തൊഴിലാളികളുടെ ഉത്സവരാവായി രംഗ് തരംഗ്
text_fields1. വിവിധ മന്ത്രാലയം ഉദ്യോഗസ്ഥർ ഉദ്ഘാടന ചടങ്ങിൽ, 2. ഐ.സി.ബി.എഫ് രംഗ് തരംഗിൽ ആദരിച്ച ദീർഘകാല പ്രവാസികൾ അംബാസഡർ വിപുലിനും സംഘാടകർക്കുമൊപ്പം
ദോഹ: പാട്ടും നൃത്തങ്ങളും ഉൾപ്പെടെ ഉത്സവരാവ് തീർത്ത് ഖത്തറിലെ ഇന്ത്യൻ തൊഴിലാളികൾക്കായൊരുക്കിയ തൊഴിലാളി ദിനാഘോഷം ശ്രദ്ധേയമായി. ഇന്ത്യൻ എംബസി അനുബന്ധ സംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) 40ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ‘രംഗ് തരംഗ് 2024’ ആഘോഷങ്ങളിൽ ഇന്ത്യൻ തൊഴിലാളികളും മറ്റു രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളും പങ്കുചേർന്നു. അന്താരാഷ്ട്ര തൊഴിലാളി ദിനത്തിന്റെ കൂടി ഭാഗമായാണ് രംഗ് തരംഗ് സംഘടിപ്പിച്ചത്. ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ, വിവിധ മന്ത്രാലയം ഉദ്യോഗസ്ഥർ, കമ്യൂണിറ്റി നേതാക്കൾ എന്നിവർ പങ്കെടുത്ത വേദിയിൽ ദീർഘകാല പ്രവാസികളായ 40 ഇന്ത്യൻ തൊഴിലാളികളെ ആദരിച്ചു. 30 വർഷത്തിലേറെയായി ഖത്തറിൽ ജോലി ചെയ്ത തൊഴിലാളികളെയായിരുന്നു ചടങ്ങിൽ ആദരിച്ചത്.
ഏഷ്യൻ ടൗണിൽ നടന്ന തൊഴിലാളി ദിനാഘോഷ പരിപാടികളിൽ പങ്കെടുക്കുന്നവർ
കഴിഞ്ഞ വെള്ളിയാഴ്ച ഏഷ്യൻ ടൗണിൽ നടന്ന ആഘോഷ പരിപാടികളിൽ ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥി ആയി. പരിപാടിയിൽ പങ്കെടുക്കുവാൻ ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയം പാർക്കിങ് ഏരിയയിൽ നിറഞ്ഞ തൊഴിലാളികൾക്ക് അംബാസഡർ നന്ദി പറഞ്ഞു. ഖത്തറിന്റെ വികസനത്തിൽ തൊഴിലാളികളുടെ പങ്കിനെ പ്രത്യേകം പരാമർശിച്ചു. ഏതൊരാവശ്യത്തിനും ഇന്ത്യൻ എംബസിയുമായി നേരിട്ടോ ഇന്ത്യൻ സംഘടനകൾ വഴിയോ തൊഴിലാളികൾക്ക് ബന്ധപ്പെടാമെന്നും അംബാസഡർ വ്യക്തമാക്കി. തൊഴിലാളികൾക്കായി വിവിധ ക്ഷേമ പരിപാടികൾ, സംഘടിപ്പിക്കുന്ന ഐ.സി.ബി.എഫ് ഭാരവാഹികളെ അദ്ദേഹം അഭിനന്ദിച്ചു. തൊഴിലാളികൾക്ക് കൂടുതൽ പ്രയോജനകരമാവുന്ന രീതിയിൽ, കഫാല നിയമത്തിലും വേതന സംരക്ഷണ നിയമത്തിലും കൊണ്ടുവന്ന മാറ്റങ്ങൾക്ക് ഖത്തർ സർക്കാറിന് നന്ദിയും അറിയിച്ചു. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറിയും, ഐ.സി.ബി.