ദോഹ: വക്റയിലെ ലോകകപ്പ് സ്റ്റേഡിയത്തിെൻറ മേൽക്കൂര നിർമ്മാണം പുരോഗമിക്കുന്നുവെന്നും പ്രതീക്ഷിച്ചതിലും മുമ്പായി സ്റ്റേഡിയത്തിെൻറ നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും സുപ്രീം കമ്മിറ്റി വൃത്തങ്ങൾ വ്യക്തമാക്കുന്നു. പരമ്പരാഗത അറബി പായക്കപ്പലിെൻറ മാതൃകയിൽ ലോക പ്രശസ്ത ആർക്കിടെക്ചറായ സഹ ഹദീദാണ് വക്റ സ്റ്റേഡിയത്തിെൻറ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. സഹ ഹദീദിെൻറ അവസാനത്തെ ഏറ്റവും പ്രധാനപ്പെട്ട ഡിസൈനുകളിലൊന്നു കൂടിയാണ് വക്റ സ്റ്റേഡിയം. 2016ലാണ് സഹ ഹദീദ് മരിച്ചത്.
40000 പേർക്കിരിക്കാവുന്ന വക്റ സ്റ്റേഡിയത്തിൽ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടം മുതൽ ക്വാർട്ടർ വരെയുള്ള പോരാട്ടങ്ങളാണ് നടക്കുക. 575 മില്യൻ ഡോളർ ചെലവഴിച്ച് നിർമ്മിക്കുന്ന സ്റ്റേഡിയത്തിൽ മേൽക്കൂര നിർമ്മിക്കുന്നത് ഇറ്റലിയിൽ നിന്നും ഇറക്കുമതി ചെയ്ത 1400 പ്രത്യേക ഖണ്ഡങ്ങൾ ഉപയോഗിച്ചാണ്.
നിർമ്മാണം പൂർത്തിയാകുന്നതോടെ അന്താരാഷ്ട്ര സൗഹൃദമത്സരങ്ങൾക്കടക്കം വേദിയാക്കി സ്റ്റേഡിയത്തിെൻറ ക്ഷമത പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ. ലോകകപ്പിന് ശേഷം സ്റ്റേഡിയത്തിെൻറ ഇരിപ്പിട ശേഷി 20000 ആക്കിക്കുറക്കുകയും ബാക്കി വരുന്ന ഇരിപ്പിടങ്ങൾ അവികസിത രാജ്യങ്ങളിലെ കായിക വികസനങ്ങൾക്കായി നൽകുകയും ചെയ്യും.
ലോകകപ്പിന് ശേഷം സ്റ്റേഡിയം വക്റ സ്പോർട്സ് ക്ലബിെൻറ ഔദ്യോഗിക സ്റ്റേഡിയമായി അറിയപ്പെടുകയും ഖത്തർ സ്റ്റാർസ് ലീഗ് മത്സരങ്ങൾക്ക് വേദിയാകുകയും ചെയ്യും. മിഡ്മാക്, പോർ ഖത്തർ അടങ്ങിയ സംയുക്ത കൺസോർഷ്യത്തിനാണ് വക്റ സ്റ്റേഡിയത്തിെൻറ നിർമ്മാണ ചുമതല.
ലോകകപ്പിനായി എട്ട് സ്റ്റേഡിയങ്ങളാണ് സംഘാടകരായ സുപ്രീം കമ്മിറ്റി നിർമ്മിക്കുന്നത്. ഇതിൽ ഖലീഫ രാജ്യാന്തര സ്റ്റേഡിയം കഴിഞ്ഞ വർഷം മെയ് മാസത്തിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഉദ്ഘാടനം നിർവഹിച്ചിരുന്നു. 2019ലെ ഖത്തർ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് നടക്കാനിരിക്കുന്നതും ഖലീഫ സ്റ്റേഡിയത്തിലാണ്. അൽ ഖോറിൽ കൂറ്റൻ തമ്പിെൻറ മാതൃകയിലുയരുന്ന അൽഖോർ അൽ ബയ്ത് സ്റ്റേഡിയവും ഈ വർഷത്തോടെ നിർമ്മാണം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.