ലോകകപ്പ്: തുടർപ്രവർത്തനങ്ങളുമായി 'ഖത്തർ 2022 എൽ.എൽ.സി' മുന്നോട്ട്
text_fieldsഖത്തർ 2022 എൽ.എൽ.സിയുടെ ബോർഡ് യോഗത്തിൽ ചെയർമാനും സുപ്രീംകമ്മിറ്റി ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറലുമായ ഹസൻ അൽ തവാദി സംസരിക്കുന്നു
ദോഹ: ക്ലബ് ലോകകപ്പിനോടനുബന്ധിച്ച് ഫിഫ ലോകകപ്പ് ഖത്തർ 2022 എൽ.എൽ.സിയുടെ ബോർഡംഗങ്ങൾ പ്രത്യേക യോഗം ചേർന്നു. ഫെബ്രുവരി 11ന് നടന്ന ബയേൺ-ടൈഗേഴ്സ് ക്ലബ് ലോകകപ്പ് ഫൈനലിന് മുന്നോടിയായി വിഡിയോ കോൺഫറൻസ് വഴിയായിരുന്നു യോഗം ചേർന്നത്. 2022ലെ ലോകകപ്പിലേക്കുള്ള യാത്രയിലെ സുപ്രധാന നാഴികക്കല്ലുകളും അവശേഷിക്കുന്ന സ്റ്റേഡിയങ്ങളുടെ ഉദ്ഘാടനവും ഫിഫ അറബ് കപ്പും മറ്റു ഭാവിപരിപാടികളും യോഗത്തിൽ ചർച്ച ചെയ്തു.
കോവിഡ്-19 മഹാമാരിക്കിടയിലും ഫിഫ ക്ലബ് ലോകകപ്പ് പോലെയൊരു വമ്പൻ ടൂർണമെൻറ് വിജയത്തിലേക്കെത്തിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ക്യു2022 ചെയർമാനും സുപ്രീംകമ്മിറ്റി ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറലുമായ ഹസൻ അൽ തവാദി പറഞ്ഞു. മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള പ്രതിസന്ധികളും വെല്ലുവിളികളുമാണ് ലോകം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്.
അതിനിടയിലും മിഡിലീസ്റ്റിലെയും അറബ് ലോകത്തെയും പ്രഥമ ഫിഫ ലോകകപ്പ് ടൂർണമെൻറിലേക്കുള്ള പ്രയാണം സുഗമമായി തുടരാൻ സാധിക്കുന്നത് നേട്ടമാണ്. അടുത്ത വർഷത്തോടെ കൂടുതൽ നാഴികക്കല്ലുകൾ പിന്നിടാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹസൻ അൽ തവാദി യോഗത്തിൽ വ്യക്തമാക്കി. ഫിഫ ലോകകപ്പിെൻറ ചരിത്രത്തിലെ ഏറ്റവും മഹത്തായതും മികച്ചതുമായ ലോകകപ്പിനാണ് ഖത്തർ തയാറെടുക്കുന്നത്. ഫിഫ ക്ലബ് ലോകകപ്പിെൻറ ഏറ്റവും മികച്ച പതിപ്പുകൾക്കാണ് ഖത്തർ സാക്ഷ്യം വഹിച്ചതെന്നും ക്യു 2022 സി.ഇ.ഒ നാസർ അൽ ഖാതിർ പറഞ്ഞു. ലോകകപ്പിനുള്ള തയാറെടുപ്പുകൾക്കുള്ള സുവർണാവസരമായിരുന്നു ക്ലബ് ലോകകപ്പ് ടൂർണമെൻറുകളെന്നും യോഗത്തിൽ അൽ ഖാതിർ വ്യക്തമാക്കി.
2022 ഖത്തർ ലോകകപ്പിെൻറ നടത്തിപ്പും മറ്റു പ്രവർത്തനങ്ങളും നടക്കുക 'ഖത്തർ 2022 എൽ.എൽ.സി' എന്ന കമ്പനിയുടെ കീഴിലായിരിക്കും. ലോകകപ്പ് പ്രവർത്തനങ്ങളിലേക്ക് ഫിഫയുടെ ഔദ്യോഗിക രംഗപ്രവേശനത്തെ തുടർന്നാണ് പുതിയ കമ്പനി നേരത്തേതന്നെ രൂപവത്കരിച്ചത്. പ്രാദേശിക സംഘാടകരായ സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയും ഫിഫയും തമ്മിലുള്ള സംയുക്ത സംരംഭമാണ് 'ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 എൽ.എൽ.സി' എന്ന കമ്പനി.
