ലോകകപ്പിന്റെ ഓർമകളുമായി സ്റ്റാമ്പ് പ്രദർശനം
text_fieldsലോകകപ്പ് സ്റ്റാമ്പ് പ്രദർശനത്തിന്റെ ഉദ്ഘാടനം മ്യൂസിയം സ്ഥാപകൻ ശൈഖ് ഫൈസൽ ബിൻ ഖാസിം ആൽഥാനി നിർവഹിക്കുന്നു
ദോഹ: ലോകകപ്പ് ഫുട്ബാൾ കൊടിയിറങ്ങിയിട്ട് രണ്ടു വർഷം പിന്നിട്ടിട്ടും ഓർമകൾ മായാത്ത ഖത്തറിൽ വിശ്വമേളയുടെ കാഴ്ചകളുമായി ഒരു സ്റ്റാമ്പ് പ്രദർശനത്തിന് തുടക്കം.
ഖത്തറിലെ പ്രശസ്തമായ ശൈഖ് ഫൈസൽ ബിൻ ഖാസിം ആൽഥാനി മ്യൂസിയത്തിലാണ് ലോകകപ്പ് ഫുട്ബാളിന്റെ ചരിത്രം പറയുന്നു അപൂർവ സ്റ്റാമ്പുകളുടെ ശേഖരവുമായി പ്രദർശനം ആരംഭിച്ചത്. മ്യൂസിയം സ്ഥാപകനും ഉടമയുമായ ശൈഖ് ഫൈസൽ ബിൻ ഖാസിം ആൽഥാനി പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. എക്സിബിഷൻ ക്യുറേറ്റർ മുഹമ്മദ് സൻതൗത് ഉൾപ്പെടെ പ്രമുഖർ പങ്കെടുത്തു.
ഖത്തർ ദേശീയ കായിക ദിനാഘോഷത്തിന്റെ ഭാഗമായാണ് ഫെബ്രുവരി അവസാനം വരെ നീളുന്ന പ്രദർശനത്തിന് തുടക്കം കുറിച്ചത്. 1930ലെ പ്രഥമ ലോകകപ്പ് മുതൽ 2022 ഖത്തർ വേദിയായ ലോകകപ്പ് വരെയുള്ള ചരിത്ര മുഹൂർത്തങ്ങൾ അടയാളപ്പെടുത്തുന്നതാണ് സ്റ്റാമ്പുകളുടെ പ്രദർശനം. സ്റ്റാമ്പുകൾക്ക് പുറമെ, ലോകകപ്പുമായി ബന്ധപ്പെട്ട അനുബന്ധ ശേഖരങ്ങളും കാഴ്ചക്കാർക്കായി ഒരുക്കിയിട്ടുണ്ട്.
ശൈഖ് ഫൈസൽ മ്യൂസിയത്തിലെ സ്റ്റാമ്പ് പ്രദർശനത്തിൽ നിന്ന്
1930 ഉറുഗ്വായ് ലോകകപ്പിനായി പുറത്തിറക്കിയ ആദ്യ സ്റ്റാമ്പ്, വിജയികൾക്ക് നൽകിയ മെഡൽ എന്നിവയിൽ തുടങ്ങുന്ന പ്രദർശനം ലോകകപ്പിന്റെ പലകാലത്തെ രൂപമാറ്റങ്ങൾ കൂടി അടയാളപ്പെടുത്തുന്നു.
ലോകഫുട്ബാളിനെ ദൃശ്യവത്കരിക്കുന്ന അപൂർവ സ്റ്റാമ്പ് ശേഖരം കൂടിയാണ് ശൈഖ് ഫൈസൽ മ്യൂസിയം ഒരുക്കുന്നത്. ലോകകപ്പ് വേദിയായി ഖത്തറിനെ പ്രഖ്യാപിച്ചത് മുതൽ നിർമാണ പ്രവർത്തനങ്ങളും തയാറെടുപ്പുമായി നീണ്ടുനിന്ന 12 വർഷക്കാലത്തെ ഉൾക്കൊണ്ട് ഖത്തർ പോസ്റ്റ് പുറത്തിറക്കിയ സ്റ്റാമ്പുകളും ശേഖരത്തിലുണ്ട്.
സ്റ്റേഡിയ നിർമാണം, ദോഹ മെട്രോ, നഗര വികസനം ഉൾപ്പെടെ പ്രതിഫലിക്കുന്നതാണിത്. ലോകഫുട്ബാൾ ചരിത്രത്തിലെതന്നെ ഏറ്റവും മികച്ച ലോകകപ്പായി വിശേഷിപ്പിക്കുന്ന ഖത്തർ 2022ന്റെ ഓർമകൾ രേഖപ്പെടുത്തുന്ന അപൂർവകാഴ്ചയാണ് സ്റ്റാമ്പ് പ്രദർശനമെന്ന് ശൈഖ് ഫൈസൽ ബിൻ ഖാസിം ആൽഥാനി പറഞ്ഞു. അൽ ഷഹാനിയയിലെ ശൈഖ് ഫൈസൽ മ്യൂസിയത്തിന്റെ ഭാഗമായി നേരത്തേതന്നെ ഫുട്ബാൾ മ്യൂസിയമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.