ലോകബാങ്കിന്റെ ദോഹയിലെ ഓഫിസ് തുറന്നു
text_fieldsലോകബാങ്കിന്റെ ദോഹയിൽ ഓഫിസ് ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഖത്തറിൽ ആദ്യത്തെ ഓഫിസ് തുറന്ന് ലോകബാങ്ക്. ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റുമായി സഹകരിച്ച് പുതിയൊരു സഹകരണ ധാരണാപത്രത്തിലും ഒപ്പുവെച്ചു. ധനമന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരി, അന്താരാഷ്ട്ര സഹകരണ സഹമന്ത്രി മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്നദ്, ലോകബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് അജയ് ബംഗ, ക്യു.എഫ്.എഫ്.ഡി ചെയർപേഴ്സൻ ശൈഖ താനി ബിൻ ഹമദ് ആൽഥാനി എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവെച്ചത്.
ഖത്തറിലെ പൊതു -സ്വകാര്യ മേഖലകളുമായുള്ള ബന്ധം ശക്തിപ്പെടുത്തുക, ഖത്തർ നാഷണൽ വിഷൻ 2030ന് പിന്തുണ നൽകുക, വളർന്നുവരുന്ന ലോക വിപണികളിൽ ഖത്തറിൽ നിന്നുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ധനമന്ത്രാലയത്തിന്റെ സഹകരണത്തോടെ ക്യു.എഫ്.എഫ്.ഡി ആസ്ഥാനത്ത് ലോകബാങ്ക് പുതിയ ഓഫിസ് ആരംഭിച്ചത്. വിദ്യാഭ്യാസം, ആരോഗ്യം, ഊർജം, കൃഷി, ഡിജിറ്റൽ വികസനം, മാനവവിഭവശേഷി തുടങ്ങിയ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാൻ ഇരുവിഭാഗവും തീരുമാനിച്ചു. കൂടാതെ, സംഘർഷബാധിത പ്രദേശങ്ങളിലെ പുനർനിർമാണ പ്രവർത്തനങ്ങൾക്കും ഈ സഹകരണത്തിലൂടെ പിന്തുണ നൽകും. ആഫ്രിക്കയിലെ വൈദ്യുതി ലഭ്യത വർധിപ്പിക്കുക, ലോകമെമ്പാടുമുള്ള ചെറുകിട കർഷകരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയ ആഗോള സംരംഭങ്ങളിലും ഖത്തറും ലോകബാങ്കും ഒന്നിച്ചു പ്രവർത്തിക്കും. അന്താരാഷ്ട്ര വികസന മേഖലകളിൽ നിർണായകമായി ഇടപെടുന്ന ഖത്തറിന്റെ പങ്ക് ഈ കരാറിലൂടെ കൂടുതൽ ദൃഢമാകും.
ഖത്തറും ലോകബാങ്കും തമ്മിലുള്ള ബന്ധത്തിൽ സുപ്രധാന ചുവടുവെപ്പാണിതെന്ന് ധനമന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരി പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ഖത്തർ നൽകുന്ന മുൻഗണന ലോകബാങ്കിന്റെ വികസന പരിപാടികളുമായി ചേർന്നുപോകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും ഈ പങ്കാളിത്തം സഹായിക്കുമെന്ന് ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗ അഭിപ്രായപ്പെട്ടു. ഖത്തർ നാഷണൽ വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ വേഗത്തിലാക്കാൻ അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളുമായുള്ള സഹകരണം ഉപകരിക്കുമെന്ന് ക്യു.എഫ്.എഫ്.ഡി ഡയറക്ടർ ജനറൽ ഫഹദ് ഹമദ് അൽ സുലൈതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

