വനിതാ ദിനം: സുരക്ഷിതമാണ് ഈ നാട്
text_fieldsകണ്ണൂർ പയ്യന്നൂരിലെ ഒരു നാട്ടിൻപുറത്തുനിന്നുമെത്തി, ദോഹ പോലൊരു മെട്രോനഗരത്തിന്റെ തിരക്കിൽ രാവും പകലുമില്ലാതെ പല കാര്യങ്ങൾക്കായി ഓടിനടക്കുമ്പോൾ ലഭിക്കുന്ന സുരക്ഷിതത്വംതന്നെയാണ് ഈ വനിതദിനത്തിൽ ഖത്തറെന്ന കൊച്ചുരാജ്യം സ്ത്രീകൾക്ക് നൽകുന്ന ആദരവിന്റെയും പരിഗണനയുടെയും അടയാളമെന്ന് സാക്ഷ്യപ്പെടുത്തുകയാണ് എച്ച്.ആർ സ്പെഷലിസ്റ്റായി ജോലിചെയ്യുന്ന തുളസി സുജിത്ത്.
ജോലിയും പൊതുപ്രവർത്തനവുമായി 13 വർഷമായി ഖത്തറിലുണ്ട്. നിലവിൽ യൂടോങ് ഗ്രൂപ്പിന്റെ എച്ച്.ആർ സ്പെഷലിസ്റ്റായി ജോലിചെയ്യുന്നു. അതോടൊപ്പം 3500ഓളം അംഗങ്ങളുള്ള ഗ്രൂപ്പിന്റെ സംഘാടനവും പ്രവർത്തനങ്ങളുമായും സജീവമായുണ്ട്. ജോലിസംബന്ധമായോ അല്ലെങ്കിൽ, സംഘടനാ പ്രവർത്തനങ്ങൾക്കുവേണ്ടിയോ രാത്രിയും പകലുമായി പുറത്തിറങ്ങി സഞ്ചരിക്കുമ്പോഴും ഓഫിസുകളിൽ കയറിയിറങ്ങുമ്പോഴും ഒരു സ്ത്രീ എന്നനിലയിൽ ഈ രാജ്യം നൽകുന്ന ആദരവും പരിഗണനയും അനുഭവിച്ചറിഞ്ഞിട്ടുണ്ട്.സ്ത്രീകൾക്ക് സുരക്ഷിതത്വബോധം നൽകുന്ന കർശനമായ നിയമ സംവിധാനവും സ്ത്രീകൾ ബഹുമാനിക്കപ്പെടണം എന്ന സംസ്കാരവുമാണ് ഖത്തർ കൂടുതൽ സുരക്ഷിതമായി അനുഭവപ്പെടാൻ കാണമെന്ന് ഞാൻ മനസ്സിലാക്കുന്നു. ലോകത്തിന്റെ ഏത് കോണിൽനിന്ന് എത്തപ്പെടുന്നവർക്കുമുണ്ട് ഇവിടെ സുരക്ഷിതചിന്ത. വനിതകൾക്ക് പ്രഥമ പരിഗണന നൽകുംവിധം സ്ത്രീസൗഹൃദമായാണ് ഖത്തറിലെ നിയമ സംവിധാനങ്ങളെ അനുഭവപ്പെടുന്നത്. രാത്രികാലങ്ങളിലെ ഒത്തുചേരലുകൾക്കിടയിൽ സ്വന്തമായി ഡ്രൈവ് ചെയ്ത് ദോഹയിലെ ഏതെങ്കിലുമൊരു സ്ട്രീറ്റിലെത്തി സൊറപറഞ്ഞിരുന്ന് ചായ കുടിക്കുമ്പോൾ ലഭിക്കുന്ന സ്വാതന്ത്ര്യവും സമാധാനവും നമ്മുടെ നാട്ടിൽ ഏത് കാലത്ത് അനുഭവിക്കാൻ കഴിയും?. സദാചാര പൊലീസിങ്ങിന്റെയോ ഒളിഞ്ഞുനോട്ടത്തിന്റെയോ ദുരനുഭവങ്ങൾ ഇവിടെയില്ല. തൊഴിലിടങ്ങളിലും നിയമവ്യവസ്ഥയിലുമെല്ലാമുണ്ട് ഈ കരുതൽ.
നമ്മുടെ നാട്ടിൽ സമൂഹമാധ്യമങ്ങളിൽ സ്ത്രീശാക്തീകരണം, സ്ത്രീസ്വാതന്ത്ര്യം, സ്ത്രീസുരക്ഷ എന്നിവയെ കുറിച്ചുള്ള പ്രസംഗങ്ങൾ കേൾക്കുമ്പോൾ അവിടത്തെ ദൈനംദിന ജീവിതത്തിൽ അത് പ്രതീക്ഷിക്കുന്നു. സമൂഹം മാറി, അവരുടെ ചിന്തകൾ മാറിയെന്ന് തോന്നലുണ്ടാവുന്നു. പക്ഷേ, ഇപ്പോഴും നമ്മുടെ രാജ്യത്തുനിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്തതോ ഒരിക്കലും ചിന്തിക്കാത്തതോ ആയ വാർത്തകളാണ് കേൾക്കുന്നത്.
ഭരണമേഖലയിലും വിവിധ സർക്കാർ വകുപ്പുകളിലുമെല്ലാം ഖത്തറിൽ സ്ത്രീകൾ വഹിക്കുന്ന നേതൃപരമായ പങ്ക് ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളും മാതൃകയാക്കേണ്ടതാണ്. ഈ വനിതദിനത്തിലെ ചിന്തകൾ അതാവട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.