹാമേള വിജയകരമായി സംഘടിപ്പിക്കാൻ മുന്നണിയിൽ നിലയുറപ്പിച്ച അൽ തവാദിക്ക് ഇംഗ്ലീഷ് മാഗസിൻ പ്രത്യേക ക്രെഡിറ്റ് നൽകുകയും പ്രശംസ അറിയിക്കുകയും ചെയ്തു.
‘ലോകകപ്പ് ആതിഥ്യത്തിനായുള്ള ഖത്തറിന്റെ പരിശ്രമങ്ങൾ വിജയത്തിലെത്തിച്ചതിൽ ഹസൻ അൽതവാദിക്ക് വലിയ പങ്കുണ്ട്. ഇതിനുശേഷം നിരന്തരമായ പാശ്ചാത്യ വിമർശനങ്ങൾക്കെതിരെ പോരാടുന്നതോടൊപ്പം ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിന് അദ്ദേഹം മേൽനോട്ടം വഹിക്കുകയും ചെയ്തു. സ്കൻതോർപ്പിലും ഷെഫീൽഡിലും പഠിച്ച ഹസൻ അൽ തവാദി ലിവർപൂളിന്റെ വലിയ പിന്തുണക്കാരൻ കൂടിയാണ്’ -വേൾഡ് സോക്കർ മാഗസിൻ എഴുതുന്നു.
ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ദശാബ്ദക്കാലത്തെ തയാറെടുപ്പുകൾക്കിടയിൽ ആഭ്യന്തരവും ബാഹ്യവുമായ നിരവധി പ്രതിബന്ധങ്ങളെയാണ് ഖത്തർ തരണം ചെയ്തത്. 2013ൽ സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറലായി നിയമിതനായ ശേഷം അൽ തവാദിയും ഈ പോരാട്ടത്തിന്റെ മുന്നണിയിൽ അണിചേർന്നു. അറേബ്യൻ പെനിൻസുലയിലെ കൊച്ചുരാജ്യത്തിന് വമ്പൻ കായിക മാമാങ്കം വിജയിപ്പിക്കാൻ സാധ്യമല്ലെന്ന മുൻധാരണകളെ അൽ തവാദിയും സംഘവും തച്ചുടക്കുകയായിരുന്നു. 2009ൽ വേൾഡ് സോക്കർ മാഗസിന് നൽകിയ അഭിമുഖത്തിൽ തങ്ങൾക്ക് ലോകകപ്പ് വൻ വിജയമാക്കി മാറ്റാൻ കഴിയുമെന്ന ഹസൻ അൽ തവാദിയുടെ പ്രതീക്ഷകളും മാഗസിൻ വീണ്ടും ഓർമിപ്പിച്ചു. പാരിസ് സെന്റ് ജെർമെയ്ൻ ക്ലബിന്റെ ഉടമയായ നാസർ അൽ ഖലീഫിയായിരുന്നു 2020ൽ വേൾഡ് സോക്കർ മാഗസിന്റെ പീപ്ൾ ഓഫ് ദ ഇയർ പുരസ്കാരത്തിന് അർഹനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

