ലോകകപ്പ് യോഗ്യത; ഖത്തറിന് തോൽവി
text_fieldsഖത്തർ-കിർഗിസ്താൻ ലോകകപ്പ് യോഗ്യതാ മത്സരത്തിൽനിന്ന്
ദോഹ: ലോകകപ്പ് ഫുട്ബാൾ യോഗ്യതാ റൗണ്ടിൽ ഉത്തരകൊറിയക്കെതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസവുമായി കിർഗിസ്താനിലെത്തിയ ഖത്തറിന് വൻ തോൽവി.
മൂന്നാം റൗണ്ട് ഗ്രൂപ് ‘എ’യിൽ ബിഷ്കേകിൽ നടന്ന മത്സരത്തിൽ 3-1നായിരുന്നു കിർഗിസ്താൻ ഖത്തറിനെ വീഴ്ത്തിയത്. അൽ മുഈസ് അലിയും അക്രം അഫീഫും ഒന്നിച്ച് കളിച്ചുവെങ്കിലും രണ്ടാം പകുതിയിൽ അപ്രതീക്ഷിതമായി വഴങ്ങിയ ഗോളുകളും ചുവപ്പുകാർഡും ഖത്തറിന് ക്ഷീണമായി മാറി. കളിയുടെ ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ കിർഗിസ്താനാണ് ആദ്യം സ്കോർ ചെയ്തത്. വലേരി കിചിൻ ഫ്രീകിക്കിലൂടെ പന്ത് വലയിലാക്കി.
ഖത്തരി പ്രതിരോധനിരയെ തീർത്തും കബളിപ്പിച്ചുകൊണ്ടായിരുന്നു നിലംപറ്റി പോയ ഫ്രീകിക്ക് ഗോൾ വലകുലുക്കിയത്. രണ്ടാം പകുതി തുടങ്ങി ഏതാനും മിനിറ്റുകൾക്കുള്ളിൽ അക്രം അഫീഫിന്റെ മനോഹരമായ കോർണർ കിക്കിനെ ലൂകാസ് മെൻഡിസ് ഹെഡ്ഡറിലൂടെ എതിർ വലയിലാക്കി ഒപ്പമെത്തിച്ചു. കളിയിൽ ഇരുനിരയും ഉജ്ജ്വലമായി പൊരുതുന്ന നിമിഷം. ഫോമിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് 55ാം മിനിറ്റിൽ വലിയ തിരിച്ചടിയായി ലൂകാസ് മെൻഡിസിന്റെ പുറത്താകൽ. ചുവപ്പുകാർഡുമായി താരം മടങ്ങിയതോടെ ഖത്തർ പത്തിലേക്ക് ചുരുങ്ങി.
പ്രതിരോധത്തിന് മൂർച്ച കുറഞ്ഞത് അവസാരമാക്കി മാറ്റിയ എതിരാളികൾ രണ്ട് ഗോളുകൾകൂടി ലക്ഷ്യത്തിലെത്തിച്ച് കളി പിടിക്കുകയായിരുന്നു. 82ാം മിനിറ്റിൽ അലക്സാണ്ടർ മിഷ്ചെങ്കോ, 94ാം മിനിറ്റിൽ അലിമർഡോൺ ഷുകറോവ് എന്നിവർ വിജയഗോൾ കുറിച്ച് ഖത്തറിന്റെ തോൽവിക്ക് ഇരട്ട പ്രഹരം തീർത്തു. ഈ തോൽവിയോടെ യോഗ്യതാ റൗണ്ടിൽ ആദ്യസ്ഥാനങ്ങൾ എന്ന ഖത്തറിന്റെ പ്രതീക്ഷ അസ്തമിച്ചു. ഇനി മൂന്ന്, നാല് സ്ഥാനക്കാരിൽ ഒന്നായി നാലാം റൗണ്ടിൽ കളിക്കാനായി കാത്തിരിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

