വനിതാ ദിനം: കംഫർട്ടാണ് ഖത്തർ
text_fieldsഎന്തുകൊണ്ടാണ് ഖത്തർ പ്രവാസത്തെ ഇഷ്ടപ്പെടുന്നത് എന്ന് ചോദിച്ചാൽ, ഒരു സ്ത്രീ എന്നനിലയിൽ ഈ രാജ്യം തരുന്ന സുരക്ഷിതത്വം എന്നാണ് ഉത്തരം. ഒരു സ്ത്രീയെ സംബന്ധിച്ച്, ആശങ്കകളും ആകുലതകളും ഇല്ലാതെ, ആത്മവിശ്വാസത്തോടെ ജീവിക്കുക എന്നതാണ് ഏറ്റവും വലിയ കംഫർട്ട്. കഴിഞ്ഞ 11 വർഷത്തെ ഖത്തർ പ്രവാസത്തിൽ ഈ രാജ്യം എനിക്ക് നൽകിയതും ആത്മവിശ്വാസത്തോടെ ജീവിക്കാനും, സമൂഹത്തിൽ ഇടപെടാനും ഉള്ള കഴിവാണ്.
മറ്റൊരു മിഡിൽ ഈസ്റ്റ് രാജ്യത്തെ പ്രവാസ ജീവിതത്തിനു ശേഷമാണ് ഖത്തറിൽ എത്തുന്നത്. അതുകൊണ്ടുതന്നെ ഈ രാജ്യം നൽകുന്ന സുരക്ഷിതത്വവും സമാധാനവും നല്ല രീതിയിൽ മനസ്സിലാക്കാൻ പറ്റുന്നുണ്ട്. ആരോഗ്യ മേഖലയിലാണ് ജോലിയെന്നതിനാൽ പല ഷിഫ്റ്റ്കളിലും പ്രവർത്തിക്കേണ്ട സാഹചര്യം വരും. രാത്രി 12നു ജോലി കഴിഞ്ഞ് ഇറങ്ങി ഒറ്റക്ക് ടാക്സി വിളിച്ച് വരാൻ ഒരു പ്രയാസവും ഈ രാജ്യത്ത് തോന്നിയിട്ടില്ല. ഒരു തുറിച്ച് നോട്ടമോ, ആവശ്യമില്ലാത്ത ഒരു വാക്കോ ഒരാളുടെ അടുത്തുനിന്നും ഉണ്ടാവില്ല. അത് ഈ രാജ്യം അതിന്റെ അന്തസ്സ് ഇവിടെ ജീവിക്കുന്നവർക്കു കൂടി പകർന്നു കൊടുക്കുന്നതുകൊണ്ടാണ്. അനീതികൾക്കെതിരെ കൃത്യമായ നിയമങ്ങളും ശിക്ഷാ നടപടികളും ഉള്ള, എല്ലാവർക്കും ഒരേ പോലെ സുരക്ഷിതത്വം ഉറപ്പാക്കുന്നെന്നതാണ് പ്രത്യേകത.
ഉപരോധംകൊണ്ട് അയൽ രാജ്യങ്ങൾ ഖത്തറിനേ തളർത്താൻ നോക്കിയ സമയത്താണ് ഭർത്താവിന് ജോലി നഷ്ടപ്പെടുന്നത്. എന്തു ചെയ്യണം എന്നറിയാതെ നിൽക്കുന്ന അവസ്ഥ. അപ്പോഴാണ് മറ്റൊരു രാജ്യത്ത് നല്ലൊരു ഓഫർ ലഭിക്കുന്നത്. എന്നാൽ, മുന്നും പിന്നും നോക്കാതെ ഒഴിവാക്കി, കാത്തിരിക്കാമെന്ന് തീരുമാനിച്ചു. ഇതു പറയിപ്പിച്ചത് ഈ രാജ്യത്തോടുള്ള വല്യഇഷ്ടമായിരുന്നു.
സുരക്ഷിതമായി, സമാധാനത്തോടെ ജീവിക്കാൻ, സ്വന്തം നാടുപോലെ എന്ന് തോന്നിപ്പിക്കുന്ന ഒരു വികാരം ഉണ്ടാക്കാൻ ഈ രാജ്യത്തിന് കഴിഞ്ഞതുകൊണ്ടു മാത്രം ആണ്. വ്യക്തി ജീവിതത്തിലും, സാമൂഹിക ജീവിതത്തിലും വലിയൊരു മാറ്റം ഖത്തർകൊണ്ട് വന്നിട്ടുണ്ട്. സ്ത്രീകൾക്ക് അന്തസ്സോടെ, അഭിമാനത്തോടെ ജീവിക്കാൻ എല്ലാ സൗകര്യങ്ങളും ഒരുക്കി തരുന്ന ഈ നാട്ടിൽനിന്നും ഒരുപാട് വനിതകൾ ലോകത്തിന്റെ നെറുകയിൽ എത്തും. തീർച്ചയാണ്.