തൊഴിലാളികൾക്ക് ഉച്ചവിശ്രമം: ഖത്തറിന് പ്രശംസയുമായി അന്താരാഷ്ട്ര സംഘടനകൾ
text_fieldsതൊഴിൽമന്ത്രാലയം ദോഹയിലെ തൊഴിലാളികൾ
ദോഹ: വേനൽച്ചൂട് കനത്ത സാഹചര്യത്തിൽ ജൂൺ ഒന്നു മുതൽ തൊഴിലാളികൾക്ക് ഉച്ചവിശ്രമം അനുവദിക്കാനുള്ള തൊഴിൽ മന്ത്രാലയത്തിെൻറ തീരുമാനത്തെ പിന്തുണച്ചും പ്രശംസിച്ചും അന്താരാഷ്ട്ര സംഘടനകൾ.
ഖത്തർ ഭരണനിർവഹണ വികസന തൊഴിൽ സാമൂഹിക മന്ത്രാലയത്തിെൻറ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും സമീപഭാവിയിൽതന്നെ കൂടുതൽ രാജ്യങ്ങൾ ഈ മാതൃക പിൻപറ്റുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അന്താരാഷ്ട്ര തൊഴിൽ സംഘടന പ്രതിനിധി അറിയിച്ചു.
തൊഴിലിടങ്ങളിൽ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ തൊഴിലുടമകളുടെ പ്രഥമ കർത്തവ്യമാണ്. കനത്ത ചൂടിൽനിന്നും തൊഴിലാളികൾക്ക് വിശ്രമം അനുവദിക്കാനുള്ള ഖത്തർ ഭരണകൂട തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ചൂട് സംബന്ധമായ ആരോഗ്യ പ്രശ്നങ്ങളിൽനിന്ന് അവർക്ക് സുരക്ഷ നൽകാൻ തീരുമാനം സഹായിക്കുമെന്നും ഇൻറർനാഷനൽ ഓർഗനൈസേഷൻ ഓഫ് എംപ്ലോയേഴ്സ് റോബർട്ടോ സുവാരസ് പറഞ്ഞു.
തൊഴിൽ സ്ഥലങ്ങളിൽ തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള ഖത്തർ സർക്കാറിെൻറ ശ്രമങ്ങളുടെ തുടർച്ചയാണ് പുതിയ തീരുമാനമെന്നും ഉച്ചവിശ്രമ സമയം അനുവദിച്ചുകൊണ്ടുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും ഐ.ടി.യു.സി ജനറൽ സെക്രട്ടറി ഷാരോൺ ബാരോ പറഞ്ഞു.
വേനൽ ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ പുറം ജോലിയിലേർപ്പെടുന്ന തൊഴിലാളികൾക്ക് ആശ്വാസമേകുന്ന മധ്യാഹ്ന വിശ്രമ നിയമം ജൂൺ ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് തൊഴിൽ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഭരണനിർവഹണ വികസന, തൊഴിൽ സാമൂഹികകാര്യ മന്ത്രാലയം പുറത്തിറക്കിയ 2021ലെ 17ാം നമ്പർ തീരുമാന പ്രകാരം ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 15 വരെ തുറന്ന ഇടങ്ങളിലെ തൊഴിലാളികൾക്ക് ഉച്ചവിശ്രമം അനുവദിച്ചിരിക്കണം. രാവിലെ 10 മുതൽ വൈകീട്ട് 3.30 വരെയാണ് വിശ്രമം അനുവദിക്കേണ്ടതെന്നും മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. നിയമ നിർദേശങ്ങൾ പാലിക്കാത്ത കമ്പനികൾക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കും.
മന്ത്രാലയം പുറത്തിറക്കിയ തീരുമാനങ്ങൾ പ്രകാരം തൊഴിലുടമ പ്രതിദിന തൊഴിൽ സമയക്രമം വ്യക്തമാക്കുന്ന നോട്ടീസ് തൊഴിലിടങ്ങളിൽ തൊഴിലാളികൾക്ക് പെട്ടെന്ന് കാണുന്ന രീതിയിൽ പതിക്കണം. കഠിനമായ ചൂട് മൂലമുണ്ടാകുന്ന ശാരീരിക പ്രയാസങ്ങൾ അകറ്റാനും വേനൽക്കാലത്ത് തൊഴിലാളികളുടെ ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾക്ക് കൂടുതൽ പിന്തുണയേകാനും തീരുമാനം പ്രയോജനപ്പെടുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, ഏത് സമയത്തായാലും അന്തരീക്ഷ താപനില വെറ്റ് ബൾബ് ഗ്ലോബ് ഗേജ് (ഡബ്ല്യു.ബി.ജി.ടി) സൂചികയിൽ 32.1 പിന്നിടുകയാണെങ്കിൽ തൊഴിലിലേർപ്പെടുന്നത് ഉടനടി നിർത്തിവെക്കണമെന്നും മന്ത്രാലയം തൊഴിലുടമകളോട് നിർദേശിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.