വർക്കേഴ്സ് ഫുട്ബാൾ കപ്പ്; ഇന്ത്യൻ ടീമിന് വിജയത്തുടക്കം
text_fieldsവർക്കേഴ്സ് ഫുട്ബാൾ കപ്പിൽ ബംഗ്ലാദേശിനെ കീഴടക്കിയ ഇന്ത്യൻ ടീം
ദോഹ: വർക്കേഴ്സ് ഫുട്ബാൾ കപ്പ് 2026ൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) ഫുട്ബാൾ ടീമിന് വിജയത്തുടക്കം. അൽ അറബി ക്ലബ് ഫുട്ബാൾ ഗ്രൗണ്ടിൽ ബംഗ്ലാദേശിനെതിരെയാണ് ആധികാരിക വിജയം നേടിയത്. ആവേശഭരിതമായ മത്സരത്തിൽ ഇന്ത്യക്കുവേണ്ടി ഷേം മാർട്ടൺ, തൗഫീഖ്, മുജമ്മിൽ എന്നിവർ ഓരോ ഗോളുകൾ വീതം നേടിയാണ് വിജയം സ്വന്തമാക്കിയത്. ഖത്തർ നാഷണൽ സ്പോർട്സ് ഡേയോടനുബന്ധിച്ച് തൊഴിൽ മന്ത്രാലയത്തിന്റെ കീഴിലുള്ള വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ട് (ഡബ്ല്യൂ.എസ്.ഐ.എഫ്) ആണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, സോമാലിയ, മൊറോക്കോ, സെനഗൽ, കെനിയ, മൗറിത്താനിയ, ഐവറികോസ്റ്റ്, നൈജീരിയ, ഘാന എന്നിവയുൾപ്പെടെ 13 രാജ്യങ്ങളും പ്രമുഖ പ്രാദേശിക ക്ലബുകളും ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്.
കൂടാതെ മുവാസലാത്ത്, ഡബ്ല്യു.എസ്.ഐ.എഫ്, മിലാഹ എന്നീ ടീമുകളും മാറ്റുരക്കാനിറങ്ങുന്നുണ്ട്. ടൂർണമെന്റിന് മുന്നോടിയായി ഔദ്യോഗിക ടീം ജേഴ്സി മീസൈമിർ സ്പോർട്സ് ക്ലബിൽ പുറത്തിറക്കി. ഐ.സി.ബി.എഫ് ഭാരവാഹികളും ടീം ഉദ്യോഗസ്ഥരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

