ദോഹ: ഖത്തരി റഫറി അബ്ദുൽ റഹ്മാൻ അൽ ജാസിമിന് ഫിഫ ലോകകപ്പ് ഫുട്ബോളിൽ അരങ്ങേറ്റം. രാജ്യാന്തര ഫുട്ബോൾ ഫെഡറേഷനായ ഫിഫയുടെ ഏറ്റവും പുതിയതയും വിപ്ലവാത്മകവുമായ പരിഷ്കാരമായ വീഡിയോ അസിസ്റ്റൻറ് റഫറി(വാർ) ടീമിലാണ് അൽ ജാസിം ഇടം പിടിച്ചത്. കഴിഞ്ഞ ദിവസം നടന്ന ഗ്രൂപ്പ് ഇയിലെ സെർബിയ–കോസ്റ്ററിക്ക മത്സരത്തിലാണ് 30കാരനായ അബ്ദുൽറഹ്മാൻ അൽ ജാസിം വാർ ടീമംഗമായി പ്രവർത്തിച്ചത്. മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് സെർബിയ കോസറ്ററിക്കയെ പരാജയപ്പെടുത്തി.
2022ൽ സ്വന്തം രാജ്യത്ത് നടക്കുന്ന ലോകകപ്പ് ഫുട്ബോൾ മത്സരം നിയന്ത്രിക്കുകയെന്ന സ്വപ്നവുമായി നടക്കുന്ന അൽ ജാസിമിനെ റഷ്യൻ ലോകകപ്പിലേക്കുള്ള വീഡിയോ അസിസ്റ്റൻറ് റഫറി ടീമിലേക്ക് ഫിഫ തെരഞ്ഞെടുക്കുകയായിരുന്നു. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നായി 13 പേരാണ് ഈ സംഘത്തിൽ പ്രവർത്തിക്കുന്നത്. 2013ലാണ് ഫിഫയുടെ ഔദ്യോഗിക റഫറി ബാഡ്ജ് അൽ ജാസിമിനെ തേടിയെത്തുന്നത്. റഷ്യയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ‘വാർ’ ടീമിലെ ഏക ഏഷ്യക്കാരനും ഖത്തറിെൻറ സ്വന്തം അൽ ജാസിമാണ്. കോൺമിബോളിൽ നിന്ന് മൂന്നും യുവേഫയിൽ നിന്ന് ഒമ്പതും പേരാണ് ടീമിലെ മറ്റുള്ളവർ.
കഴിഞ്ഞ സീസണിൽ വിവിധ ഖത്തർ ടൂർണമെൻറുകളിൽ ‘വാർ’ വിഭാഗത്തിൽ പ്രവർത്തിച്ച അൽ ജാസിമിെൻറ പരിചയ സമ്പത്താണ് ലോകകപ്പിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് സഹായകമായത്. അമീർ കപ്പിലും ഖത്തർ കപ്പ് ചാമ്പ്യൻഷിപ്പിലും ‘വാർ’ ഉപയോഗിക്കുന്നതിന് ഖത്തർ ഫുട്ബോൾ അസോസിയേഷൻ അംഗീകാരം നൽകിയിരുന്നു.
റഷ്യൻ ലോകകപ്പിൽ ഖത്തറിനെ പ്രതിനിധീകരിക്കുന്നതിൽ അഭിമാനിക്കുന്നുവെന്ന് പുറപ്പെടും മുമ്പ് അൽ ജാസിം വ്യക്തമാക്കിയിരുന്നു. ജീവിതത്തിൽ അസാധ്യമായതായി ഒന്നുമില്ലെന്നും ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ തന്നെയാണ് ഇപ്പോഴുമെന്നും സ്വന്തം നാട്ടിൽ നടക്കാനിരിക്കുന്ന ലോകകപ്പിൽ റഫറിയാകുകയെന്നതാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
അബ്ദുൽ റഹ്മാൻ അൽജാസിമിന് പുറമേ, താലിബ് അൽ മർരിയും ഖത്തറിനെ പ്രതിനിധീകരിച്ച് റഷ്യൻ ലോകകപ്പിലെത്തിയിട്ടുണ്ട്. അസിസ്റ്റൻറ് റഫറിയായാണ് താലിബ് അൽ മർരി മത്സരം നിയന്ത്രിക്കുക. നാളെ നടക്കുന്ന പോളണ്ട്–സെനഗൽ മത്സരത്തിലാണ് താലിബിെൻറ അരങ്ങേറ്റം. ഏഷ്യൻ കോൺഫെഡറേഷനിൽ നിന്നുള്ള പത്തംഗ റഫറിമാരിലൊരാളാണ് അൽ മർരി. ഖത്തറിന് പുറമേ, ഇറാൻ, ഉസ്ബെക്കിസ്ഥാൻ, സൗദി എന്നിവിടങ്ങളിൽ നിന്ന് രണ്ട് പേർ വീതവും ബഹ്റൈൻ, ജപ്പാൻ, യു എ ഇ എന്നിവിടങ്ങളിൽ നിന്ന് ഓരോ ആളുമാണ് അസിസ്റ്റൻറ് റഫറിമാരായി ലോകകപ്പിനെത്തിയിട്ടുള്ളത്.