ലോകകപ്പ്: സുരക്ഷക്ക് ശക്തമായ പ്രോട്ടോകോൾ -വിദേശകാര്യ മന്ത്രി
text_fieldsഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി
ദോഹ: ലോകകപ്പിന്റെ സുരക്ഷക്കായി മികച്ച സെക്യൂരിറ്റി പ്രോട്ടോകോൾ സജ്ജമായതായി ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി. സിംഗപ്പൂരിലെ സി.എൻ.എ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ലോകകപ്പ് തയാറെടുപ്പുകളെയും സുരക്ഷ ക്രമീകരണങ്ങളെയും കുറിച്ച് വിദേശകാര്യമന്ത്രി വ്യക്തമാക്കിയത്.
'ലോകകപ്പിലേക്ക് ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കെ മികച്ച ഫുട്ബാൾ മേളയെ വരവേൽക്കാനുള്ള ആവേശത്തിലാണ് ഞങ്ങൾ. കോവിഡാനന്തരം ലോകത്തെ ഓരോ വ്യക്തിക്കും സന്തോഷവും അഭിമാനവും പകരുന്ന ആദ്യ മേളക്കാണ് രാജ്യം വേദിയൊരുക്കുന്നത്'-വിദേശകാര്യ മന്ത്രി വിശദീകരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി കാണികളെത്തുമ്പോൾ അവർക്ക് ആവശ്യമായ സുരക്ഷ സജ്ജമാക്കിയതായും മന്ത്രി പറഞ്ഞു.
'ലോകകപ്പ് പോലൊരു മേളക്ക് വേദിയാവുമ്പോൾ എല്ലാ വിഭാഗം കാണികളും എത്തും. അവരുടെ ആഘോഷങ്ങളിലും വികാര പ്രകടനങ്ങളിലുമെല്ലാം വൈജാത്യങ്ങളുമുണ്ടാവും. മോശം പെരുമാറ്റമുണ്ടാവുന്ന ന്യൂനപക്ഷം ആരാധകരെയും പ്രതീക്ഷിക്കാം. എന്നാൽ, കൃത്യമായ ക്രൗഡ് മാനേജ്മെന്റ് പ്രോട്ടോകോൾ വഴിയും വിവിധ രാജ്യങ്ങളുമായി ചേർന്നുള്ള സുരക്ഷ സഹകരണത്തിലൂടെയും ഇത്തരം വെല്ലുവിളികളെ നേരിടാൻ കഴിയും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കാണികൾക്ക് മികച്ച ലോകകപ്പ് അനുഭവം തന്നെയാവും ഖത്തറിൽ കാത്തിരിക്കുന്നത്.
സമാധാനവും സ്വസ്ഥമായ ജീവിത സാഹചര്യവുമുള്ള നാടാണ് ഖത്തർ. ലോകകപ്പിനെത്തുന്ന കാണികളിൽ നിന്നും അത്തരത്തിലുള്ള പെരുമാറ്റമാണ് പ്രതീക്ഷിക്കുന്നത്'- മന്ത്രി വിശദീകരിച്ചു.
രാജ്യത്ത് നടക്കുന്ന നിർമാണ പ്രവർത്തനങ്ങളും വികസനങ്ങളും ലോകകപ്പിന് ശേഷവും തുടരുമെന്നും അദ്ദേഹം പറഞ്ഞു. 'രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളും നിർമാണങ്ങളുമെല്ലാം ലോകകപ്പിന്റെ ഭാഗമാണെന്നാണ് പലരുടെയും ധാരണ. ലോകകപ്പിന് അടിസ്ഥാന സൗകര്യ വികസനത്തിൽ നിർണായക പങ്കുണ്ട്. എന്നാൽ, ലോകകപ്പില്ലാതെയും ഈ നിർമാണ പ്രവർത്തനങ്ങൾ തുടരുമായിരുന്നു. നിർമിച്ച സ്റ്റേഡിയങ്ങൾ അവയുടെ ചെറിയ ഭാഗം മാത്രമാണ്. ലോകകപ്പിന് ശേഷവും വാതക ഉൽപാദന വിപുലീകരണം, സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതി, ഏഷ്യൻ ഗെയിംസ് 2030 തുടങ്ങിയ മറ്റ് പ്രധാന കായിക ഇനങ്ങൾ എന്നീ പദ്ധതികളും മുന്നിലുണ്ട്'.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

