കൈക്കരുത്തിൽ കുതിക്കാൻ ഖത്തർ ഇറങ്ങുന്നു
text_fieldsലോക ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന ഖത്തർ ടീം
ദോഹ: കൈക്കരുത്തുമായി ലോകരാജ്യങ്ങൾ മാറ്റുരക്കുന്ന ലോക ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിൽ ഖത്തറും കളത്തിലിറങ്ങുന്നു. ചൊവ്വാഴ്ച ക്രൊയേഷ്യയിൽ തുടക്കം കുറിക്കുന്ന പുരുഷ ഹാൻഡ്ബാൾ ലോകചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്നതിന് ഖത്തർ സംഘം ആതിഥേയ രാജ്യത്തെത്തി. ഫെബ്രുവരി രണ്ടുവരെ നടക്കുന്ന ടൂർണമെന്റിൽ ഗ്രൂപ് ‘സി’യിൽ ഫ്രാൻസ്, ഓസ്ട്രിയ, കുവൈത്ത് ടീമുകൾക്കൊപ്പമാണ് ഖത്തർ. ആദ്യ മത്സരത്തിൽ ചൊവ്വാഴ്ച ഫ്രാൻസിനെ നേരിടും. 16ന് ഓസ്ട്രിയ, 18ന് കുവൈത്ത് എന്നിവരാണ് അടുത്ത എതിരാളികൾ. 2013 മുതൽ തുടർച്ചയായി ലോകചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഖത്തറിന്റെ പത്താമത് പങ്കാളിത്തമാണിത്. 2023ൽ ടീം 22ാം സ്ഥാനത്തായിരുന്നു. 2015 ഖത്തർ വേദിയായ ചാമ്പ്യൻഷിപ്പിൽ റണ്ണേഴ്സായതാണ് മികച്ച നേട്ടം.
സജീവമായ പരിശീലനവും രണ്ട് സന്നാഹ മത്സരങ്ങളും പൂർത്തിയാക്കിയാണ് ഖത്തർ ക്രൊയേഷ്യയിലെത്തിയത്. സ്ലൊവേനിയ, അൽജീരിയ ടീമുകൾക്കെതിരെ കളിച്ചപ്പോൾ നേരിയ സ്കോറിനായിരുന്നു തോൽവി. അതിനിടെ ദോഹയിൽ നടന്ന സൗഹൃദ മത്സരത്തിൽ അർജന്റീനക്കെതിരെ രണ്ട് ജയവും ടീം നേടിയിരുന്നു.
കോച്ച് വാസ്ലിൻ വുജോവികിന്റെ നേതൃത്വത്തിൽ 20 അംഗ സംഘമാണ് ഖത്തറിനായി മത്സരിക്കുന്നത്. റാഫേൽ കാപ്റ്റോ, ഫ്രാങ്കിസ് മർസോ, യൂസുഫ് ബിൻ അലി, അമിൻ സകർ എന്നിവരാണ് പ്രധാന താരങ്ങൾ.
അഞ്ചു വൻകരകളിൽനിന്നുള്ള 32 ടീമുകളാണ് ലോകചാമ്പ്യൻഷിപ്പിൽ മാറ്റുരക്കുന്നത്. പ്രാഥമിക റൗണ്ടിൽനിന്നും 24 ടീമുകൾക്ക് മെയിൻ റൗണ്ടിലേക്ക് യോഗ്യത നേടാം. ഇവരിൽനിന്നാവും ക്വാർട്ടർ ഫൈനൽ ഉൾപ്പെടെ നോക്കൗട്ടിലേക്കുള്ള യാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

