ദോഹ 2024; നഹിം, മെയ്ഫറ ഭാഗ്യചിഹ്നം
text_fieldsലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പ് ദോഹ 2024ന്റെ
ഭാഗ്യചിഹ്നങ്ങളായ നഹിം, മെയ്ഫറ
ദോഹ: ലോകകപ്പ് ഫുട്ബാളിനും ഏഷ്യൻ കപ്പിനും പിന്നാലെ ഖത്തർ വേദിയാവുന്ന അന്താരാഷ്ട്ര കായിക പോരാട്ടങ്ങളിലൊന്നായ ലോക അക്വാട്ടിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ഔദ്യോഗിക ഭാഗ്യ ചിഹ്നങ്ങള്‍ പുറത്തിറക്കി. നഹിം എന്ന തിമിംഗല സ്രാവും മെയ്ഫറ എന്ന പവിഴപ്പുറ്റുമാണ് അടുത്തവർഷം ഫെബ്രുവരിയിൽ ദോഹയിൽ നടക്കുന്ന ലോകോത്തര നീന്തൽ പോരാട്ടങ്ങളുടെ ഭാഗ്യചിഹ്നങ്ങൾ.
2024 ഫെബ്രുവരി രണ്ടു മുതൽ 18 വരെയാണ് ദോഹയിലെ മൂന്നു വേദികളിലായി 21ാമത് വേൾഡ് അക്വാട്ടിക്സ് ചാമ്പ്യൻഷിപ് അരങ്ങേറുന്നത്. ഖത്തറിന്റെ പൈതൃകവും കടലും ഒപ്പം ലോക അക്വാട്ടിക് ചാമ്പ്യൻഷിപ്പിന്റെ അംഗീകാരവും സുസ്ഥിരത സന്ദേശവുമെല്ലാം ഉൾക്കൊള്ളുന്നതാണ് പുതുമയേറിയ ഭാഗ്യചിഹ്നങ്ങൾ. ഖത്തറിന്റെ കടൽത്തീരങ്ങളിലെ സമ്പന്നമായ സാന്നിധ്യമാണ് തിമിംഗല സ്രാവുകൾ. ലോകത്തിലെ ഏറ്റവും വലിയ മത്സ്യമെന്നറിയപ്പെടുന്ന ഇവയെ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മേഖല കൂടിയാണ് ഖത്തറിന്റെ സമുദ്ര തീരങ്ങൾ. നഹിം എന്നാണ് ഭാഗ്യമുദ്രയിലെ തിമിംഗലത്തെ വിളിക്കുന്നത്.
സൗഹൃദം നിറഞ്ഞതും രസകരവുമായ കഥാപാത്രമായാണ് നഹിമിനെ അവതരിപ്പിക്കുന്നത്. ആരാധകരില്‍ കൗതുകമുണര്‍ത്താനും ദോഹയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുകയുമാണ് നഹിമിന്റെ ദൗത്യം. സമുദ്രത്തിന്റെ അടിത്തട്ടിലെ മനോഹരമായ പവിഴപ്പുറ്റുകളുടെ ചടുലതയും വൈവിധ്യവും പ്രതിഫലിപ്പിക്കുന്നതാണ് മെയ്ഫറ. സമുദ്രവും പരിസ്ഥിതിയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണത്തിനൊപ്പം ലോക അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പിലേക്ക് വെളിച്ചം വീശുകയുമാണ് മെയ്ഫറയുടെ ചുമതല.
പുതുമയേറിയ ഭാഗ്യചിഹ്നങ്ങളെന്ന നിലയിൽ നഹിമിനെയും മെയ്ഫറയെയും അഭിമാനത്തോടെ അവതരിപ്പിക്കുന്നുവെന്ന് ദോഹ 2024 ഉദ്ഘാടന-സമാപന ചടങ്ങുകളുടെ കമ്മിറ്റി മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ ഡയറക്ടർ ശൈഖ അസ്മ ബിൻത് ഥാനി ആൽഥാനി പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന താരങ്ങളെയും കാണികളെയും പ്രചോദിപ്പിക്കാനും സന്തോഷം പകരാനും ഭാഗ്യചിഹ്നങ്ങൾക്ക് കഴിയും. ലോകത്തിലെ ഏറ്റവും മികച്ച കായിക താരങ്ങളുടെ മത്സരങ്ങൾക്ക് കൂടിയാണ് ദോഹ വേദിയാവുന്നത് -അവർ പറഞ്ഞു.
190ലധികം രാജ്യങ്ങളാണ് വേൾഡ് അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പിൽ മാറ്റുരക്കുന്നത്. ആസ്പയര് ഡോം, ദോഹ തുറമുഖം, ഹമദ് അക്വാട്ടിക് സെന്റര്‍ എന്നിങ്ങനെ മൂന്നു വേദികളിലായി നടക്കുന്ന ചാമ്പ്യൻഷിപ്പിൽ 2500ഓളം താരങ്ങൾ മാറ്റുരക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

