ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അപലപിച്ച് ലോക നേതാക്കൾ; വ്യാപക പ്രതിഷേധം
text_fieldsദോഹ: ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ലോകരാഷ്ട്രങ്ങളും അന്താരാഷ്ട്ര സംഘടനകളും ശക്തമായി അപലപിച്ചു. ഖത്തറിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച നേതാക്കൾ, ഖത്തറിന്റെ സുരക്ഷ-സമാധന ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു. മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും തുരങ്കംവെക്കുന്ന ആക്രമണത്തെ നേതാക്കൾ പൂർണമായും എതിർത്തു. ഐക്യരാഷ്ട്ര സഭ, അറബ് ലീഗ് തുടങ്ങിയ അന്താരാഷ്ട്ര സംഘടനകൾ ആക്രമണത്തെ അപലപിച്ചും ഖത്തറിന് പിന്തുണയുമായും രംഗത്തെത്തി. ഹമാസിന്റെ നേതാക്കൾ താമസിക്കുന്ന ദോഹയിലെ റെസിഡൻഷ്യൽ ആസ്ഥാനം ലക്ഷ്യമിട്ടായിരുന്നു ഇസ്രായേൽ ആക്രമണം നടത്തിയത്.
ഇസ്രായേൽ ആക്രമണത്തെ ശക്തമായി അപലപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൊവ്വാഴ്ച രാത്രി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. സംഭാഷണത്തിനിടെ ഖത്തറിനോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ച അദ്ദേഹം മേഖലയിലെ പ്രശ്നങ്ങൾ നയതന്ത്രശ്രമങ്ങളിലൂടെ പരിഹരിക്കണമെന്ന് ചൂണ്ടിക്കാട്ടി. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായുള്ള ഫോൺ സംഭാഷണത്തിനിടെ, ആക്രമണത്തെ തുർക്കിയ പ്രസിഡന്റ് ജബ് ത്വയ്യിബ് ഉർദുഗാൻ ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ ഐക്യദാർഢ്യവും ഹമാസ് നേതാക്കളുടെ പാർപ്പിട സമുച്ചയങ്ങൾ ലക്ഷ്യമിട്ടുള്ള ഇസ്രായേൽ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം അറിയിച്ചു.
സംഭവത്തിൽ ശക്തമായി അപലപിച്ച ഒമാൻ, മേഖലയുടെ സ്ഥിരതക്ക് ഭീഷണിയാകുന്നതും സമാധാനത്തിലേക്കുള്ള പാതയെ ദുർബലപ്പെടുത്തുന്നതുമാണിതെന്ന് പ്രസ്താവനയിൽ പറഞ്ഞു. ഇത്തരം നടപടികൾ അന്താരാഷ്ട്ര കൺവെൻഷനുകൾ ലംഘിക്കുക മാത്രമല്ല, രാഷ്ട്രീയ കൊലപാതകങ്ങളുടെയും വഞ്ചനയുടെയും കുറ്റകൃത്യങ്ങളെ പ്രതിനിധാനംചെയ്യുന്നതാണെന്നും പറഞ്ഞു.
ഇസ്രായേൽ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് രംഗത്തുവന്ന ബഹ്റൈൻ, ആക്രമണം ഖത്തറിന്റെ പരമാധികാരത്തിനും അന്താരാഷ്ട്ര നിയമങ്ങൾക്കുമെതിരായ നഗ്നമായ ലംഘനമാണെന്ന് പ്രസ്താവനയിൽ പറഞ്ഞു. ഖത്തറിന്റെ സുരക്ഷ, പരമാധികാരം, പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ എന്നിവ സംരക്ഷിക്കാൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ബഹ്റൈൻ പൂർണ പിന്തുണ പ്രഖ്യാപിച്ചു. മേഖലയിലെ സമാധാനവും സുരക്ഷയും സംരക്ഷിക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്നും സംഘർഷങ്ങൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. ഇസ്രായേൽ ആക്രമണം എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനവും മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും ഗുരുതരമായ ഭീഷണിയുമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ദുർബലപ്പെടുത്തുന്നതാണ് ഇസ്രായേൽ നടപടി. ആക്രമണം തടയാൻ യു.എൻ രക്ഷാകൗൺസിൽ അടിയന്തരവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു.
ആക്രമണം എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും ഖത്തറിന്റെയും മേഖലയിലെ രാജ്യങ്ങളുടെയും സുരക്ഷക്ക് ഗുരുതരമായ ഭീഷണിയാണെന്നും ലബനാൻ പ്രസിഡന്റ് ജോസഫ് ഔൻ പറഞ്ഞു. ഇസ്രായേലിന്റേത് ക്രിമിനൽ പ്രവൃത്തിയാണെന്നും എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസി, അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായുള്ള ഫോൺ സംഭാഷണത്തിനിടെ അഭിപ്രായപ്പെട്ടു. മേഖലയിലെ രാജ്യങ്ങളുടെയും സുരക്ഷക്ക് ഭീഷണിയാണിതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഖത്തറിനോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ച ജർമൻ ചാൻസലർ ഫ്രെഡറിക് മെർസിൽ, ഹമാസ് നേതാക്കളുടെ പാർപ്പിട സമുച്ചയങ്ങളെ ലക്ഷ്യമിട്ടുള്ള ഇസ്രായേലി ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി പറഞ്ഞു.
പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ശരീഫ്, ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ ബിൻ അൽ ഹുസൈൻ, സോമാലിയൻ പ്രസിഡന്റ് ഹസൻ ശൈഖ് മഹ്മൂദ്, ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെഷസ്കിയാൻ, ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനി, ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ തുടങ്ങി വിവിധ രാഷ്ട്ര നേതാക്കൾ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി ഫോൺ സംഭാഷണത്തിലൂടെ ഐക്യദാർഢ്യവും പിന്തുണയും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

