ലോകകപ്പ് ഫുട്ബാൾ യോഗ്യത; മത്സരം കനക്കും; ഖത്തറിന് ഒമാനും യു.എ.ഇയും എതിരാളികൾ
text_fieldsഖത്തർ ഫുട്ബാൾ ടീം (ഫയൽ ചിത്രം)
ദോഹ: ലോകകപ്പ് യോഗ്യത നാലാം റൗണ്ട് പോരാട്ടങ്ങളില്‍ ഖത്തറിന് യു.എ.ഇയും ഒമാനും എതിരാളികളായെത്തും. ലോകകപ്പ് ഫുട്ബാൾ ഏഷ്യൻ മേഖല യോഗ്യത മത്സരങ്ങളുടെ നാലാം റൗണ്ടിലേക്കുള്ള നറുക്കെടുപ്പ് കഴിഞ്ഞദിവസം ക്വാലാലംപുരിൽ നടന്നു.
ഏഷ്യന്‍ വന്‍കരയില്‍നിന്ന് ലോകകപ്പിലേക്ക് ഇനി നേരിട്ട് രണ്ട് രാജ്യങ്ങള്‍ക്കാണ് അവസരം. ആറ് ടീമുകള്‍ ഇതിനായി മാറ്റുരക്കും. നാലാം റൗണ്ടിലേക്ക് യോഗ്യത നേടിയ ടീമുകളെ ഗ്രൂപ്പുകളായി തിരിച്ചപ്പോള്‍ ഖത്തറിന് നേരിടാനുള്ളത് ശക്തരായ യു.എ.ഇയെയും ഒമാനെയുമാണ്. ഗ്രൂപ് ബിയിൽ സൗദി അറേബ്യ, ഇറാഖ്, ഇന്തോനേഷ്യ എന്നിവരാണുൾപ്പെടുന്നത്. ഗ്രൂപ് എയിലെ മത്സരങ്ങൾ ഖത്തറിലും ഗ്രൂപ് ബിയിലെ മത്സരങ്ങൾ സൗദി അറേബ്യയിലുമായിരിക്കും നടക്കുക. ഒക്ടോബർ എട്ടുമുതൽ 14വരെയാണ് മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
ദോഹയിലാണ് ഖത്തറുള്പ്പെട്ട എ ഗ്രൂപ്പിലെ മത്സരങ്ങള്‍ നടക്കുന്നത്. ഒക്ടോബര്‍ എട്ടിന് ഖത്തര്‍ ഒമാനെയും 11ന് യു.എ.ഇ ഒമാനെയും നേരിടും. 14നാണ് ഖത്തറും യു.എ.ഇയും തമ്മിലുള്ള മത്സരം. ഗ്രൂപ്പിലെ ജേതാക്കള്‍ക്ക് നേരിട്ട് ലോകകപ്പ് യോഗ്യത ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് അഞ്ചാം റൗണ്ടും ഇന്റര്‍കോണ്ടിനെന്റല്‍ പ്ലേ ഓഫും കളിച്ച് ലോകകപ്പിലേക്ക് ഭാഗ്യപരീക്ഷണം നടത്താം. മൂന്നാം റൗണ്ടിലും ഖത്തറും യു.എ.ഇയും ഒരേ ഗ്രൂപ്പിലാണ് മത്സരിച്ചിരുന്നത്. ഹോം മത്സരത്തിലും എവേ മത്സരത്തിലും ഖത്തര്‍ വന്‍ തോല്‍വി നേരിട്ടു.
പക്ഷേ, പുതിയ കോച്ച് സ്പാനിഷ് പരിശീലകൻ ജൂലൻ ലോപ്റ്റെഗിക്കു കീഴില്‍ ഖത്തര്‍ പ്രതീക്ഷയിലാണ്. 2022ൽ ആതിഥേയരായി അരങ്ങേറ്റം കുറിച്ച ഖത്തർ തുടർച്ചയായ രണ്ടാം തവണയും ഫിഫ ലോകകപ്പ് മത്സരത്തിന് യോഗ്യത നേടാനാണ് ലക്ഷ്യമിടുന്നത്. മുന്നൊരുക്കങ്ങളുടെ ഭാഗമായി അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച സൂപ്പർ താരം ഹസൻ അൽ ഹൈദോസിനെ ദേശീയ ടീമിലേക്ക് തിരിച്ചുവിളിച്ചിരുന്നു. വരാനിരിക്കുന്ന ലോകകപ്പ് യോഗ്യത പ്ലേ ഓഫ് മത്സരങ്ങളിൽ താരം കളിക്കുമെന്ന് ക്യു.എഫ്.എ അറിയിച്ചിരുന്നു.
ഖത്തറിനെ രണ്ട് തവണ ഏഷ്യ കപ്പ് കിരീടം നേടുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് ഹൈദോസ്. യു.എസ്, കാനഡ, മെക്സികോ എന്നിവിടങ്ങളിൽ നടക്കുന്ന ലോകകപ്പിൽ ഇടം നേടുന്നതിനായി ടീം വരാനിരിക്കുന്ന വെല്ലുവിളികൾക്കായി തയാറെടുക്കുകയാണ്. ഒക്ടോബറിലെ പ്ലേ ഓഫുകൾക്കുള്ള തയാറെടുപ്പികൾക്കായി ജൂലൈ 27 വരെ ഓസ്ട്രിയയിൽ ഒരു പരിശീലന ക്യാമ്പിന് ജൂലൻ ലോപ്റ്റെഗി നേതൃത്വം നൽകുന്നു.
ഗ്രൂപ് ബിയില്‍ സൗദിക്ക് ഇറാഖ്, ഇന്തോനേഷ്യ ടീമുകളാണ് വെല്ലുവിളി ഉയര്‍ത്തുന്നത്. ഒക്ടോബര്‍ എട്ടിന് സൗദി ഇന്തോനേഷ്യയെ നേരിടും, 11ന് ഇറാഖും ഇന്തോനേഷ്യയും തമ്മിലും 14ന് സൗദിയും ഇറാഖും തമ്മിലും മത്സരിക്കും. റിയാദിലെ കിങ് സൗദ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