എഫ് കോർഡിനേറ്റിങ് ഓഫിസറുമായ ഡോ. വൈഭവ് തണ്ടാലെയും പങ്കെടുത്തു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വർക്കി ബോബൻ സ്വാഗതം പറഞ്ഞു. മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ഡയറക്ടർ ഡോ. ഫൈക്ക അബ്ദുള്ള അഷ്കനാനി, വേൾഡ് കപ്പ്, ഏഷ്യൻ കപ്പ്, എക്സ്പോ 2023 തുടങ്ങി ഖത്തറിലെ അന്താരാഷ്ട്ര മേളകളുടെ വിജയത്തിൽ ഇന്ത്യൻ തൊഴിലാളി സമൂഹത്തിന്റെ പങ്കിനെ പ്രത്യേകം എടുത്തു പറഞ്ഞു.ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷൻ പ്രോജക്ട് മേധാവി മാക്സ് ടുണോൻ, പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവ് ഡോ. മോഹൻ തോമസ് എന്നിവർ ആശംസകൾ നേർന്നു.ദോഹ മുനിസിപ്പാലിറ്റി ഡയറക്ടർ മൻസൂർ അർജാൻ അൽ ബുനൈൻ, ആഭ്യന്തര മന്ത്രാലയം മനുഷ്യാവകാശ വിഭാഗത്തിലെ മേജർ മുഹമ്മദ് ഖലീഫ അൽ കുവാരി, ഡ്രഗ്സ് എൻഫോഴ്സ്മെന്റ് വിഭാഗത്തിലെ ലെഫ്റ്റനന്റ് അബ്ദുള്ള സാലിഹ് അൽ ഷമ്മാരി, കമ്മ്യൂണിറ്റി പൊലീസിങ് വിഭാഗത്തിലെ വാറന്റ് ഓഫീസർ ഹമദ് മുഹന്ന അൽ മുഹന്നദി, തൊഴിൽ മന്ത്രാലയ പ്രതിനിധി സലിം ഡാർവിഷ് അൽ മുഹന്നദി, എം.ഒ.പി.എച്ച് ഒക്യുപേഷനൽ ഹെൽത്ത് വിഭാഗം മേധാവി ഡോ. മുഹമ്മദ് അൽ ഹജ്ജാജ്, ഐ.സി.ബി.എഫ് ഉപദേശക സമിതി ചെയർമാൻ എസ്.എ.എം ബഷീർ, ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ പി.എൻ. ബാബുരാജൻ, ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി അബ്ദുൽ റഹ്മാൻ, ഐ.പി.ബി.സി പ്രസിഡന്റ് ജാഫർ സാദിക്ക് തുടങ്ങിയവർ സന്നിഹിതരായി.ചടങ്ങിൽ ഐ.സി.ബി.എഫ് പ്രവർത്തനങ്ങൾക്കുള്ള ആദരവായി മുനിസിപ്പാലിറ്റി മന്ത്രാലയം പ്രത്യേക മെമന്റോ സമ്മാനിച്ചു. വൈസ് പ്രസിഡൻറ് ദീപക് ഷെട്ടി ചടങ്ങിന് നന്ദി പറഞ്ഞു. ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റി അംഗങ്ങളായ സെറീന അഹദ്, ശങ്കർ ഗൗഡ്, സമീർ അഹമ്മദ്, നീലാംബരി സുശാന്ത്, അബ്ദുൽ റഊഫ്, കുൽവീന്ദർ സിങ്, ഉപദേശക സമിതി അംഗങ്ങളായ ജോൺസൺ ആന്റണി, ടി. രാമസെൽവം, അരുൺ കുമാർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.വിവിധ അപെക്സ് ബോഡി ഭാരവാഹികളും സംഘടന പ്രതിനിധികളും കമ്യൂണിറ്റി നേതാക്കളും പങ്കെടുത്തു.വിവിധ സംഘടനകളുടെ നേതൃത്വത്തിൽ അഞ്ചു മണിക്കൂറോളം നീണ്ടുനിന്ന വിവിധ കലാപരിപാടികൾ, തിങ്ങിനിറഞ്ഞ കാണികൾക്ക് മികച്ച ദൃശ്യവിരുന്നൊരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

