Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോക നിക്ഷേപക ഫോറത്തിന് ദോഹയിൽ തുടക്കം; പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
ലോക നിക്ഷേപക ഫോറത്തിന് ദോഹയിൽ തുടക്കം; പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി ഉദ്ഘാടനം ചെയ്തു
cancel

ദോഹ: ലോക നിക്ഷേപക ഫോറത്തിന് ഖത്തർ തലസ്ഥാനമായ ദോഹയിൽ തുടക്കം. ഭാവിക്കായുള്ള നിക്ഷേപം എന്ന പ്രമേയത്തിൽ യു.എൻ ട്രേഡ് ആൻഡ് ഡെവലപ്‌മെന്റുമായി സഹകരിച്ചാണ് ഫോറം സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി പങ്കെടുത്തു. 2012 ൽ മൂന്നാം പതിപ്പിന് വേദിയായതിന് ശേഷം, 14 വർഷത്തെ ഇടവേളക്ക് ശേഷമാണ് ലോക നിക്ഷേപക സംഗമത്തിന് ഖത്തർ വേദിയാകുന്നത്. ഒക്ടോബർ 27 വരെ നീണ്ടുനിൽക്കുന്ന പരിപാടിയിൽ വിവിധ രാജ്യങ്ങളിലെ മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, അന്താരാഷ്ട്ര സംഘടനാ നേതാക്കൾ, സംരംഭകർ, അക്കാദമിക് വിദഗ്ധർ എന്നിവരടക്കം അയ്യായിരത്തിലധികം പേരാണ് പങ്കെടുക്കുന്നത്. വിവിധ വിഷയങ്ങളിൽ 406 പ്രഭാഷകർ സംസാരിക്കും.

ഹുർമുസ് കടലിടുക്കിലെ സഞ്ചാര തടസ്സങ്ങൾ, ഊർജ വിതരണത്തിലെയും ചരക്കുനീക്കത്തിലെയും വെല്ലുവിളികൾ, ഗതാഗത -ഇൻഷുറൻസ് ചെലവുകളുടെ വർധനവ് തുടങ്ങിയ പ്രാദേശിക -ആഗോള സാമ്പത്തിക പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ ഇൻവെസ്റ്റ്‌മെന്റ് ഫോറം നടക്കുന്നത്. അടിയന്തര സാഹചര്യങ്ങളിൽ വിതരണ ശൃംഖലകൾ തടസ്സപ്പെടാതിരിക്കാനും ബദൽ പാതകൾ കണ്ടെത്താനുമുള്ള അന്താരാഷ്ട്ര സഹകരണത്തിന് സമ്മേളനം പ്രാധാന്യം നൽകും.

ആഗോള സാമ്പത്തിക രംഗത്തുണ്ടാകുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ, ആഗോള നിക്ഷേപങ്ങളെ സ്വാധീനിക്കുന്ന പ്രധാന വെല്ലുവിളികളും മാറ്റങ്ങളും ഫോറം ചർച്ച ചെയ്യും. അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ചർച്ചയാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ നിക്ഷേപം, സംരംഭകത്വവും ചെറുകിട -ഇടത്തരം സംരംഭങ്ങളും, സുസ്ഥിര ധനകാര്യവും ബിസിനസും, ടൂറിസം എന്നിങ്ങനെ എട്ട് പ്രധാന മേഖലകളിലായി 108 സെഷനുകളും ഉന്നതതല സംവാദങ്ങളുമാണ് അജണ്ടയിലുള്ളത്.

ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയമാണ് പരിപാടിയുടെ ഔദ്യോഗിക പങ്കാളി. ഖത്തറിന്റെ സാമ്പത്തിക വൈവിധ്യവൽക്കരണം, സാമ്പത്തിക ശേഷി വർധിപ്പിക്കൽ, സ്വകാര്യ മേഖലയുടെ വളർച്ച, വിദേശ നിക്ഷേപ ആകർഷണം എന്നിവ മുന്നിൽ കണ്ടാണ് മന്ത്രാലയത്തിന്റെ സഹകരണം. ജി.സി.സി രാജ്യങ്ങളുടെ കൂട്ടായ്മയിൽ നടക്കുന്ന 'ഗൾഫ് മേഖലയിലെ നിക്ഷേപത്തിന്റെ ഭാവി' എന്ന സെഷൻ ഫോറത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ഗൾഫ് മേഖലയിലെ സഹകരണം ശക്തമാക്കാനും ആഗോള നിക്ഷേപ കേന്ദ്രമെന്ന നിലയിൽ മേഖലയുടെ സ്ഥാനം ഉറപ്പാക്കാനും ലക്ഷ്യമിട്ട് നടക്കുന്ന ഈ സെഷനിൽ വിവിധ ജി.സി.സി മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - World Investment Forum Doha
Next Story