ലോകകപ്പ്: ഖത്തറിന്റെ ആതിഥേയത്വം സ്വാഗതം ചെയ്ത് യു.എൻ
text_fieldsശൈഖ അൽയാ അഹ്മദ് ബിൻത് സൈഫ് ആൽഥാനി
ദോഹ: ഫിഫ ലോകകപ്പ് ഫുട്ബാളിനായുള്ള ഖത്തറിന്റെ ആതിഥേയത്വത്തെ സ്വാഗതം ചെയ്ത് ഐക്യരാഷ്ട്രസഭ പൊതുസഭ. പൊതുസഭ സർവ സമ്മതത്തോടെ അവതരിപ്പിച്ച 'ദി 2022 വേൾഡ് കപ്പ് ഓർഗനൈസ്ഡ് ബൈ ഫിഫ ഇൻ ഖത്തർ' എന്ന തലക്കെട്ടിലുള്ള പ്രമേയത്തിലാണ് ഖത്തറിന്റെ ആതിഥേയത്വത്തെ സ്വാഗതം ചെയ്തത്.
സ്പോർട്സ് സമാധാനത്തിനും വികസനത്തിനും എന്ന ബാനറിൽ, കായിക വളർച്ചയിലൂടെ ലോകസമാധാനവും വികസനവും എന്ന ചർച്ചയിലായിരുന്നു 106 രാജ്യങ്ങളുടെ പിന്തുണയോടെ ഖത്തർ പ്രമേയം അവതരിപ്പിച്ചത്.
സമാധാനവും പുരോഗതിയും മനുഷ്യാവകാശങ്ങളെ മാനിക്കലും ലിംഗസമത്വവും സ്ത്രീ ശാക്തീകരണവും ഉയർത്തിപ്പിടിക്കുന്നതിൽ കായികമേഖലക്ക് വലിയ പങ്ക് വഹിക്കാൻ സാധിക്കുമെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
ഫിഫ, ലോകാരോഗ്യ സംഘടന, ഖത്തർ എന്നിവരുടെ സംയുക്ത സഹകരണത്താൽ ആരംഭിച്ച ആരോഗ്യകരമായ ലോകകപ്പിനായുള്ള ദീർഘകാലാടിസ്ഥാനത്തിലെ സഹകരണ പങ്കാളിത്തത്തിന് പൊതുസഭ പിന്തുണ പ്രഖ്യാപിച്ചു. മേഖലയുടെ വളർച്ചക്കും സമാധാനത്തിനും വേണ്ടി ലോകകപ്പിന്റെ ശേഷിപ്പുകൾ നിലനിർത്തുന്നതിന് ബന്ധപ്പെട്ട അതോറിറ്റികളും ഏജൻസികളും പരമാവധി പരിശ്രമിക്കണമെന്ന് ജനറൽ അസംബ്ലി ആവശ്യപ്പെട്ടു. ആതിഥേയ സമൂഹത്തിനായി സുസ്ഥിരതയിലൂന്നിയുള്ള സംഘാടനം ഉറപ്പു വരുത്തണമെന്നും വിശിഷ്യാ സാമ്പത്തിക ചെലവ്, പരിസ്ഥിതി-സാമൂഹിക ആഘാതം, അടിസ്ഥാന സൗകര്യങ്ങളുടെ ഉചിതമായ ഉപയോഗം തുടങ്ങിയവയിൽ ഊന്നിയായിരിക്കണമിതെന്നും പൊതുസഭയുടെ പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
കായികമേഖലയെ സമാധാനവും പുരോഗതിയും കൊണ്ടു വരുന്നതിനുള്ള പ്രധാന ഉപകരണമാക്കുന്നതിൽ എല്ലാ അംഗരാജ്യങ്ങളുടെയും പിന്തുണ അനിവാര്യമാണെന്നും പൊതുസഭ ആവശ്യപ്പെട്ടു. ലോകകപ്പ് ടീമുകളുടെ നറുക്കെടുപ്പ് ഉദ്ഘാടനത്തിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നടത്തിയ പ്രസംഗത്തിലെ ഉദ്ധരണികളോടെയാണ് യു.എന്നിലെ ഖത്തർ സ്ഥിരം പ്രതിനിധി ശൈഖ അൽയാ അഹ്മദ് ബിൻത് സൈഫ് ആൽഥാനി പ്രസംഗം ആരംഭിച്ചത്.
ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിനെ വരവേൽക്കാനായുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയായതായി ശൈഖ അൽയാ ആൽഥാനി പൊതുസഭയെ അറിയിച്ചു. പശ്ചിമേഷ്യയിലും അറബ് ലോകത്തും സമാധാനത്തിനും പുരോഗതിക്കുമുള്ള ശേഷിപ്പുകളോടെയായിരിക്കും ലോകകപ്പ് സംഘാടനമെന്നും അവർ ഉറപ്പ് നൽകി. ലോകകപ്പിനായി ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും തങ്ങളുടെ വിശിഷ്ട അതിഥികളെ സ്വാഗതം ചെയ്യുന്നുവെന്നും തനത് അറബ് സംസ്കാരത്തിന്റെയും ആതിഥ്യ മര്യാദകളുടെയും മഹനീയ അനുഭവങ്ങളാണ് സന്ദർശകരെ കാത്തിരിക്കുന്നതെന്നും അവർ വ്യക്തമാക്കി.