ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്: കുതിപ്പിനൊരുങ്ങി ഖത്തർ
text_fieldsദോഹ: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ പ്രതീക്ഷയോടെ ഖത്തർ സംഘം. 2016ലെ റിയോ ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവ് മുഅ്തസ് ഈസ ബർഷിം അടക്കമുള്ള ടീമാണ് ലണ്ടനിലേക്ക് തിരിക്കുന്നത്. ബർഷിമടക്കം അഞ്ച് അത്ലറ്റുകളാണ് സംഘത്തിലുള്ളത്. ഹാമർ േത്രാ താരം അശ്റഫ് അൽ സൈഫി, ജാവലിൻ ത്രോയിൽ അഹ്മദ് ബദർ, 400 മീറ്റർ ഹർഡിൽസ് താരം അബ്ദുറഹ്മാൻ സംബ, 400 മീറ്ററിൽ അബ്ദലില്ല ഹാറൂൺ എന്നിവരാണ് മറ്റുള്ളവർ.
ഏറെ പ്രതീക്ഷയോടെയാണ് ഖത്തർ സംഘം തിരിക്കുന്നതെന്നും മെഡലുകൾ കരസ്ഥമാക്കുകയാണ് ലക്ഷ്യമെന്നും ഖത്തർ അത്ലറ്റിക്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി മുഹമ്മദ് ഇസ്സ അൽ ഫദാല പറഞ്ഞു. വിജയത്തിനായി കഠിന പ്രയത്നം ചെയ്യുമെന്നും 17ാമത് ലോക ചാമ്പ്യൻഷിപ്പിന് ഖത്തറാണ് ആതിഥ്യം വഹിക്കുന്നതെന്നും 2020ൽ ടോക്യോ ഒളിംപിക്സ് വരാനിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര തലത്തിൽ ഖത്തർ പതാക ഉയർത്തുന്നതിനായി ഖത്തർ ഫെഡറേഷൻ മികച്ച പിന്തുണയാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചാമ്പ്യൻഷിപ്പിന് മുമ്പായി യൂറോപ്പിൽ പരിശീലനം നടത്തിയ ശേഷമാണ് താരങ്ങൾ ലണ്ടനിലേക്ക് വിമാനം കയറുന്നത്. വെറ്ററൻ താരവും ചാമ്പ്യനുമായ തലാൽ മൻസൂറാണ് ഖത്തർ സംഘത്തെ നയിക്കുന്നത്. ആഗസ്റ്റ് നാല് മുതൽ 13 വരെയാണ് ലണ്ടനിൽ ലോക ചാമ്പ്യൻഷിപ്പ് നടക്കുക. 200ലധികം രാജ്യങ്ങളിൽ നിന്നായി 1900ലധികം അത്ലറ്റുകളാണ് ചാമ്പ്യൻഷിപ്പിനായി ലണ്ടനിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
