ലോകകപ്പ് ടിക്കറ്റ് : പണമടക്കാൻ മറക്കേണ്ട
text_fieldsദോഹ: ഖത്തർ ലോകകപ്പ് രണ്ടാംഘട്ട ടിക്കറ്റ് വിൽപനയുടെ റാൻഡം നറുക്കെടുപ്പിൽ ടിക്കറ്റ് ലഭിച്ചവർക്ക് പണമടക്കാനുള്ള സമയം ബുധനാഴ്ച അവസാനിക്കും. മേയ് 31നായിരുന്നു റാൻഡം നറുക്കെടുപ്പ് പൂർത്തിയാക്കി ടിക്കറ്റ് ലഭിച്ചവർക്ക് പണമടക്കാനുള്ള സമയം ആരംഭിച്ചത്.
അവസാന ദിനമായ ജൂൺ 15 ബുധനാഴ്ച ഖത്തർ സമയം ഉച്ച 12 മണിക്ക് മുമ്പായി ഫിഫ വെബ്സൈറ്റ് വഴി (fifa.com/tickets) പണമടക്കണമെന്നാണ് നിർദേശം. നറുക്കെടുപ്പിൽ ഭാഗ്യം ലഭിച്ചവർ പണമടച്ചില്ലെങ്കിൽ ടിക്കറ്റുകൾ അസാധുവായി മാറും. ഏപ്രിൽ 28 വരെയായിരുന്നു രണ്ടാംഘട്ട ടിക്കറ്റ് ബുക്കിങ്ങിന്റെ സമയം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 2.35 കോടി ടിക്കറ്റിനാണ് ആവശ്യക്കാരുണ്ടായത്. അർജന്റീന, ബ്രസീൽ, ഇംഗ്ലണ്ട്, ഫ്രാൻസ്, മെക്സികോ, ഖത്തർ, സൗദി അറേബ്യ, അമേരിക്ക രാജ്യങ്ങളിൽനിന്നാണ് ഏറ്റവും കൂടുതൽ ബുക്കിങ്.
ഡിസംബർ 18ന് നടക്കുന്ന ലോകകപ്പിന്റെ ഫൈനലിനാണ് ഏറ്റവും കൂടുതൽ അപേക്ഷകർ. അർജന്റീന-മെക്സികോ, അർജന്റീന-സൗദി അറേബ്യ, ഇംഗ്ലണ്ട്-അമേരിക്ക, പോളണ്ട് -അർജന്റീന മത്സരങ്ങൾക്കാണ് ഗ്രൂപ് റൗണ്ടിൽ ഏറെ ആവശ്യക്കാരുള്ളത്.
ഒന്നാംഘട്ടത്തിൽ എട്ടു ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.

