ലോക മാസ്റ്റേഴ്സ് ഗെയിംസ്; ഇന്ത്യക്കായി മെഡലണിഞ്ഞ് ഖത്തർ മലയാളികൾ
text_fieldsലോകമാസ്റ്റേഴ്സ് ഗെയിംസ് ഹാൻഡ്ബാളിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിലെ അംഗങ്ങളായ സജി ശ്രീകുമാർ, ശ്യാം ശിവജി, നവാസ് മുഹമ്മദ് എന്നിവർ
ദോഹ: തായ് വാനിലെ തായ്പെയിൽ നടന്ന ലോക മാസ്റ്റേഴ്സ് ഗെയിംസിൽ വെങ്കലം നേടിയ ഇന്ത്യൻ ഹാൻഡ്ബാൾ സംഘത്തിൽ ഖത്തറിൽനിന്നുള്ള മൂന്ന് മലയാളികൾ. മേയ് 17 മുതൽ 30 വരെ ലോക മാസ്റ്റേഴ്സ് ഗെയിംസിൽ 35ന് മുകളിലുള്ള പുരുഷന്മാരുടെ ഹാൻഡ്ബാൾ മത്സരത്തിലായിരുന്നു ഇന്ത്യയെ തേടി വെങ്കലമെത്തിയത്. വമ്പൻ ടീമുകളെ അട്ടിമറിച്ച് ഇന്ത്യൻ സംഘം മെഡൽകുതിപ്പ് നടത്തിയപ്പോൾ കൈകരുത്തുമായി ഖത്തർ പ്രവാസികളായ തിരുവനന്തപുരം സ്വദേശി സാജി ശ്രീകുമാർ, പാലക്കാട്ടുകാരൻ നവാസ് മുഹമ്മദ്, തൃശൂർ സ്വദേശി ശ്യാം ശിവജി എന്നിവരാണ് നിർണായക സാന്നിധ്യമായത്.മൂന്നുപേരും ഖത്തർ കേരള ഹാൻഡ്ബാൾ അസോസിയേഷൻ ടീമിലെ അംഗങ്ങളാണ്.
ചാമ്പ്യന്മാരായ ജപ്പാനുമുന്നിലാണ് സെമി ഫൈനലിൽ ടീം കീഴടങ്ങിയത്. ലൂസേഴ്സ് ഫൈനലിൽ തായ്‍ലൻഡിനെ വീഴ്ത്തിയായിരുന്നു കിരീട നേട്ടം. ദോഹയിലെ ഗലീലിയോ ഇന്റർനാഷനൽ സ്കൂൾ കായികാധ്യാപകനായ സാജി ശ്രീകുമാരൻ, നവാസ് മുഹമ്മദ് എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ കായികാധ്യാപകനാണ്. ശ്യാം ശിവജി ഖത്തർ എറോണോട്ടിക്കൽ അക്കാദമി ജീവനക്കാരനാണ്. നേരത്തെ സ്കൂൾ, കോളജ് പഠനകാലങ്ങളിൽ സംസ്ഥാന ടീമിന്റെയും, യൂനിവേഴ്സിറ്റി ടീമിന്റെയും താരങ്ങളായ മേൽവിലാസം കുറിച്ച മൂവരും ഖത്തറിലെത്തിയപ്പോഴും ഹാൻഡ്ബാളിൽ സജീവമായി തുടർന്നു. ദേശീയ മാസ്റ്റേഴ്സ് ഗെയിംസിൽ കേരളത്തിന് സ്വർണം സമ്മാനിച്ചാണ് ലോകചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്.രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിക്ക് കീഴിലുള്ള ഇന്റർനാഷനൽ മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷനു കീഴിലാണ് വേൾഡ് മാസ്റ്റേഴ്സ് ഗെയിംസ് സംഘടിപ്പിക്കുന്നത്.90 കായിക ഇനങ്ങളിലായി 108 രാജ്യങ്ങളിൽ നിന്നുള്ള 25,000ത്തിൽ അധികം താരങ്ങളാണ് മെഗാ മേളയിൽ പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