ലോകകപ്പ് സംഘാടനത്തിനുള്ള അവകാശം നേടിയതിനു ശേഷമുള്ള സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ പദ്ധതികൾക്കെല്ലാം നിലവിൽ ചുമതല വഹിക്കുന്നത് ഈ സംരംഭമാണ്. 2022 ലോകകപ്പിൽ താരങ്ങൾക്കും ഒഫിഷ്യലുകൾക്കും ഫാൻസിനും മികച്ച ലോകകപ്പ് അനുഭവം സമ്മാനിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ടൂർണമെൻറ് നടത്തിപ്പിലാണ് സംയുക്ത സംരംഭം പ്രവർത്തനമേഖല കേന്ദ്രീകരിക്കുന്നതെങ്കിലും വിവിധ ലെഗസി പരിപാടികളോടൊപ്പം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സ്റ്റേഡിയമടക്കമുള്ള അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങളുടെ നടത്തിപ്പ് സുപ്രീം കമ്മിറ്റി തുടരും.
പുതിയ കമ്പനിയുടെ ചെയർമാൻ സുപ്രീംകമ്മിറ്റി സെക്രട്ടറി ജനറൽ കൂടിയായ ഹസൻ അൽ തവാദിയായിരിക്കും. ഒമ്പതു വർഷത്തെ സുപ്രീംകമ്മിറ്റിയുടെ പദ്ധതികളും പരിചയസമ്പത്തും പുതിയ പദ്ധതിയിലേക്ക് ചേർക്കപ്പെട്ടിട്ടുണ്ട്. 'ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 എൽ.എൽ.സി'യുടെ സി.ഇ.ഒയാണ് നാസർ അൽ ഖാതിർ.
ഫിഫ സെക്രട്ടറി ജനറൽ ഫത്മ സമോറ, ഫിഫ ഡെപ്യൂട്ടി സെക്രട്ടറി ജനറൽമാരായ സോമിനിർ ബോബൻ, അലസ്ദൈർ ബെൽ, ഫിഫ ചീഫ് ടൂർണമെൻറ്സ് ആൻഡ് ഇവൻറ്സ് ഓഫിസർ കോളിൻ സ്മിത്ത്, ഫിഫ ചീഫ് ലീഗൽ ഓഫിസർ എമിലിയോ ഗാർസിയ സിൽവെറോ, ഹസൻ അൽ തവാദി, നാസർ അൽ ഖാതിർ, സുപ്രീം കമ്മിറ്റി ഓപറേഷനൽ ഓഫിസ് ചെയർമാൻ എൻജി.യാസിർ അൽ ജമാൽ, ക്യു.എഫ്.എ വൈസ് പ്രസിഡൻറ് സഈദ് അൽ മുഹന്നദി എന്നിവരടങ്ങുന്നതാണ് 'ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 എൽ.എൽ.സി' മാനേജ്മെൻറ് ബോർഡ്.
ആകെ ബജറ്റ് ആറ് ബില്യണ്‍ ഡോളർ
2022 ഫിഫ ലോകകപ്പിനായുള്ള ഖത്തറിെൻറ ആകെ ബജറ്റ് ഏകദേശം ആറ് ബില്യണ്‍ ഡോളറിേൻറതാണ്. ഖത്തര്‍ നിര്‍മിക്കുന്ന സ്റ്റേഡിയങ്ങള്‍ക്കും മറ്റു സൗകര്യങ്ങള്‍ക്കുമായുള്ള ബജറ്റായി കണക്കാക്കുന്നതാണ് ഇൗ തുക. സ്റ്റേഡിയങ്ങള്‍ക്കു പുറമെ, പരിശീലന ഗ്രൗണ്ടുകള്‍, അനുബന്ധ സൗകര്യങ്ങള്‍ എന്നിവയുള്‍പ്പടെയുള്ളവയുടെ നിര്‍മാണത്തിനായാണ് ഇത്രയധികം തുക നീക്കിവെച്ചിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.